Saturday, October 8, 2016

ബന്ധു നിയമനം: ഇ.പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പേജിലും രോഷപ്രകടനം

തിരുവനന്തപുരം: ഭാര്യാസഹോദരിയുടെ മകനെ സ്വന്തം വകുപ്പിന് കീഴിലുളള പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയാക്കി നിയമിച്ച സംഭവത്തില്‍ വ്യവസായമന്ത്രി ഇ.പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പേജിലും രോഷപ്രകടനം. ഫെയ്‌സ്ബുക്കിലെ പോസ്റ്റുകളില്‍ അഭിപ്രായം അറിയിക്കാനുളള കമന്റ് ബോക്‌സിലാണ് മന്ത്രിയുടെ വഴിവിട്ട നിയമനത്തോടുളള രോഷം പാര്‍ട്ടി അനുഭാവികളടക്കം പങ്കുവെക്കുന്നത്. ജയരാജന്റെ പ്രവര്‍ത്തിയില്‍ ശക്തമായ വിയോജിപ്പാണ് പല കമന്റുകളിലും പ്രകടിപ്പിക്കുന്നത്.
ജയരാജനെയും ഭാര്യാസഹോദരിയും എംപിയുമായ പി.കെ ശ്രീമതിയെയും പരിഹസിക്കുന്ന കമന്റുകളും കുറവല്ല. കേരള സര്‍ക്കാരിന്റെ വിവിധ ബോര്‍ഡുകളില്‍ ഇ.പി ജയരാജന്റെ ബന്ധുക്കളെ ആവശ്യമുണ്ടെന്നാണ് ഒരാള്‍ പറയുമ്പോള്‍ ചിറ്റപ്പന്‍ നയം വെറും ചെറ്റപ്പന്‍ നയം ആണെന്ന് പാര്‍ട്ടി കോടതി കണ്ടെത്തിയതിനാല്‍ ചിറ്റപ്പന്റെ മോഹം ആവിയായി എന്നാണ് മറ്റൊരു കമന്റ്. സഖാവ് ഇപ്പോള്‍ ബഡായി ബംഗ്‌ളാവിന്റെ ഫളോറിലാണോ എന്നാണ് മറ്റൊരാളുടെ ചോദ്യം.
കേരളത്തിലെ എല്ലാവരും മാതൃകയാക്കേണ്ട അമ്മായിയമ്മ എന്നാണ് പികെ ശ്രീമതിയെ കമന്റുകളില്‍ പരിഹസിക്കുന്നത്. കഴിഞ്ഞ തവണ മന്ത്രിയായിരിക്കെ മരുമകള്‍ക്ക് പഴ്‌സണല്‍ സ്റ്റാഫില്‍ നിയമനം നല്‍കിയ കാര്യം സൂചിപ്പിച്ചുകൊണ്ടാണ് ഈ കമന്റ്. എന്ത് ചോദിച്ചാലും അറിയില്ല എന്ന് മറുപടി നല്‍കുന്ന മുഖ്യമന്ത്രി നവരാത്രി വ്രതത്തിലാണോ എന്ന് ചോദിക്കുന്നവരും കുറവല്ല. 5 വര്‍ഷം കഴിയുമ്പോള്‍ കേരളം കുഞ്ഞമ്മയുടെ മകള്‍ക്ക് എഴുതിക്കൊടുത്തുവെന്ന് പറയല്ലേയെന്ന് ഉപദേശിക്കുന്നു ചിലര്‍.
കമന്റ് ബോക്‌സിലെത്തി രോഷം തീര്‍ക്കുന്ന സിപിഎം അനുഭാവികളും കുറവല്ല. പോ്‌സറ്റര്‍ ഒട്ടിക്കാനും മുദ്രാവാക്യം വിളിക്കാനും തല്ല് കൊള്ളാനും മാത്രമല്ല തെറ്റിനെ തെറ്റെന്ന് വിളിച്ചുപറയാന്‍ ചങ്കുറപ്പുളളവരാണ് സിപിഎം പ്രവര്‍ത്തകരെന്നും ഇവര്‍ ജയരാജനെ ഓര്‍മ്മിപ്പിക്കുന്നു.
പഴയതുപോലെ കമ്മറ്റി ചേരാനൊന്നും നില്‍ക്കില്ലെന്നും പാര്‍ട്ടിയുടെ പേരും പദവിയും ഉപയോഗിച്ച് ബന്ധുക്കള്‍ക്കും കുടുംബക്കാര്‍ക്കും സഹായം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചാല്‍ പ്രവര്‍ത്തകരോട് മറുപടി പറയേണ്ടി വരുമെന്നുമാണ് മറ്റൊരു കമന്റ്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ മാത്രമുളള ഒരു കാരണമായി തീരുകയാണ് താങ്കളെന്നും ചിലര്‍ പരിഹസിക്കുന്നു.
ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയെ കേരളത്തിന്റെ സ്വന്തം കായിക പ്രതിഭയാക്കിയപ്പോഴാണ് ഇതിന് മുമ്പ് ജയരാജനെ സോഷ്യല്‍ മീഡിയ പരിഹസിച്ചത്. അബദ്ധങ്ങളും ആശ്രിത നിയമനങ്ങളും തുടരുമ്പോള്‍ വീണ്ടും സാമൂഹ്യ മാധ്യമങ്ങള്‍ ഇപിയെ പിടികൂടുകയാണ്.
പി.കെ ശ്രീമതിയുടെ മകന്‍ പി.കെ സുധീറിനെ വ്യവസായ വകുപ്പിന് കീഴിലുളള പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇയുടെ എംഡിയായി നിയമിച്ചതാണ് വിവാദമായത്. പ്രതിഷേധം ശക്തമായതോടെ നിയമനം കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.

ആശ്രിത നിയമനം: ഇ.പി ജയരാജനെ പിണറായി വിളിച്ചുവരുത്തി ശാസിച്ചു
കോഴിക്കോട്: ആശ്രിതനിയമനത്തിലൂടെ വിവാദത്തിലായ വ്യവസായ മന്ത്രി ഇ. പി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുവരുത്തി ശാസിച്ചു. രണ്ട് ബന്ധുക്കള്‍ക്ക് വ്യവസായ വകുപ്പില്‍ ഉന്നത പദവി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് മുഖ്യമന്ത്രിയുടെ ശകാരം.
ഇന്നലെ രാത്രി കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയുടെ മുറിയിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ശാസിച്ചത്. എന്നാല്‍ നിയമനങ്ങള്‍ വിവാദമായതോടെ ഇതില്‍ നിന്ന് തലയൂരാനും ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കണ്ണില്‍ പൊടിയിടാനുമുള്ള നാടകമാണിതെന്നും ആക്ഷേപമുണ്ട്.
ഈ സമയം ഗസ്റ്റ് ഹൗസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, പി.കെ ശ്രീമതി എം.പി തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നെങ്കിലും അവരെ ഒഴിവാക്കിയായിരുന്നു മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച. അരമണിക്കൂര്‍ ഇരുവരും വിഷയം സംസാരിച്ചതായാണ് സിപിഎം വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
പി.കെ സുധീറിന്റെ നിയമനം സര്‍ക്കാരിനും പാര്‍ട്ടിക്കും നാണക്കേടായിരുന്നു. ഇതില്‍ നിന്ന് മുഖം രക്ഷിക്കാനുളള നാടകമാണ് ശാസനയെന്നും ആക്ഷേപം ഉണ്ട്. നിയമനത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിന് പിന്നാലെ മണിക്കൂറുകള്‍ക്കകം സുധീറിന്റെ നിയമനം റദ്ദാക്കുകയും ചെയ്തിരുന്നു.
News Credits,Janamtv.com

No comments:

Post a Comment