Saturday, October 8, 2016

സാക്കിര്‍ നായിക്കിന്റെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ കേസെടുത്തു

കൊച്ചി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഉടമസ്ഥതയിലുള്ള പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ പോലീസ് കേസെടുത്തു. മതേതരസ്വഭാവമില്ലാത്ത സിലബസാണ് പഠിപ്പിക്കുന്നതെന്നും സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നുമുളള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.
പീസ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശൃംഖലയിലെ 12 സ്‌കൂളുകള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇതിന്റെ ഡയറക്ടര്‍മാരായ മൂന്നു വ്യവസായികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സമുദായസ്പര്‍ധ വളര്‍ത്തുന്ന പാഠഭാഗം സിലബസിലുണ്ടെന്ന് എറണാകുളം വിദ്യാഭ്യാസ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ജാമ്യമില്ലാക്കുറ്റം ചുമത്തി പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നെന്ന് സംശയിക്കുന്ന മലയാളി മെറിന്‍ ജേക്കബ്, ഭര്‍ത്താവ് ബെസ്റ്റിന്‍ എന്നിവര്‍ കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപകരായിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രവര്‍ത്തിക്കന്‍ കേരളം വിട്ടവരിലേറെയും പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് 12 സ്‌കൂളുകളുടെ പ്രവര്‍ത്തനം ഏറെക്കാലമായി കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നിരീക്ഷിച്ചു വരുകയായിരുന്നു.
News Credits Janmabhumidaily

No comments:

Post a Comment