ധാക്ക : പാകിസ്ഥാനെ പരിഹസിച്ച് ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന . 1971 ബംഗ്ളാദേശ് വിമോചന യുദ്ധത്തിൽ തങ്ങളോട് തോറ്റ രാജ്യമാണ് പാകിസ്ഥാൻ . തോറ്റവർക്ക് പലതും പറയാനുണ്ടാകും . പക്ഷേ ബംഗ്ളാദേശിലെ ജനങ്ങൾക്ക് തീരെ നിസാരമായ കാര്യങ്ങൾ മാത്രമാണെന്നും ഹസീന പറഞ്ഞു.
1971 ലെ യുദ്ധക്കുറ്റവാളികളായ ജമാ അത്തെ ഇസ്ളാമി നേതാക്കൾക്ക് വധശിക്ഷ നൽകിയതിനെതിരെ പാകിസ്ഥാൻ നടത്തിയ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു ഹസീന. പാകിസ്ഥാനിൽ നടത്താൻ തീരുമാനിച്ച പത്തൊൻപതാം സാർക്ക് സമ്മേളനത്തിൽ നിന്ന് വിട്ടു നിൽക്കാനും ബംഗ്ളാദേശ് തീരുമാനിച്ചിരുന്നു. നയതന്ത്രപരമായി തന്നെ പാക് ഭീഷണിയെ നേരിടുമെന്നും അവർ വ്യക്തമാക്കി.
1971 ലെ യുദ്ധക്കുറ്റവാളികൾക്ക് ആരാണ് ചെല്ലും ചെലവും കൊടുത്ത് വളർത്തിയതെന്ന് ബംഗ്ളാദേശ് ജനത തിരിച്ചറിയണമെന്ന് ഹസീന പറഞ്ഞു. സിയ ഉർ റഹ്മാൻ അവരെ പുനരധിവസിപ്പിച്ചപ്പോൾ ഖാലിദ സിയ അവർക്ക് മന്ത്രിസഭയിൽ അംഗത്വം നൽകിയെന്നും ഹസീന ചൂണ്ടിക്കാട്ടി. ഇത്തരം പ്രവണതകളെ ബംഗ്ളാദേശിലെ ജനങ്ങൾ രാഷ്ട്രീയമായി നേരിടുമെന്നും അവർ പറഞ്ഞു.
ബംഗ്ളാദേശ് വിമോചന യുദ്ധക്കാലത്തെ കൊടും കുറ്റവാളികളെ തൂക്കിലേറ്റുന്നതിനെതിരെ പാകിസ്ഥാൻ ശബ്ദമുയർത്തിയതിനെ തുടർന്ന് പാകിസ്ഥാൻ – ബംഗ്ളാദേശ് ബന്ധം കൂടുതൽ വഷളായിരുന്നു. എതിർ ശബ്ദത്തെ അടിച്ചൊതുക്കുന്ന നിലപാടാണ് ബംഗ്ളാദേശ് സർക്കാർ കൈക്കൊള്ളുന്നതെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു .
News credits,Janamtv.com
No comments:
Post a Comment