കൊൽക്കത്ത : ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലായിരുന്നെങ്കിൽ സ്ഥിതി ഇതിലും ദയനീയമായിരുന്നേനെയെന്ന് സിപിഎം ബംഗാൾ ഘടകം. ബംഗാൾ തെരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്യാൻ കൂടിയ സിപിഎം സസ്ഥാന സമിതിയിലാണ് ഈ അഭിപ്രായം ഉയർന്നത്. കോൺഗ്രസുമായുള്ള സഖ്യം തുടരാനും തീരുമാനമെടുത്തതായാണ് റിപ്പോർട്ട്.
ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും എം എ ബേബിയുമടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലാണ് കോൺഗ്രസ് സഖ്യത്തിന് അനുകൂലമായി തീരുമാനമുണ്ടായത് .
പതിമൂന്നോളം സംസ്ഥാന സമിതി അംഗങ്ങൾ സഖ്യത്തിന് എതിരായി നിലപാടെടുത്തു . എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര ഉൾപ്പെടെ അൻപതിലധികം പേർ കോൺഗ്രസ് സഖ്യത്തെ പിന്തുണച്ചു.
അതിനിടെ സിപിഎമ്മുമായി ബംഗാളിൽ ഉണ്ടാക്കിയ സഖ്യം തുടരുമെന്ന് കോൺഗ്രസ് ബംഗാൾ ഘടകം അദ്ധ്യക്ഷൻ ആധിർ ചൗധരി വ്യക്തമാക്കി. സഖ്യം തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമുള്ളതല്ലെന്ന് കോൺഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് തൂത്തുവാരിയ നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി എമ്മിന് 26 സീറ്റുകളാണ് ലഭിച്ചത് . കോൺഗ്രസ് 44 സീറ്റുകൾ നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 40 സീറ്റുകളുണ്ടായിരുന്ന സിപിഎമ്മിന് ഇപ്രാവശ്യം 14 സീറ്റുകളാണ് നഷ്ടമായത് . കോൺഗ്രസ് സഖ്യമില്ലായിരുന്നെങ്കിൽ ഇതിലും ദയനീയമായിരുന്നേനെ എന്ന വിശകലനം പാർട്ടി ബംഗാളിൽ നേരിടുന്ന പ്രതിസന്ധി വരച്ചു കാട്ടുന്നതാണ് .
News Credits Janamtv News
No comments:
Post a Comment