Thursday, June 2, 2016
അടിച്ചമർത്തപ്പെട്ടവന്റെ ശബ്ദമാകും : ഒ രാജഗോപാൽ
തിരുവനന്തപുരം: ബിജെപിയുടെ ആദ്യ എംഎൽഎ ആയി നിയമസഭയിലെത്തുന്നത് അയ്യങ്കാളിയുടെ ശ്രീമൂലം പ്രജാസഭാ പ്രവേശത്തെ ഓർമ്മപ്പെടുത്തുന്നുവെന്ന് ഓ രാജഗോപാൽ എംഎൽഎ. സത്യപ്രതിജ്ഞക്ക് മുന്‍പ് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി പ്രവർത്തകർ ഒരുക്കിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേ ശരീരത്തിന്റെ ഇടതും വലതും നിന്നുള്ള ശബ്ദമാണ് ഇതുവരെ കേരളാ നിയമസഭയിൽ കേട്ടുകൊണ്ടിരുന്നത്. എന്നാൽ ഇനി മുതൽ സത്യത്തിന്റേയും ധർമ്മത്തിന്റെയും ശബ്ദം നിയമസഭയിൽ മുഴങ്ങും.
നിയമസഭയിൽ അടിച്ചമർത്തപ്പെട്ടവന്റെ ശബ്ദമാകാനാണ് ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനങ്ങളെ അന്ധമായി എതിർക്കുന്ന എംഎൽഎ ആയിരിക്കില്ല. ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിക്കാൻ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ കവടിയാറിലെ വിവേകാനന്ദ പ്രതിമ, വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമ എന്നിവിടങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷം തുറന്ന ജീപ്പിൽ മണ്ഡലപര്യടനവും കഴിഞ്ഞാണ് ഓ രാജഗോപാൽ പാളയത്തെ രക്തസാക്ഷി മണ്ഡപത്തിലെത്തിയത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി എംപി, ബിഡിജെഎസ് നേതാവ് നീലകണ്ഠൻ മാസ്റ്റർ, ജെഎസ്എസ്സ് ജനറൽ സെക്രട്ടറി രാജൻബാബു, ബിജെപി നേതാക്കളായ പികെ കൃഷ്ണദാസ്, വി മുരളീധരൻ, എംടി രമേശ്, എഎൻ രാധാകൃഷ്ണൻ, ശോഭാസുരേന്ദ്രൻ, വിവി രാജേഷ്, സി ശിവൻകുട്ടി, അഡ്വ ജെആർ പത്മകുമാർ, ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. നൂറുകണക്കിന് പ്രവർത്തകർ പ്രകടനമായി സ്വാതന്ത്ര്യസമര സ്മാരകം വരെ രാജഗോപാലിനെ അനുഗമിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment