ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയുടെ തിരിച്ചുവരവ്. ഇടത് വിദ്യാര്‍ഥി സംഘടനകളുടെ കോട്ടയായിരുന്ന ജെഎന്‍യുവില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തിനൊപ്പം എട്ട് കൗണ്‍സിലര്‍ സീറ്റുകളും എബിവിപി സ്വന്തമാക്കി.
സൗരഭ് ശര്‍മയാണ് ജോയിന്റ് സെക്രട്ടറിയായി വിജയിച്ചത്. 14 വര്‍ഷത്തിനുളളില്‍ ആദ്യമായിട്ടാണ് സര്‍വ്വകലാശാല യൂണിയന്റെ നിര്‍ണായക സ്ഥാനങ്ങളിലേക്ക് എബിവിപി സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. തീവ്ര ഇടത് വിദ്യാര്‍ഥി സംഘടനയായ ഐസയ്ക്ക് കനത്ത തിരിച്ചടിയാണ് ഇക്കുറിയും നേരിടേണ്ടി വന്നത്.
എഐഎസ്എഫ് സ്ഥാനാര്‍ഥി കനയ്യ കുമാറാണ് യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഐസയുടെ വിജയ് കുമാറിനെ 67 വോട്ടുകള്‍ക്കാണ് കനയ്യ കുമാര്‍ പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റായി ഐസയുടെ ഷെഹ് ല റഷീദ് ഷോറയും ജനറല്‍ സെക്രട്ടറിയായി രമ നാഗയും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ ഡല്‍ഹി സര്‍വ്വകലാശാലയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും എബിവിപി തകര്‍പ്പന്‍ ജയം നേടിയിരുന്നു.
വെള്ളിയാഴ്ചയാണ് ജെഎന്‍യുവില്‍ തെരഞ്ഞെടുപ്പ് നടന്നത്. 22 പേരായിരുന്നു പ്രധാന പാനലില്‍ മത്സരത്തിന് ഉണ്ടായിരുന്നത്. കൗണ്‍സിലര്‍ പദവിയിലേക്ക് 83 പേരും മത്സരിച്ചു. 31 കൗണ്‍സിലര്‍മാരെയാണ് തെരഞ്ഞെടുത്തത്
News Credits Janamtv
No comments:
Post a Comment