കൊച്ചി: സോളാര്‍ തട്ടിപ്പു കേസ് പ്രതി സരിത എസ്. നായര്‍ കോടതിയില്‍ നല്‍കിയ മൊഴി രേഖപ്പെടുത്താതിരുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍.വി. രാജുവിന്റെ നടപടി ഗുരുതരവീഴ്‌ചയാണെന്നു ഹൈക്കോടതി വിജിലന്‍സ് രജിസ്‌ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട്.
എന്തെങ്കിലും സമ്മര്‍ദത്തിനോ പ്രലോഭനത്തിനോ മജിസ്‌ട്രേറ്റ് വഴങ്ങിയതായോ മൊഴി അട്ടിമറിക്കാന്‍ കൂട്ടുനിന്നതായോ തെളിവുള്ളതായി റിപ്പോര്‍ട്ടിലില്ല. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ എ.സി.ജെ.എം: എന്‍.വി. രാജുവിനോടു ഹൈക്കോടതി വിശദീകരണം തേടി. സോളാര്‍ തട്ടിപ്പിന്റെ പിന്നാമ്പുറങ്ങളും ഉന്നതബന്ധങ്ങളും സംബന്ധിച്ചു മജിസ്‌ട്രേറ്റ് മുമ്പാകെ സരിത നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നെന്ന സൂചന അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
ലൈംഗികചൂഷണം നടെന്നന്നു സരിത തന്നോടു വെളിപ്പെടുത്തിയതായി അന്വേഷണകമ്മിഷന്‍ മുമ്പാകെ മജിസ്‌ട്രേറ്റ് നല്‍കിയ മൊഴിയില്‍ പറയുന്നു. "നിങ്ങളെ ആരെങ്കിലും ബലാല്‍സംഗം ചെയ്‌തിട്ടുണ്ടോ?" എന്ന് താന്‍ ചോദിച്ചതായും "ഉണ്ട്" എന്നു സരിത മറുപടിനല്‍കിയതായും മജിസ്‌ട്രേറ്റ് സമ്മതിക്കുന്നു. വേണ്ടത്ര വിശ്വാസം തോന്നാതിരുന്നതിനാലാണു മൊഴി രേഖപ്പെടുത്താതിരുന്നതെന്നും പിന്നീട് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വിശദീകരിക്കുന്നു. മജിസ്‌ട്രേറ്റിന്റെ ഭാഗത്തു ഗുരുതരമായ നാലു പാളിച്ചകള്‍ ഉണ്ടായതായും വിജിലന്‍സ് രജിസ്‌ട്രാറുടെ റിപ്പോര്‍ട്ടിലുണ്ട്. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണനെ ഒഴിവാക്കി
ജയില്‍ സൂപ്രണ്ട് വശം മൊഴി എഴുതി നല്‍കാന്‍ ഉത്തരവിട്ടതും മാധ്യമങ്ങള്‍ക്കെതിരേ നടത്തിയ വിമര്‍ശനങ്ങളും മജിസ്‌ട്രേറ്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയാണെന്നാണ് അന്വേഷണകമ്മിഷന്റെ കണ്ടെത്തല്‍.സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിന്റെ നടപടി വന്‍ വിവാദമായിരുന്നു. സരിത തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരസ്യനിലപാട്. മാധ്യമങ്ങളില്‍ വന്നത് ഒരുകെട്ടു നുണകളാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ലൈംഗികമായി തന്നെ ദുരുപയോഗിച്ചു എന്നുള്‍പ്പെടെ സരിത തനിക്കു മൊഴിനല്‍കിയെന്ന് ഹൈക്കോടതി അന്വേഷണകമ്മിഷനോടു മജിസ്‌ട്രേറ്റ് രാജു സമ്മതിച്ചതോടെ കേസിലെ അട്ടിമറി ആരോപണം സംബന്ധിച്ചു ദുരൂഹതകളേറി. മജിസ്‌ട്രേറ്റിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നു പരാതിക്കാരായ ബി.ജെ.പി. നേതാവ് കെ. സുരേന്ദനും അഡ്വ. ജയശങ്കറും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനു ഹൈക്കോടതി അന്വേഷണകമ്മിഷന്‍ തയാറാകാതിരുന്നത് ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. മജിസ്‌ട്രേറ്റിന്റെ വിശദീകരണത്തിന്റെ അടിസ്‌ഥാനത്തില്‍ ചീഫ് ജസ്‌റ്റീസാണ് ഇനി തുടര്‍നടപടികള്‍ തീരുമാനിക്കേണ്ടത്.
news@Mangalam Daily,Nov 13 2013
No comments:
Post a Comment