കൊച്ചി: കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുനേരേ വന്നതു കല്ലുമഴയല്ലെന്നും അഞ്ചു കല്ലുകള്‍മാത്രമാണെന്നും പ്രോസിക്യൂഷന്റെ തിരുത്ത്. കാറിനുള്ളില്‍നിന്നു കണ്ടെടുക്കാനായത് ഒരു കല്ല് മാത്രമാണെന്നും പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറല്‍ (ഡി.ജി.പി) ടി. ആസഫ് അലി ഹൈക്കോടതിയുടെ തുടരെയുള്ള ചോദ്യങ്ങള്‍ക്കൊടുവില്‍ മറുപടി നല്‍കി. മുഖ്യമന്ത്രിക്കുനേരേയുണ്ടായതു കല്ലുമഴയാണെന്നു കഴിഞ്ഞ ദിവസം ഡി.ജി.പി. കോടതിയില്‍ പറഞ്ഞിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കുഞ്ഞുമുഹമ്മദ് കല്ലെറിഞ്ഞില്ലെന്നും കല്ലെറിയാന്‍ ശ്രമിക്കുക മാത്രമാണു ചെയ്‌തതെന്നുമുള്ള ഡി.ജി.പിയുടെ വാദം കോടതിയില്‍ ചിരിപടര്‍ത്തി. കുഞ്ഞുമുഹമ്മദിനെതിരേ കേസെടുത്തിട്ടുണ്ടോയെന്നും വീഡിയോ ദൃശ്യങ്ങളുണ്ടോയെന്നും ജസ്‌റ്റിസ് തോമസ് പി. ജോസഫ് ആരാഞ്ഞു. ആരും പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നു ഡി.ജി.പി. മറുപടി നല്‍കി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബോര്‍ഡുകള്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തകര്‍ത്തതിനെത്തുടര്‍ന്നാണു കുഞ്ഞുമുഹമ്മദ് കല്ലെറിയാന്‍ ശ്രമിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
ഡി.ജി.പിയുടെ വാദത്തെ എതിര്‍ത്ത ഹര്‍ജിഭാഗം അഭിഭാഷകന്‍ പി. നാരായണന്‍, കുഞ്ഞുമുഹമ്മദ് കല്ലെറിയുന്നതിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കോടതിക്കു കൈമാറി. സ്വകാര്യവാര്‍ത്താ ചാനല്‍ സംപ്രേക്ഷണം ചെയ്‌ത ദൃശ്യങ്ങളാണെന്നും അദ്ദേഹം അറിയിച്ചു. ചാനലുകള്‍ ചിലപ്പോള്‍ ചില കുസൃതികള്‍ കാട്ടാറുണ്ടെന്നായിരുന്നു അതിനു ഡി.ജി.പിയുടെ വിശദീകരണം.
സമരത്തില്‍ പങ്കെടുത്ത മൂവായിരം പേര്‍ക്കെതിരേയും കേസെടുത്തോയെന്ന കോടതിയുടെ ചോദ്യത്തിന് ആയിരം പേര്‍ക്കെതിരേയാണു കേസെന്നും ഇതില്‍ നൂറുപേരെ തിരിച്ചറിഞ്ഞെന്നും 75 പേരെ അറസ്‌റ്റ് ചെയ്‌തെന്നും ഡി.ജി.പി. മറുപടി പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറിനുനേരേ കമ്പിവടിയെറിഞ്ഞതിനു തെളിവുണ്ടോയെന്നും കമ്പിവടി കൊണ്ടെറിഞ്ഞിട്ടു കാറിനൊന്നും പറ്റിയില്ലേയെന്നും കോടതി ആരാഞ്ഞു. ഡി.ജി.പി. കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു ചോദ്യം.
ഫോട്ടോകള്‍ പരിശോധിച്ച കോടതി കമ്പിവടിയല്ല, ട്രാഫിക് പോലീസ് ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക് കോണാണു കാറിനുനേരേ എറിഞ്ഞതെന്നു വിലയിരുത്തി. കാറിനുനേരേ അഞ്ചു കല്ലുകള്‍ എറിഞ്ഞെന്നും കമ്പിവടി എറിഞ്ഞെങ്കിലും കൊണ്ടില്ലെന്നും ഡി.ജി.പി. വിശദീകരിച്ചു. കല്ലേറില്‍ കാറിനുണ്ടായ കേടുപാടുകളെക്കുറിച്ചു വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടതോടെ അന്വേഷണ ഉദ്യോഗസ്‌ഥനായ ഡിവൈ.എസ്.പി. കോടതിക്കു മഹസര്‍ നല്‍കി. കാറിന്റെ ഗ്ലാസുകള്‍ പൊട്ടുകമാത്രമാണ് ഉണ്ടായതെന്നു കോടതി വിലയിരുത്തി.
മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ഇന്നോവ കാറിന്റെ പിന്‍സീറ്റിലിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്‌ഥന്‍ അത്യാവശ്യഘട്ടത്തിലെങ്ങനെ പുറത്തിറങ്ങുമെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിയും മന്ത്രി കെ.സി. ജോസഫും ഇരുന്ന പിന്‍സീറ്റിനിടയിലൂടെ സെക്യൂരിറ്റി ഉദ്യോഗസ്‌ഥനു പുറത്തുകടക്കാനാവുമെന്നായിരുന്നു മറുപടി. കെ.സി. ജോസഫിന്റെയും സെക്യൂരിറ്റി ഉദ്യോഗസ്‌ഥന്റെയും മൊഴിയെടുത്തെന്നു പറഞ്ഞ ഡി.ജി.പി. മുഖ്യമന്ത്രിയുടെ കാറിനു പുറമേ കെ.സി. ജോസഫിന്റെ കാറിനും രണ്ടു പോലീസ് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുണ്ടായെന്നും അഞ്ചുലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായെന്നും അറിയിച്ചു. രണ്ടു ചില്ലു പൊട്ടിയതിനാണോ അഞ്ചു ലക്ഷം രൂപയുടെ നഷ്‌ടമെന്നും നഷ്‌ടം തിട്ടപ്പെടുത്തിയത് ആരാണെന്നുമായി അതോടെ കോടതിയുടെ അന്വേഷണം. പൊതുമരാമത്തു വകുപ്പിന്റെ കണക്കാണെന്നും രേഖകള്‍ ഇപ്പോള്‍ കൈവശമില്ലെന്നും ഡി.ജി.പി. വിശദീകരിച്ചു.
കുഞ്ഞുമുഹമ്മദിന്റെ മുന്‍കാല ചെയ്‌തികളെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോയെന്നും ഇയാളെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷ സംബന്ധിച്ചു പോലീസ് തയാറാക്കിയ ചാര്‍ട്ട്, കണ്ണൂര്‍ സംഭവത്തിലെ ഇന്റലിജന്‍സ് ചാര്‍ട്ട്, വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥര്‍ക്കെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് തുടങ്ങിയവ കോടതി പരിശോധിച്ചു. കണ്ണൂരില്‍ നടന്ന സംഭവങ്ങളുടെ നിയമവശം പരിശോധിക്കുന്നില്ലെന്നു വ്യക്‌തമാക്കിയ കോടതി നാലു പ്രതികള്‍ക്കു ജാമ്യം അനുവദിച്ചു.
News@Mangalam Daily,November 13, 2013
No comments:
Post a Comment