കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിന് മുന്‍ മന്ത്രി കെ. ബാബുവിനെതിരെ വിജിലന്‍സ് കേസെടുത്തു. ബാബുവിന്റെയും ബന്ധുക്കളുടെയും ബിനാമികളുടെയും വീടുകളും ഓഫീസുകളുമടക്കം പത്തുകേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ കോടികളുടെ അനധികൃത സ്വത്ത് സംബന്ധിച്ച രേഖകളും180 ഗ്രാം സ്വര്‍ണ്ണവും പിടിച്ചെടുത്തു.
റെയ്ഡില്‍ കണക്കില്‍പ്പെടാത്ത എട്ട് ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് ബാങ്ക് ലോക്കറുകളും അഞ്ച് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. 100 കോടിരൂപ ബാബു സമ്പാദിച്ചതായാണ് വിവരം. ബിനാമികളായ ബാബുറാം, മോഹനന്‍, നന്ദകുമാര്‍, തോപ്പില്‍ ഹരി, വിജി എന്നിവര്‍ക്കെതിരെയും കേസെടുത്തു. ബാബുവിന്റെ വീട്ടില്‍ നിന്ന് തമിഴ്‌നാട് തേനി ആണ്ടിപ്പെട്ടി ഗ്രാമത്തില്‍ 120 ഏക്കര്‍ ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ട തമിഴിലുള്ള രേഖകളും മോഹനന്റെ വീട്ടില്‍ നിന്ന് 6.6 ലക്ഷം രൂപയും, തൊടുപുഴയിലെ മകളുടെ വീട്ടില്‍ നിന്ന് ഭൂമി ഇടപാടിന്റെ രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തു. മരവിപ്പിച്ച അഞ്ച് ബാങ്ക് അകൗണ്ടുകള്‍ ബാബുവിന്റെയും ഭാര്യയുടെയും മക്കളുടെയും പേരിലുള്ളതാണ്. മക്കളുടേതാണ് മരവിപ്പിച്ച രണ്ട് ബാങ്ക് ലോക്കറുകള്‍.
മുന്‍ നഗരസഭാ കൗണ്‍സിലറാണ് തോപ്പില്‍ ഹരി; പേഴ്‌സണല്‍ സ്റ്റാഫായിരുന്നു നന്ദകുമാര്‍. കര്‍ത്തേടം കുടുംബാംഗമാണ്, വിജി. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വസതിയിലും മൂത്തമകള്‍ ആതിരയുടെ തൊടുപുഴയിലെയും ഇളയമകള്‍ ഐശ്വര്യയുടെ പാലാരിവട്ടത്തെയും വസതികളിലും ബാബുറാം, മോഹനന്‍ എന്നിവരുടെ കുമ്പളത്തെയും തൃപ്പൂണിത്തുറയിലെയും വസതികളിലും ബാബുറാമിന്റെ ഓഫീസിലും ആതിരയുടെ ഭര്‍തൃപിതാവിന്റെ തൊടുപുഴയിലെ വീടിനടുത്തുള്ള ഫാക്ടറി ഓഫീസിലും ഒരേ സമയമായിരുന്നു റെയ്ഡ്.
വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി വി.എന്‍. ശശിധരന്റെ നേതൃത്വത്തില്‍ രണ്ട് ഡിവൈഎസ്പിമാരും മൂന്ന് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടുന്ന ഏഴ് വിജിലന്‍സ് സംഘങ്ങളാണ് പരിശോധന നടത്തിയത്. എക്‌സൈസ് മന്ത്രിയായിരിക്കെ 2011-2016 കാലയളവില്‍ കേരളത്തിനകത്തും പുറത്തും കോടികളുടെ അനധികൃത സ്വത്ത് ബാബു സമ്പാദിച്ചതായി വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ ബുധനാഴ്ച കേസ് റജിസ്റ്റര്‍ ചെയ്തത്. ബാബു അധികാര ദുര്‍വിനിയോഗത്തിലൂടെ വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചു. റിയല്‍ എസ്‌റ്റേറ്റ് മാഫിയയുമായും വ്യവസായ ഗ്രൂപ്പുകളുമായും ബിനാമികളുമായും ചേര്‍ന്ന് നിയമവിരുദ്ധ ഇടപാടുകള്‍ നടത്തി. വിജിലന്‍സിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു.
പോളക്കുളം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പാലാരിവട്ടത്തെ റിനായ് മെഡിസിറ്റി ആശുപത്രിയില്‍ ബാബുവിന് 60 ശതമാനം പങ്കാളിത്തമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. ബിനാമിയായ തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് സ്വദേശി മോഹനന്റെ റോയല്‍ ബേക്കറി, തൊടുപുഴയിലെ മൂത്തമകളുടെ ഭര്‍തൃപിതാവ് നടത്തുന്ന ഇന്റര്‍ലോക് ബ്രിക്‌സ് യൂണിറ്റ്, കുമ്പളം സ്വദേശി ബാബുറാം, പി.ഡി. ശ്രീകുമാര്‍ എന്നിവരുടെ പേരില്‍ നടക്കുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ എന്നിവയില്‍ ബാബുവിന്റെ പണമുണ്ട്. തൃപ്പൂണിത്തുറ എരൂര്‍ ജംഗ്ഷനില്‍ തോപ്പില്‍ ജോജി എന്നയാള്‍ നടത്തുന്ന ഇംപാക്ട് സ്റ്റീല്‍ കമ്പനിയിലും ബാബുവിന് ഉടമസ്ഥാവകാശമുള്ളതായി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു.
2012ല്‍ മകള്‍ ആതിരയുടെ വിവാഹത്തിന് ബാബു 45 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ ഭാര്യാപിതാവിന്റെ പേരില്‍ വാങ്ങിക്കൊടുത്തു. കെ എല്‍ 38 ഡി 6005 നമ്പര്‍ റജിസ്‌ട്രേഷനുള്ള കാര്‍ ബാര്‍ കോഴ ആരോപണം വന്നതിനെ തുടര്‍ന്ന് ജാസ്മിന്‍ എന്ന സ്ത്രീക്ക് മറിച്ചു വിറ്റു. മകള്‍ ആതിരയുടെ പേരില്‍ ഏഴ് ലക്ഷത്തോളം രൂപയുള്ള നിസാന്‍ മൈക്ര എക്‌സ് പി പ്രീമിയം ബി എസ് 4 കാറും ബാബു വിവാഹത്തോടനുബന്ധിച്ച് വാങ്ങി നല്‍കി. ബാബുവിന്റെ പേരില്‍ ഒമ്പത് ലക്ഷം രൂപയുടെ ടൊയോട്ട ഇന്നോവ കാറാണുള്ളത്.
ഇളയ മകള്‍ ഐശ്വര്യക്ക് പൂജ മില്‍ക്ക്‌സ് എന്ന പാല്‍- പാലുല്‍പന്ന കമ്പനിയാണ് ബാബു വാങ്ങിക്കൊടുത്തത്. ഇത് മറ്റൊരാള്‍ക്ക് പാട്ടത്തിന് നല്‍കിയതായും വിജിലന്‍സ് കണ്ടെത്തി. ഐശ്വര്യയുടെ വിവാഹം കലൂരിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ആഢംബരത്തോടെയാണ് നടത്തിയത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ബാബു ഭൂമി വാങ്ങിക്കൂട്ടി. തമിഴ്‌നാട്ടിലെ തേനിയില്‍ 120 ഏക്കര്‍ ഭൂമി ബാബുവിന്റെ പേരിലുണ്ട്. കര്‍ണാടകത്തില്‍ മകള്‍ ഐശ്വര്യയുടെ ഭര്‍തൃപിതാവിന്റെ പേരിലും വന്‍തോതില്‍ ഭൂമി വാങ്ങിയിട്ടുണ്ട്. തൃപ്പൂണിത്തുറ സംസ്‌കൃത കോളജിന് സമീപം ബാബു താമസിക്കുന്ന വീട് വന്‍തുക ചെലവിട്ട് ആഢംബര വീടായി മോടിപിടിപ്പിച്ചത് മന്ത്രിയായിരുന്ന കാലത്താണ്.
മന്ത്രി എന്ന നിലയില്‍ അവിഹിതമായി സമ്പാദിച്ച പണം ഉപയോഗിച്ചാണ് ബാബു, മൂന്നാം പ്രതി മോഹനുമായി ചേര്‍ന്ന് തൃപ്പൂണിത്തുറയില്‍ റോയല്‍ ബേക്കേഴ്‌സ് എന്ന പേരില്‍ ബിനാമി ബിസിനസ് തുടങ്ങിയതെന്ന് എഫ് ഐ ആറില്‍ പറയുന്നു.
ബിനാമികളായ മോഹനന്‍, ബാബുറാം എന്നിവര്‍ സ്വന്തമായി വരുമാന മാര്‍ഗമില്ലാത്തവരാണ്. എന്നാല്‍ ഇവര്‍ ബിഎംഡബ്ല്യൂ, ബെന്‍സ് തുടങ്ങിയ ആഡംബര കാറുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇവര്‍ കൈയാളുന്ന സ്വത്തുക്കള്‍ ബാബുവിന്റെ ബിനാമിയായിട്ടാണ്. ഭൂമി ഇടപാടുകള്‍ക്കാണ് ബാബു ഉപയോഗപ്പെടുത്തിയിരുന്നത്. ബാബുവിന്റെ എസ്റ്റേറ്റ് നോക്കിനടത്തുന്നതും ബാബുറാമാണ്.
മന്ത്രി എന്ന നിലയിലെ ശമ്പളം മാത്രമായിരുന്നു ബാബുവിന്റെ വരുമാനം. ബാബുവിന് ബാങ്ക് വായ്പകളോ മറ്റും വരുമാന മാര്‍ഗങ്ങളോ ഉള്ളതായി അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അഴിമതി നിരോധന നിയമത്തിലെ 13(1- ഡി, ഇ), 13(2) വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
News Credits
ജന്മഭൂമി
No comments:
Post a Comment