ന്യൂദല്‍ഹി: ഭാരത സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആസൂത്രിത മിന്നലാക്രമണമാണ് പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ പാരാ റെജിമെന്റ് നടത്തിയത്. മേഖലയിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് നാശമുണ്ടാകാതെ രീതിയില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഭീകരകേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ക്കാന്‍ സൈന്യത്തിനായി.
പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് സമീപം ഹെലികോപ്ടറില്‍ ഇറങ്ങിയ ശേഷമായിരുന്നു പാരാ റെജിമെന്റിന്റെ ആക്രമണം. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും നിരീക്ഷണത്തിലായിരുന്നു സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്. കെട്ടിടങ്ങള്‍ക്കും മറ്റ് ചുറ്റുപാടുകള്‍ക്കും അധികം നാശം ഉണ്ടാക്കാതെ ലക്ഷ്യം വയ്ക്കുന്നതിനെ മാത്രം ആക്രമിക്കുന്ന രീതിയാണിത്. നിരപരാധികള്‍ കൊല്ലപ്പെടാനുള്ള സാധ്യത തീരെ കുറവാണ്.
ആക്രമണ വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ അജിത് ദോവലും മനോഹര്‍ പരീക്കറും പ്രധാനമന്ത്രിയെ അറിയിച്ചുകൊണ്ടിരുന്നു. ആധുനിക ഹെലികോപ്റ്ററുകളില്‍ അതിര്‍ത്തി കടന്ന സൈന്യം പരച്യൂട്ട് ഉപയോഗിച്ചാണ് പാക് അധീന കശ്മീരിലിറങ്ങിയത്. ഏകദേശം മൂന്ന് കിലോമീറ്ററോളം ഉള്ളില്‍ കടന്നായിരുന്നു ഭാരത സൈന്യത്തിന്റെ ആക്രമണം.
അര കിലോമീറ്റര്‍ മുതല്‍ രണ്ട് കിലോമീറ്റര്‍ വരെ അകലത്തുള്ള തീവ്രവാദി കേന്ദ്രങ്ങളാണ് ഭാരത സൈന്യം തകര്‍ത്തെറിഞ്ഞത്. ദൗത്യത്തില്‍ പങ്കെടുത്ത ഭാരത സൈനികര്‍ സുരക്ഷിതരായി തിരിച്ചെത്തി.
നരകത്തിൽ പോയാലും തീർത്തിട്ട് തിരിച്ചു വരും: ഭാരതത്തിന്റെ സ്വന്തം പാരാ എസ് എഫ്
ദീർഘദൂര ഓട്ടമത്സരമായ മാരത്തണിൽ ഓടിത്തീർക്കേണ്ടത് 42.195 കിലോമീറ്ററാണ് .പരിശീലനം സിദ്ധിച്ച മാരത്തൺ ഓട്ടക്കാർ പോലും മാരത്തൺ കഴിയുമ്പോൾ അവശരാകും . ദീർഘനാളത്തെ തയ്യാറെടുപ്പും മറ്റെല്ലാ സൗകര്യങ്ങളും മാരത്തൺ ഓടുന്ന കായിക താരങ്ങൾക്ക് ലഭിക്കും. ഒരു ഭാരവും കൂടെ എടുക്കേണ്ടതുമില്ല. പക്ഷേ ലോകത്തെ ഏറ്റവും മികച്ച സ്പെഷ്യൽ ഫോഴ്സുകളിലൊന്നായ ഭാരതത്തിന്റെ പാര എസ് എഫിൽ അംഗമാകണമെങ്കിൽ ഒറ്റ ഉദ്യമത്തിൽ ഓടിത്തീർക്കേണ്ടത് എത്ര കിലോമീറ്ററാണെന്നറിയുമോ ?
100 കിലോമീറ്റർ ! അതും പതിനേഴ് കിലോ ഭാരമുള്ള യുദ്ധസാമഗ്രികളും ആയുധവുമായി.
അതി കഠിനമായ പരിശീലനത്തിന്റെ 90 ദിവസം നീണ്ടു നിൽക്കുന്ന പ്രോബേഷൻ പീരിയഡ് . മനസ്സും ശരീരവും ഒരു പോലെ തളർത്തുന്ന മുറകൾ . വിശ്രമമില്ലാതെ 36 മണിക്കൂർ നീണ്ടു നിൽക്കുന്ന പരിശീലന വിഷയങ്ങൾ . അതിനു ശേഷമുള്ള 100 കിലോമീറ്റർ ഓട്ടം . ഓരോ പാരാ എസ് എഫ് വോളണ്ടിയറും ലക്ഷ്യത്തിലെത്തുന്നതിനു മുൻപ് കടക്കേണ്ടത് സാധാരണ മനുഷ്യന് സാദ്ധ്യമാകാത്ത നിരവധി കടമ്പകളാണ്.
ഭാരതത്തിന്റെ പാരച്യൂട്ട് റെജിമെന്റിന് പതിറ്റാണ്ടുകളുടെ പോരാട്ട വീര്യത്തിന്റെയും ഉജ്ജ്വലവിജയങ്ങളുടേയും ചരിത്രമുണ്ട് . 1941 ഒക്ടോബർ 29 നാണ് പാരച്യൂട്ട് റെജിമെന്റ് സ്ഥാപിതമാകുന്നത് .പിന്നീടിങ്ങോട്ട് യുദ്ധതന്ത്രത്തിന്റെയും അനുപമമായ സൈനിക വീര്യത്തിന്റെയും പ്രതീകമായി അത് മാറി. രണ്ടാം ലോക മഹായുദ്ധത്തിൽ മ്യാന്മറിൽ ഓപ്പറേഷൻ ഡ്രാക്കുള വിജയകരമായി നടത്തിയതിന് പാരച്യൂട്ട് റെജിമെന്റിന് ലഭിച്ചത് അഭിനന്ദന പ്രവാഹങ്ങളാണ് .
1945 മാർച്ച് ഒന്നിനാണ് ഭാരതത്തിന്റെ സൈനികർ മാത്രമുൾപ്പെട്ട പാരച്യൂട്ട് റെജിമെന്റ് രൂപീകരിച്ചത്. പിന്നീട് പാകിസ്ഥാൻ രൂപവത്കരിക്കപ്പെട്ടപ്പോൾ റെജിമെന്റ് രണ്ടായി വിഭജിക്കപ്പെട്ടു. 1948 ൽ കശ്മീർ ആക്രമിച്ചപ്പോഴാണ് പാരച്യൂട്ട് റെജിമെന്റിന്റെ സൈനിക വൈഭവത്തിന്റെ ചൂട് പാകിസ്ഥാൻ അറിഞ്ഞത്.
1965 ലെ യുദ്ധത്തിലാണ് റെജിമെന്റിൽ നിന്നും പ്രത്യേക കമാൻഡോ സംഘം എന്ന ആശയം ഉടലെടുത്തത് . വിവിധ റെജിമെന്റുകളിൽ നിന്ന് തെരഞ്ഞെടുത്ത സൈനികർ മേജർ മേഘ് സിംഗിന്റെ നേതൃത്വത്തിൽ നടത്തിയ സൈനിക നീക്കമാണ് ഇതിന് വഴി തെളിച്ചത് . അങ്ങനെ 1966 ജൂലൈ ഒന്നിന് ആദ്യ കമാൻഡോ സംഘമായ 9 പാര രൂപീകൃതമായി.1971 ലെ ബംഗ്ളാദേശ് വിമോചന യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച പാരച്യൂട്ട് റെജിമെന്റിന് നിലവിൽ 9 പാര എസ് എഫ് ബറ്റാലിയനുകളാണുള്ളത് .
90 ദിവസം നീണ്ടു നിൽക്കുന്ന കഠിന പരിശീലനത്തിലൂടെയാണ് പാര ട്രൂപ്പറെ തെരഞ്ഞെടുക്കുന്നത് . പാര സ്പെഷ്യൽ ഫോഴ്സിലെത്തെണമെങ്കിൽ വീണ്ടുമൊരു ആറുമാസ പരിശീലനം പൂർത്തിയാക്കണം .പരിശീലനം തുടങ്ങുമ്പോഴുള്ളവരിൽ നിന്നും വിരലിലെണ്ണാവുന്നവർ മാത്രമായിരിക്കും കഠിനമായ പരിശീലന കടമ്പകൾ പൂർത്തിയാക്കുന്നത് .കായിക ശേഷിയേക്കാൾ മാനസികമായി ഏത് ആക്രമണത്തെയും , കഷ്ടപ്പാടിനേയും നേരിടാനുള്ള കഴിവാണ് പരിശോധിക്കപ്പെടുക . ഏത് കരയിലും വെള്ളത്തിലും ആകാശത്തിലും ഏത് പ്രതികൂല സാഹചര്യത്തിലും പിടിച്ചു നിൽക്കാനും ദൗത്യം പൂർത്തിയാക്കാനും കഴിയുന്ന രീതിയിൽ ഓരോ കമാൻഡോയും സുശിക്ഷിതരാക്കപ്പെടുന്നു.
ബലിദാൻ മുദ്രയും മറൂൺ ബെററ്റുമാണ് പാരാ എസ് എഫിന്റെ സവിശേഷതകൾ. ഓരോ കമാൻഡോയുടേയും അഭിമാന മുദ്രകൾ . ഇത് സാധ്യമാക്കാൻ അവൻ പിന്നിടുന്നത് അതി കഠിനമായ പരിശീലനമുറകളാണ് . നരകത്തിൽ പോയാൽ പോലും പണി തീർത്ത് തിരിച്ച് വരാൻ പ്രാപ്തരാക്കുന്ന മുറകൾ . യഥാർത്ഥ ആയുധം ഉപയോഗിച്ചാണ് പരിശീലനം . ഒരു ചെറിയ തെറ്റ് പോലും ജീവൻ നഷ്ടപ്പെടുത്തും . ജോഡികളായി തിരിഞ്ഞുള്ള ആക്രമണമായതിനാൽ കൂടെയുള്ളയാൾക്ക് വെടിയേൽക്കാതെ സെന്റിമീറ്ററുകൾ മാത്രം അകലെയുള്ള ലക്ഷ്യം തകർക്കാനുള്ള പരിശീലനം അത്യാവശ്യമാണ്. പരിശീലനത്തിനിടയിൽ മരണം സ്വാഭാവികവുമാണ്.
ഭാരതത്തിന്റെ അഭിമാനമായ പാരാ എസ് എഫിൽ ബലിദാൻ മുദ്രയും മറൂൺ ബെററ്റുമണിഞ്ഞ് കമാൻഡോ ആയി സേവനമനുഷ്ഠിക്കാൻ കഴിയുന്നത് അത്ര എളുപ്പമല്ലെന്ന് ചുരുക്കം
Article Credits,Janamtv.com & Janmabhumidaily.com
No comments:
Post a Comment