Sunday, November 22, 2015

നവകേരളം- പുതിയ രാഷ്‌ട്രീയം

വെള്ളാപ്പള്ളി നടേശന്‍

ശ്രീനാരായണ ദര്‍ശനങ്ങളില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ സ്വന്തം ജീവിതത്തില്‍, സമൂഹത്തിനുവേണ്ടി ഒരു ലക്ഷ്യം കണ്ടെത്തി ഉത്സാഹത്തോടെ അത്‌ പൂര്‍ത്തിയാക്കാനാണ്‌ ഞാന്‍ എന്റെ ജീവിതത്തിന്റെ രണ്ട്‌ പതിറ്റാണ്ടിലധികം എസ്‌.എന്‍.ഡി.പി. യോഗത്തിനായി സമര്‍പ്പിച്ചത്‌.
സാഹചര്യങ്ങളില്‍നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവര്‍ ഒന്നിച്ച്‌ നില്‍ക്കണമെന്നും ഇന്ന്‌ അനുഭവിക്കുന്ന നീതി നിഷേധത്തില്‍ നിന്നും മോചനം നേടാന്‍ മുന്നോട്ടുവരണമെന്നും ഞാന്‍ അഭ്യര്‍ഥിച്ചത്‌. 1950 ല്‍ ഹിന്ദുമഹാമണ്ഡലത്തിനായി പ്രവര്‍ത്തിച്ച മഹാത്മാക്കളായ ആര്‍. ശങ്കറും മന്നത്ത്‌ പത്മനാഭനും കണ്ട സ്വപ്‌നം അന്ന്‌ യാഥാര്‍ത്ഥ്യമാക്കാന്‍ പല കാരണങ്ങളാലും കഴിഞ്ഞില്ല. ആ സ്വപ്‌നം സാക്ഷാത്‌ക്കരിക്കാന്‍ ഒരു കൂട്ടായ്‌മ സൃഷ്‌ടിക്കാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌.
ഇവിടെ നടന്ന എല്ലാ രാഷ്‌ട്രീയ പരീക്ഷണങ്ങളും സാമൂഹ്യ നീതി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ്‌ ഒരു പുതിയ രാഷ്‌ട്രീയ പാര്‍ട്ടി എന്ന ആശയം മുന്നോട്ടുവെച്ചത്‌. സംസ്‌ഥാനത്തിന്റെ വികസനനേട്ടങ്ങള്‍ ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക്‌ നിഷേധിക്കുകയും അധികാരവും സമ്പത്തും ചിലരിലേക്ക്‌ മാത്രം കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ്‌ സ്വാതന്ത്രത്തിനുശേഷമുള്ള കേരളത്തിന്റെ രാഷ്‌ട്രീയ സാമ്പത്തിക രംഗം പരിശോധിച്ചാല്‍ മനസിലാക്കാന്‍ കഴിയുന്നത്‌.
1953 ന്‌ ശേഷം വന്ന മുന്നണി പരീക്ഷണങ്ങളെല്ലാം തന്നെ ഭൂരിപക്ഷസമുദായത്തിന്റെ ന്യായമായ അവകാശങ്ങളെ അവഗണിച്ചുകൊണ്ടാണ്‌ നടന്നത്‌. 1957 ല്‍ പ്രഗത്ഭനായ പ്രഫ. ജോസഫ്‌ മുണ്ടശേരിയെ വിദ്യാഭ്യാസ വകുപ്പ്‌ ഏല്‍പ്പിച്ച കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനം 2006 ആയപ്പോഴേക്കും വിദ്യാഭ്യാസ വകുപ്പിനെ അരമനകളുടെ തൊഴുത്തില്‍ കെട്ടുന്നതാണ്‌ കണ്ടത്‌. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ തന്നെയാണ്‌ കഞ്ഞിയെന്ന്‌ തെളിയിക്കുന്നതായിരുന്നു കോണ്‍ഗ്രസിന്റേയും നയം.
പ്രധാന വകുപ്പുകള്‍ ചില വിഭാഗങ്ങള്‍ക്ക്‌ തീറെഴുതിയതിന്റെ ഫലം അറിയണമെങ്കില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത്‌, വ്യവസായം തുടങ്ങിയ വകുപ്പുകളിലെ ചില വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗസ്‌ഥന്മാര്‍ നേടിയെടുത്ത ജീവിതസൗകര്യങ്ങളും കോണ്‍ട്രാക്‌ടര്‍മാരും മറ്റുചില ഗുണഭോക്‌താക്കളും നേടിയ ഭൗതികസൗകര്യങ്ങളും പരിശോധിച്ചാല്‍ മതി.
അടുത്ത കാലത്ത്‌ അഞ്ചാം മന്ത്രിയെ ഒരു ആത്മീയ നേതാവ്‌ പ്രഖ്യാപിച്ചത്‌ നമ്മള്‍ കണ്ടു. മന്ത്രിസഭയിലെ പുതിയ അംഗത്തിന്റെ പേരും മേല്‍വിലാസവും വകുപ്പും മുഖ്യമന്ത്രി അറിഞ്ഞത്‌ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയാണെന്ന്‌ പറയുമ്പോള്‍ കേരള രാഷ്‌ട്രീയം എവിടെ നില്‍ക്കുന്നുയെന്ന്‌ മനസിലാക്കുവാന്‍ ബുദ്ധിമുട്ടില്ല. ജമാഅത്തെ ഇസ്ലാമിയിലൂടെ ജനാധിപത്യം സ്‌ഥാപിക്കാമെന്നും മഅദ്‌നിയുടെ അനുഗ്രഹമുണ്ടെങ്കില്‍ പി.ഡി.പിയിലൂടെ സോഷ്യലിസം കൈവരിക്കാമെന്നും ഒക്കെ ഒരു നാണവുമില്ലാതെ പറയുന്നവര്‍ക്കെതിരേ പ്രതികരിക്കാന്‍, വോട്ടുചെയ്യാന്‍ ഭൂരിപക്ഷം ജനങ്ങള്‍ക്കൊരു പാര്‍ട്ടി ആവശ്യമാണ്‌. കേരളത്തിലെ വിദ്യാഭ്യാസ രംഗം പൂര്‍ണമായും വര്‍ഗീയവത്‌ക്കരിക്കപ്പെട്ടുകഴിഞ്ഞു. വെളിച്ചം അറിവാണെന്നിരിക്കെ അത്‌ പകരുന്ന നിലവിളക്കില്‍പോലും മതത്തെ കാണുന്നു.
അഴിമതി നടത്തിയെന്ന്‌ പരമോന്നത നീതിപീഠമായ സുപ്രീംകോടതി കണ്ടെത്തി ജയിലില്‍ അടച്ച നേതാവിന്‌, അവിടെ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഒരുക്കിയ ഭരണക്കാരെ അദ്ദേഹം കൈവിട്ടപ്പോള്‍ ജയിലില്‍ അടയ്‌ക്കാന്‍ കാരണക്കാരായവര്‍ അദ്ദേഹത്തിന്‌ ചുവപ്പ്‌ പരവതാനി വിരിച്ച്‌ സ്വന്തം മുന്നണിയില്‍ പ്രവേശനം നല്‍കി. ആത്മവഞ്ചനേ-നിന്റെ പേര്‌ രാഷ്‌ട്രീയമെന്നോ?
പുതിയ രാഷ്‌ട്രീയ പാര്‍ട്ടി മുന്നോട്ടു വയ്‌ക്കുന്ന മുദ്രാവാക്യങ്ങള്‍ അധികാരത്തിന്റെ അകത്തളങ്ങളില്‍ സുഖലോലുപരായി കഴിയുന്ന രാഷ്‌ട്രീയ തമ്പൂരാക്കന്മാരുടെ ഉറക്കം കെടുത്തുമെന്ന്‌ ഞങ്ങള്‍ക്കറിയാം. ജനാഭിലാഷത്തിന്റെ ആഴം അളക്കുവാന്‍ ഏതാനും മാസങ്ങള്‍ക്കകം നടക്കാന്‍പോകുന്ന തെരഞ്ഞെടുപ്പുവരെ കാത്തിരുന്നാല്‍ മതി. മക്കളെ കോടികള്‍ മുടക്കി വിദേശത്ത്‌ പഠിപ്പിക്കുന്നവര്‍ ദശലക്ഷങ്ങള്‍ മുടക്കി പണിതീര്‍ത്ത കൊട്ടാര സദൃശ്യമായ മണിമാളകയില്‍ താമസിക്കുന്നവര്‍, ലോകത്തിലെ സമ്പന്നന്മാര്‍ക്കൊപ്പം നില്‍ക്കുന്ന കേരളത്തിലെ വ്യവസായ പ്രമുഖന്മാരുടെ കീഴില്‍ മക്കളുടെ സുഖജീവിതം ഉറപ്പാക്കിയവര്‍ ഇവരെല്ലാം ആരെല്ലാമാണെന്നും അവരുടെ പൂര്‍വകാലം എങ്ങനെയായിരുന്നുവെന്നും മനസിലാക്കുവാനുള്ള സാമാന്യ ബുദ്ധി സ്വന്തം പാര്‍ട്ടിക്കാര്‍ക്ക്‌ ലഭിച്ചപ്പോഴാണ്‌ രക്‌തസാക്ഷികളുടെ എണ്ണം കുറഞ്ഞത്‌.
കേരളത്തില്‍ രാഷ്‌ട്രീയം ഒരു വ്യവസായമായി മാറിയിരിക്കുന്നു. ഇതിനെതിരെയുള്ള പ്രതിഷേധമാണ്‌ മൂന്നാറിലെ പാവപ്പെട്ട തൊഴിലാളി സ്‌ത്രീകളിലൂടെ കേരള ജനത കണ്ടത്‌. സ്വന്തം പാര്‍ട്ടിയിലെ അഴിമതിക്കാര്‍ക്കെതിരേ പടനയിച്ചതുകൊണ്ടുമാത്രമാണ്‌ വി.എസ്‌. അച്യുതാനന്ദന്‌ ഇവിടെ ഇരിപ്പിടം ലഭിച്ചത്‌. പണിയെടുപ്പത്‌ നാങ്കളെ, കാശടിപ്പത്‌ നീങ്കളെ എന്ന്‌ ആ സാധു സ്‌ത്രീകള്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ തലയില്‍ മുണ്ടിട്ട്‌ സ്‌ഥലം വിട്ടവര്‍ പ്രസ്‌ ക്ലബുകളില്‍ ചെന്നിരുന്ന്‌ വീരസ്യം പറയുന്നതും നമ്മള്‍ കണ്ടു. കോടികള്‍ സമ്പാദിച്ച കേരള രാഷ്‌ട്രീയ നേതാക്കളോട്‌ എന്താണ്‌ താങ്കളുടെ ജോലി? എന്നുചോദിച്ചാല്‍ ഒരു മറുപടിയെ ഉള്ളു ജനസേവനം. ഇതിനെതിരെയുള്ള കേരളസമൂഹത്തിന്റെ പ്രതികരിക്കലാണ്‌ പുതിയ രാഷ്‌ട്രീയ പാര്‍ട്ടി.
ഇന്നും ഒരു ദളിതന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ പോളിറ്റ്‌ബ്യൂറോയിലില്ല എന്ന വസ്‌തുതയും വിസ്‌മരിക്കാന്‍ കഴിയില്ല. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള എല്ലാ ഹൈന്ദവ വിഭാഗങ്ങളോടും കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികള്‍, പ്രത്യേകിച്ച്‌ സി.പി.എം. കാട്ടിയ നന്ദികേട്‌ ചരിത്രത്തിന്റെ ഭാഗമാണ്‌്.
കേരളത്തിലെ ജനങ്ങള്‍ ഇടത്‌ വലത്‌ ചേരികളില്‍ ഏതെങ്കിലും ഒന്നിനെ മാത്രമേ മാറിമാറി സ്വീകരിക്കുയെന്നും മൂന്നാമതൊരു രാഷ്‌ട്രീയ സംവിധാനം അവര്‍ ത്യജിക്കുമെന്നുമാണ്‌ കുഴലൂത്തുകാരായ ചില രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ചരിത്ര ബോധമില്ലാതെ ഇവര്‍ പറയുന്ന അഭിപ്രായങ്ങള്‍ വസ്‌തുതകള്‍ക്ക്‌ നിരക്കാത്തതാണെന്ന്‌ 2016 ലെ പൊതുതെരഞ്ഞെടുപ്പ്‌ തെളിയിക്കും. പുതിയ പാര്‍ട്ടി ഏതെങ്കിലും മതങ്ങള്‍ക്കെതിരല്ല മറിച്ച്‌ സാഹോദര്യവും സമഭാവനയും തുല്യതയും അടിത്തറ പാകിയ ഒരു നവ രാഷ്‌ട്രീയ സംവിധാനമാണ്‌.
ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്‌ഥാനം കേരള രാഷ്‌ട്രീയത്തില്‍ വളര്‍ത്തിയെടുക്കാനാണ്‌ ഞങ്ങള്‍ ആഗ്രഹിക്കുന്നത്‌. അതിനുഗുണമായ ചില ആശയങ്ങളും മുദ്രാവാക്യങ്ങളുമാണ്‌ ഞങ്ങള്‍ മുന്നോട്ടു വയ്‌ക്കുന്നത്‌.
1. ഭൂമി
ഭൂമിയുടെ പ്രതിശീര്‍ഷ ലഭ്യത കുറഞ്ഞു വരുന്ന നമ്മുടെ സംസ്‌ഥാനത്ത്‌ സമ്പത്ത്‌ കുറച്ച്‌ വ്യക്‌തികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്‌. ഇതിനു പരിഹാരമായി സ്വകാര്യ തോട്ടങ്ങള്‍ക്ക്‌ പരിധി ഏര്‍പ്പെടുത്തണം. സ്വര്‍ണത്തേക്കാള്‍ വിലയുള്ള നഗര സ്വത്തിനും പരിധി ഏര്‍പ്പെടുത്തണം. അധികമുള്ള ഭൂമി ഭൂരഹിതരായ പാവങ്ങള്‍ക്ക്‌ വീതിച്ചു നല്‍കണം. പാട്ടക്കരാര്‍ കഴിഞ്ഞും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിട്ടപ്പെടുത്തി ഭൂരഹിതര്‍ക്കായി വീതിച്ചുനല്‍കാന്‍ കഴിയണം.
2.ഭവന പദ്ധതി
നിലവിലുള്ള ഭവനപദ്ധതികള്‍ എല്ലാംതന്നെ പാവപ്പെട്ടവനെ കടക്കാരനും ഭവനരഹിതനും ആക്കുന്ന സ്വഭാവത്തിലുള്ളതാണ്‌. ഇതിന്‌ മാറ്റം വരുത്തി, പാവങ്ങള്‍ക്ക്‌ അനുവദിക്കുന്ന വീട്‌ പണിതീര്‍ത്ത്‌ അവര്‍ക്ക്‌ കയറി താമസിക്കുവാന്‍ പാകത്തിലാക്കി വീടിന്റെ താക്കോല്‍ നല്‍കുന്ന സംവിധാനത്തിലാക്കണം.
3. സാമൂഹ്യ ക്ഷേമം
പാവപ്പെട്ടവര്‍ക്ക്‌ നല്‍കുന്ന ക്ഷേമ പെന്‍ഷനുകള്‍ കുറഞ്ഞത്‌ 5000 രൂപയായി നിശ്‌ചയിക്കണം. സച്ചാര്‍ കമ്മിഷന്‍ ശിപാര്‍ശ ചെയ്‌തതിനു തുല്യമായി എല്ലാ ആനുകൂല്യങ്ങളും മുന്നോക്ക പിന്നാക്ക വ്യത്യാസമില്ലാതെ മുഴുവന്‍ ഹിന്ദുക്കള്‍ക്കും നല്‍കണം.
4. ഭക്ഷ്യസുരക്ഷ, പൊതു വിതരണവും
റേഷന്‍ വിതരണം കുറ്റമറ്റതാക്കുകയും അത്‌ അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക്‌ ആവശ്യമായ അളവില്‍ നല്‍കുകയും ചെയ്യണം.
5. ആദിവാസി/പട്ടികജാതി/പട്ടികവര്‍ഗ വികസനം
ആദിവാസി/പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളെ കോളനിവല്‍ക്കണത്തിലൂടെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്ന സംവിധാനം അവസാനിപ്പിച്ച്‌, സാമൂഹിക സുരക്ഷയോടെ പൊതു ചുറ്റുപാടില്‍ ജീവിക്കുവാനുള്ള സാഹചര്യം ഉറപ്പുവരുത്തണം.
6. സാമ്പത്തികം
അനധികൃതമായി സ്വത്തുക്കള്‍ സമ്പാദിക്കുകയും, ലക്ഷങ്ങള്‍ ചെലവഴിച്ച്‌ മണിമാളികകള്‍ പണിതുയര്‍ത്തുകയും ചെയ്‌തവരുടെ വരുമാന സ്രോതസ്‌ അന്വേഷിച്ച്‌ അധിക സ്വത്തുക്കള്‍ കണ്ടുകെട്ടണം. 7. വിദ്യാഭ്യാസം ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങള്‍ക്ക്‌ നല്‍കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്കും നല്‍കണം. എല്ലാ എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേയും നിയമനം പി.എസ്‌.സിക്ക്‌ വിടണം. നിലവിലുള്ള സംവരണത്തില്‍ കുറവുവരുത്താതെ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക സമുദായങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കുകൂടി സംവരണം ഏര്‍പ്പെടുത്തണം.
8. സേവന മേഖല
സര്‍ക്കാര്‍ സര്‍വിസിലെ അഴിമതിയും കൈക്കൂലിയും കെടുകാര്യസ്‌ഥതയും അവസാനിപ്പിച്ച്‌, പൊതുജനങ്ങള്‍ക്ക്‌ സേവനങ്ങള്‍ ലഭിക്കുന്നതിന്‌ കാലപരിധി നിശ്‌ചയിക്കുക.
9. പരിസ്‌ഥിതി സംരക്ഷണം വനം കയ്യേറുന്നവര്‍ക്കും പരിസ്‌ഥിതിനാശം വരുത്തുന്നവര്‍ക്കും കനത്ത ശിക്ഷ ഏര്‍പ്പെടുത്തുന്ന നിയമനിര്‍മ്മാണം നടത്തണം.
10. ആരോഗ്യം
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആധുനിക ചികിത്സാസൗകര്യങ്ങളും ഡോക്‌ടര്‍മാരുടെ സേവനവും മരുന്നും ഉണ്ടാകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പാവപ്പെട്ടവര്‍ക്ക്‌ സൗജന്യമായും മറ്റുള്ളവര്‍ക്ക്‌ ന്യായമായ ഫീസ്‌ ചുമത്തിയും ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.
11. ക്രമസമാധാനം ഈ മേഖലയില്‍ വിമു
ക്‌തഭടന്മാരുടെ സേവനം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന പാക്കേജിന്‌ രൂപം നല്‍കണം. സൈബര്‍ ക്രൈം നടത്തുന്നവര്‍ക്കെതിരേ കടുത്ത ശിക്ഷ ഏര്‍പ്പെടുത്തണം.
12. കൃഷി
കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി യഥാര്‍ത്ഥ കര്‍ഷകരെ കണ്ടെത്തി അവര്‍ക്ക്‌ ആവശ്യമായ വിത്തും വളവും പരിജ്‌ഞാനവും നല്‍കുകയും അതോടൊപ്പം വിളസംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്യണം.
13. ക്ഷേത്ര സംരക്ഷണം വരുമാനം കുറഞ്ഞ്‌ ജീര്‍ണാ
വസ്‌ഥയിലുള്ള ക്ഷേത്രങ്ങളെ പുനരുദ്ധരിക്കുന്നതിനുള്ള പ്രത്യേക പദ്ധതി തയാറാക്കണം. സ്വകാര്യ ക്ഷേത്രങ്ങളിലേതുള്‍പ്പെടെ ശാന്തിമാര്‍ക്കും ജീവനക്കാര്‍ക്കും ക്ഷേമനിധിയും പെന്‍ഷനും നല്‍കണം. ദേവസ്വം ബോര്‍ഡുകളില്‍ രാഷ്‌ട്രീയക്കാരെ ഒഴിവാക്കി ക്ഷേത്രവിശ്വാസികളെ ഭരണം ഏല്‍പ്പിക്കണം.
14. ജനറല്‍
പഞ്ചായത്ത്‌ അംഗങ്ങള്‍ മുതല്‍ പാര്‍ലമെന്റ്‌ അംഗങ്ങള്‍ വരെയുള്ളവരുടെയും ബന്ധുക്കളുടെയും സ്വത്തുവിവരങ്ങള്‍ എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കുകയും, യാഥാര്‍ത്ഥ്യവുമായി ഇത്‌ ശരിയാണെന്ന്‌ ഉറപ്പുവരുത്തുകയും വേണം.
മേല്‍പ്പറഞ്ഞ ആശയങ്ങള്‍ ഞങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നത്‌ സമഗ്രവും സര്‍വാശ്ലേഷിയുമായ വികസനവും ഒരു പുതിയ രാഷ്‌ട്രീയ സംസ്‌കാരവും മുന്നില്‍ കണ്ടുകൊണ്ടാണ്‌. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, സാമൂഹ്യനീതി എന്നിവ അടിസ്‌ഥാനമാക്കിയുള്ള ഒരു നവകേരള സൃഷ്‌ടിയാണ്‌ പുതിയ രാഷ്‌ട്രീയ പാര്‍ട്ടിയുടെ ലക്ഷ്യം.
ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യന്‍കാളി, പണ്ഡിറ്റ്‌ കറുപ്പന്‍, കണ്ടന്‍കുമാരന്‍, പൊയ്‌കയില്‍ കുമാരഗുരു തുടങ്ങിയ ഗുരുവര്യന്മാരുടേയും നവോത്ഥാന നായകരുടേയും മാനവീയ ദര്‍ശനങ്ങള്‍ക്ക്‌, രാഷ്‌ട്രീയ മാനം നല്‍കാനും സാമൂഹ്യനീതിയും സോഷ്യലിസവും മതേതരത്വവും അതിന്റെ യഥാര്‍ത്ഥ അന്തസത്തയ്‌ക്ക് നിരക്കുന്ന രീതിയില്‍ നടപ്പിലാക്കാനുമാണ്‌ പുതിയ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്‌. വിവേചനങ്ങള്‍ ഇല്ലാത്ത സമത്വവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാഷ്‌ട്രീയ സംവിധാനത്തിനായി സംഘടിച്ച്‌ ശക്‌തരാകുവാനും രാഷ്‌ട്രീയ വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധരാകുവാനും കേരള ജനത തയാറാകുമെന്നാണ്‌ എന്റെ ആത്മാര്‍ത്ഥമായ വിശ്വാസം.
Article Credits,Vellappilly Nadesan,Mangalam Daily,Nov 22 2015

No comments:

Post a Comment