Sunday, February 12, 2017

കെട്ടുനാറുന്ന ഇടതുഭരണം-

മുമ്പൊരുകാലത്തും കേള്‍ക്കാത്ത മുദ്രാവാക്യമുയര്‍ത്തിയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന ഉറപ്പ് വിശ്വസിച്ച കേരളീയര്‍ ഇന്ന് കടുത്ത നിരാശയിലാണ്. ഒന്നും ശരിയാകുന്നില്ലെന്ന് മാത്രമല്ല, പ്രതിയോഗികളെ മാത്രമല്ല സ്വന്തം അനുയായികളെപ്പോലും വെട്ടുകയും കുത്തുകയും ലോക്കപ്പലിട്ട് പീഡിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിയാണെങ്ങും. സിപിഎമ്മുകാരും പോഷകസംഘടനകളും പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും കയ്യേറ്റവും ഏതാണ്ട് നിത്യപരിപാടിയാക്കി. മറ്റുള്ളവരുടെ സ്ഥിതി പറയാതിരിക്കുകയാണ് ഭേദം. മദ്യപിച്ച് വാഹനമോടിച്ചു എന്നതിന് ഉടുതുണിപോലുമില്ലാതെ ലോക്കപ്പിലിട്ട് പീഡിപ്പിക്കുന്ന കാഴ്ചയുമുണ്ടായി. പോലീസ് മര്‍ദ്ദനവും മൂന്നാംമൂറയും സംസ്ഥാന വ്യാപകമാക്കി.
സിപിഎമ്മുകാരാണ് പ്രതികളെങ്കില്‍ അന്വേഷണമില്ല, കേസില്ല, അറസ്റ്റില്ല. പാലക്കാട് കഞ്ചിക്കോട് കാണുന്നത് അതാണ്. കഞ്ചിക്കോട് ചടയന്‍കലായില്‍ ബിജെപി പ്രവര്‍ത്തകരായ രാധാകൃഷ്ണന്‍, വിമല എന്നിവരെ ചുട്ടുകൊന്ന സംഭവത്തില്‍ പോലീസ് ഒത്തുകളി തുടരുകയാണ്. കേരളം അപൂര്‍വ്വമായി കണ്ട നിഷ്ഠുര സംഭവങ്ങളിലൊന്നായിരുന്നു കഞ്ചിക്കോട്ടേത്. മുഖ്യപ്രതി കഞ്ചിക്കോട് കിണര്‍ സ്റ്റോപ്പ് തോട്ടുമേടിലെ അജിയെന്ന അജിത്ത്കുമാറിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രി ഇയാളെ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു. അജിയോടൊപ്പം ആസൂത്രണത്തില്‍ പങ്കാളിയായിരുന്നവരെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ഇവരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ചോദ്യംചെയ്യല്‍ തുടരുകയാണെന്നാണ് പോലീസ് ഭാഷ്യം.
കണ്ണൂരില്‍ തുടങ്ങിയ അക്രമ പരമ്പര സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. കലാലയങ്ങള്‍ സംഘര്‍ഷമേഖലയാക്കാന്‍ എസ്എഫ്‌ഐ സംഘടിത നീക്കം നടത്തുമ്പോള്‍ സ്വാശ്രയമുതലാളിമാരുടെ അനുസരണയുള്ള അടിമയെപ്പോലെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പെരുമാറുന്നത്. കേരളാ ലോ അക്കാദമിയിലെ സമരത്തില്‍ സിപിഎം താല്‍പര്യം സംരക്ഷിക്കാന്‍ നാണംകെട്ട് തോറ്റുകൊടുത്തതിന്റെ ചമ്മല്‍ തീര്‍ക്കാനിപ്പോള്‍ മറ്റ് കലാലയങ്ങളിലവര്‍ കയ്യാങ്കളിക്ക് മുന്‍കൈ എടുക്കുകയാണ്. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐക്കാരുടെ സദാചാര ഗുണ്ടായിസത്തില്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെട്ടത് ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമാണ്.
സദാചാരപോലീസ് ചമഞ്ഞ എസ്എഫ്‌ഐയുടെ പത്തുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ് എടുത്തെങ്കിലും അറസ്റ്റൊന്നും നടന്നില്ല. നാടകം കാണാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സൂര്യഗായത്രി, ജാനകി എന്നിവര്‍ക്കൊപ്പം വന്ന തൃശൂര്‍ സ്വദേശി ജിജീഷിനാണ് സദാചാര ഗുണ്ടകളുടെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.
പെണ്‍കുട്ടികള്‍ക്കടുത്തിരുന്നതിനെ ചോദ്യം ചെയ്ത് ഏതാനും എസ്എഫ്‌ഐക്കാര്‍ എത്തുകയും ജിജീഷിനെ കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിനെ ചോദ്യം ചെയ്ത പെണ്‍കുട്ടികള്‍ക്കും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് ഇവരെ ബലമായി കോളേജില്‍ നിന്ന് പുറത്താക്കി ഗേറ്റ് അടച്ചു. എസ്എഫ്‌ഐ മാത്രം പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജ് സിപിഎമ്മിന്റെ മറ്റൊരു പാര്‍ട്ടി ഗ്രാമമാണ്. തല്ലിയതും തല്ലുകൊണ്ടതും
എസ്എഫ്‌ഐക്കാരാണെന്നതാണ് കൗതുകകരം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ദളിതര്‍ക്കെതിരായ അക്രമങ്ങളും വര്‍ധിച്ചിരിക്കുകയാണ്. ദളിത് അക്രമത്തിന്റെ പേരില്‍ ഏകദേശം നാനൂറോളം കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. കോട്ടയം ജില്ലയിലെ നാട്ടകം പോളിടെക്‌നിക്കില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയെ ഒരു ക്ലാസ്സ് റൂമില്‍ പൂട്ടിയിട്ട് പുലയക്കുടില്‍ എന്നെഴുതിവച്ച് ക്രൂരമായി മര്‍ദിച്ചത് കേരളത്തെ ഞെട്ടിപ്പിച്ച സംഭവമാണ്.
വിദ്യാര്‍ത്ഥി ഇപ്പോഴും ആശുപത്രിയിലാണ്. എതിര്‍ ശബ്ദങ്ങളെയെല്ലാം അടിച്ചമര്‍ത്തുക എന്ന നയമാണ് സിപിഎം സ്വീകരിക്കുന്നത്. മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചത് അവര്‍ ദളിത് വിഭാഗത്തില്‍പ്പെട്ടതുകൊണ്ടു തന്നെയാണ്. തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചതും വീട്ട് ജോലി ചെയ്യിച്ചതും ന്യായീകരണമില്ലാത്ത പ്രവൃത്തികളാണ്. നിരന്തരമായ ദളിത് പീഡനങ്ങള്‍ നടന്നിട്ടും നടപടിയെടുക്കാന്‍ പോലീസ് മടിക്കുകയാണ്. ദളിത് ആക്ഷേപം നടത്തിയ ലക്ഷ്മി നായര്‍ക്കെതിരെ ദളിത് പീഡന നിരോധന നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാണെങ്കിലും മുഖ്യമന്ത്രിയും പോലീസും പ്രതിക്കൊപ്പമാണെന്നതാണ് അത്ഭുതകരം.
കണ്ണൂര്‍ അഴീക്കലിലെ സിപിഎം ഭരണത്തിലുള്ള ക്ഷേത്രത്തില്‍ അയിത്താചരണം നടക്കുന്നതും ഇവയോടൊപ്പം കൂട്ടിവായിക്കുമ്പോള്‍ കേരളം ഭ്രാന്താലയമെന്ന് തോന്നിപ്പോകുന്നു.പറഞ്ഞ വാക്കുകള്‍ പാലിക്കുന്നതിന്റെ ലക്ഷണമൊന്നും കാണുന്നില്ല. അഞ്ച് വര്‍ഷത്തേക്ക് വിലക്കയറ്റം എന്നൊന്നുണ്ടാകില്ലെന്നായിരുന്നു ഉറപ്പ്. സാധന വിലകള്‍ കുതിച്ചുയരുകയാണ്. വിലയിടുന്നത് സിപിഎമ്മിനും സര്‍ക്കാരിനും മാത്രമാണ്. അക്ഷരാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് ഭരണം കെട്ടുനാറിക്കൊണ്ടിരിക്കുകയാണ്.
മുഖപ്രസംഗം,Janmabhumi daily,February 13, 2017

Wednesday, February 8, 2017

ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം - ഒടുവില്‍ ലോ അക്കാദമിയും സര്‍ക്കാരും കീഴടങ്ങി

February 9, 2017
ഒടുവില്‍ ലോ അക്കാദമിയും സര്‍ക്കാരും കീഴടങ്ങി. സര്‍ക്കാരുകളെയും സര്‍വ്വകലാശാലയേയും രാഷ്ട്രീയ പാര്‍ട്ടികളേയും വരുതിയിലാക്കിയാണ് ഒരു കുടുംബം അക്കാദമിയുടെ പേരില്‍ അഴിഞ്ഞാടിയത്. ഗവര്‍ണര്‍,ജഡ്ജിമാര്‍, മുഖ്യമന്ത്രി എന്നിവരെയെല്ലാം പേരില്‍ നിയമപഠനത്തിന് പൊതുവേദിയെന്ന് കാണിച്ച് സര്‍ക്കാരില്‍നിന്ന് 12 ഏക്കറോളം സ്ഥലം പതിച്ചുവാങ്ങിയ അക്കാദമിയുടെ ഭരണസമിതി ഒരു കുടുംബം സ്വന്തമാക്കി. ഇതിനെ ചോദ്യം ചെയ്യാനോ അവിഹിത നടപടികള്‍ തിരുത്താനോ ഒരു നടപടിയും സര്‍ക്കാരുകള്‍ ചെയ്തില്ല.
അക്കാദമിയുടെ ഡയറക്ടറുടെ മകള്‍ പ്രിന്‍സിപ്പാളായി അധികാരത്തിലെത്തിയതോടെ അക്കാദമിയില്‍ സ്വേച്ഛാഭരണമായി. കുടുംബത്തിന്റെ ആജ്ഞാനുവര്‍ത്തികളായി നില്‍ക്കുന്നവര്‍ക്ക് വാരിക്കോരി മാര്‍ക്ക് നല്‍കി. അനിഷ്ടമുള്ളവരെ പീഡിപ്പിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും പതിവായി. അടുക്കളപ്പണി ചെയ്യിപ്പിക്കുകപോലുമുണ്ടായി. ഇത് തുടര്‍ന്നപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ രണ്ടുംകല്‍പ്പിച്ച് പ്രക്ഷോഭത്തിനിറങ്ങിയത്. പ്രത്യാഘാതം ഗുരുതരമാകുമെന്നറിഞ്ഞുകൊണ്ടുതന്നെ 29 ദിവസം മുമ്പ് അക്കാദമിയിലെ നിയമ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം സമരത്തിനിറങ്ങി. ഭീഷണിപ്പെടുത്തിയും പോലീസിനെ ഉപയോഗിച്ചും സമരം പൊളിക്കാന്‍ സംഘടിതനീക്കം ആരംഭിച്ചപ്പോഴാണ് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നിരാഹാരം ആരംഭിച്ചത്. ഇത് സമരത്തിന് ശക്തിയേറ്റി. വിദ്യാര്‍ത്ഥി സമരം വിജയിച്ചാല്‍ ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കുമോ എന്ന സിപിഎമ്മിന്റെ ഭീതി എസ്എഫ്‌ഐക്കാരെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്ന അവസ്ഥയിലെത്തിച്ചു. വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍നിന്ന് എസ്എഫ്‌ഐ പിന്‍മാറിയതൊന്നും സമരത്തെ ദുര്‍ബലപ്പെടുത്തിയില്ല.
ഏഴ് ദിവസത്തെ നിരാഹാരത്തിനുശേഷം ആശുപത്രിയിലേക്ക് മാറ്റപ്പെട്ട മുരളീധരനുപകരം ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് നിരാഹാരം ആരംഭിച്ചു. ഇതിന് പിന്നാലെ കെ. മുരളീധരന്‍ എംഎല്‍എയും നിരാഹാരത്തിനെത്തി. ഇതെല്ലാം മാനേജ്‌മെന്റിനേയും സര്‍ക്കാരിനെയും അങ്കലാപ്പിലാക്കി. പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് സമരം പൊളിക്കാന്‍ നോക്കി. രൂക്ഷമായ മര്‍ദ്ദനമുറകളാണ് പോലീസ് സ്വീകരിച്ചത്. ഗ്രനേഡും ലാത്തിച്ചാര്‍ജും നിത്യസംഭവമായി. ഗ്രനേഡെറിഞ്ഞ് ബിജെപി നേതാവ് ഡോ. വാവയുടെ കണ്ണുടഞ്ഞു. എന്നിട്ടും ഒരു വിദ്യാര്‍ത്ഥിയെപ്പോലും പിന്‍തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. ചര്‍ച്ചയെന്ന പേരില്‍ മനേജ്‌മെന്റിന്റെ താല്‍പര്യം അടിച്ചേല്‍പ്പിക്കാന്‍ മന്ത്രി ശ്രമിച്ചു. നിര്‍ദ്ദാക്ഷിണ്യം അത് തള്ളിക്കഞ്ഞതോടെ സമരത്തിന്റെ സ്വരവും രീതിയും മാറി.
ഒരു വിദ്യാര്‍ത്ഥി മരത്തില്‍കയറി ആത്മഹത്യാഭീഷണി മുഴക്കി. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു. പോലീസ് ലാത്തി വീശലിനിടെ ഒരാള്‍ കുഴഞ്ഞുവീണുമരിച്ചു. ചൊവ്വാഴ്ചയാണ് അക്കാദമി സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേക്ക് കടന്നത്. അക്കാദമിയുടെ സമീപത്ത് പേരൂര്‍ക്കട ജംഗ്ഷനിലെ മരത്തിലാണ് നാലാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയും എബിവിപി ജോയിന്റ് സെക്രട്ടറിയുമായ ഷിമിത് മരത്തില്‍ കയറിയത്. കഴുത്തില്‍ കുരുക്കിട്ട ശേഷം, ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചു. സംയുക്തസമര സമിതിയുടെ നേതൃത്വത്തില്‍ മരത്തിന് ചുറ്റും കുത്തിയിരുന്ന് റോഡ് ഉപരോധിച്ചു. താഴെയിറങ്ങണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും പ്രശ്‌നത്തിന് പരിഹാരമുണ്ടാകാതെ താഴെയിറങ്ങില്ലെന്ന നിലപാടെടുത്തതോടെ പ്രശ്‌നം രൂക്ഷമായി. തുടര്‍ന്ന് അഗ്‌നിശമനസേന മരത്തിനുകീഴില്‍ സുരക്ഷ ഒരുക്കി.
ഇതിനിടെ ബിജെപി നേതാക്കള്‍ പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ട് പ്രശ്‌നം ബോധിപ്പിച്ചു. ഗവര്‍ണറും ഇടപെട്ടു. നാലുഭാഗത്തുനിന്നും കുരുക്ക് മുറുകിയപ്പോഴാണ് വീണ്ടും ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ തയ്യാറായത്. ചര്‍ച്ച നടത്തി സമവായവും ധാരണയും ഉണ്ടാക്കിയെന്ന് വീമ്പടിച്ച എസ്എഫ്‌ഐ ഇന്നലെയും ചര്‍ച്ച നടത്തി ഉടമ്പടിയില്‍ ഒപ്പുവച്ചു എന്നതാണ് വിചിത്രം. എസ്എഫ്‌ഐ എന്ന സംഘടനയെ പരിഹാസ്യമാക്കി മാറ്റാന്‍ സര്‍ക്കാരിന് സാധിച്ചു. സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ് അക്കാദമിയുടെ കീഴടങ്ങലിലൂടെ സംഭവിച്ചത്. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥി സംഘനടകള്‍ സമരം പിന്‍വലിച്ചത്. അനുഭാവ സത്യഗ്രഹം നടത്തിയ ബിജെപിയും കോണ്‍ഗ്രസും സമരം നിര്‍ത്തി. ധാരണ അനുസരിച്ച് ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തുനിന്ന് മാറ്റാനായി.
സര്‍വ്വകലാശാല നിയമപ്രകാരം എല്ലാ യോഗ്യതകളുമുള്ള പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കുന്നതിന് തീരുമാനിച്ചു. മാനേജ്‌മെന്റ് തീരുമാനിത്തില്‍ നിന്ന് വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി കരാറുമുണ്ടാക്കി. വിദ്യാര്‍ത്ഥികളുടെ ഒത്തൊരുമയുടെ വിജയമാണിതെന്ന് നിസംശയം പറയാം. രാഷ്ട്രീയ നിറമോ കക്ഷിബന്ധമോ നോക്കാതെ വിദ്യാര്‍ത്ഥികള്‍ ഒത്തൊരുമിച്ച് നിന്നത് കേരളത്തിന് പുതുമയും പ്രത്യേകതയുമുള്ളതാണ്. പ്രിന്‍സിപ്പാളിനെ മാറ്റിയെങ്കിലും സമരത്തിനിടയില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ കെട്ടടങ്ങുന്നില്ല. മാനേജ്‌മെന്റിന്റെ ഘടന, കൈവശപ്പെടുത്തിയ ഭൂമി, ക്യാമ്പസിലെ കച്ചവടസ്ഥാപനങ്ങള്‍ എന്നിവ ഉയര്‍ത്തിയിട്ടുള്ള തുടര്‍സമരങ്ങളും നടപടികളും സജീവമായി തന്നെ ജനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.
മുഖപ്രസംഗം,Janmabhumidaily