മുമ്പൊരുകാലത്തും കേള്‍ക്കാത്ത മുദ്രാവാക്യമുയര്‍ത്തിയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന ഉറപ്പ് വിശ്വസിച്ച കേരളീയര്‍ ഇന്ന് കടുത്ത നിരാശയിലാണ്. ഒന്നും ശരിയാകുന്നില്ലെന്ന് മാത്രമല്ല, പ്രതിയോഗികളെ മാത്രമല്ല സ്വന്തം അനുയായികളെപ്പോലും വെട്ടുകയും കുത്തുകയും ലോക്കപ്പലിട്ട് പീഡിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിയാണെങ്ങും. സിപിഎമ്മുകാരും പോഷകസംഘടനകളും പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും കയ്യേറ്റവും ഏതാണ്ട് നിത്യപരിപാടിയാക്കി. മറ്റുള്ളവരുടെ സ്ഥിതി പറയാതിരിക്കുകയാണ് ഭേദം. മദ്യപിച്ച് വാഹനമോടിച്ചു എന്നതിന് ഉടുതുണിപോലുമില്ലാതെ ലോക്കപ്പിലിട്ട് പീഡിപ്പിക്കുന്ന കാഴ്ചയുമുണ്ടായി. പോലീസ് മര്‍ദ്ദനവും മൂന്നാംമൂറയും സംസ്ഥാന വ്യാപകമാക്കി.
സിപിഎമ്മുകാരാണ് പ്രതികളെങ്കില്‍ അന്വേഷണമില്ല, കേസില്ല, അറസ്റ്റില്ല. പാലക്കാട് കഞ്ചിക്കോട് കാണുന്നത് അതാണ്. കഞ്ചിക്കോട് ചടയന്‍കലായില്‍ ബിജെപി പ്രവര്‍ത്തകരായ രാധാകൃഷ്ണന്‍, വിമല എന്നിവരെ ചുട്ടുകൊന്ന സംഭവത്തില്‍ പോലീസ് ഒത്തുകളി തുടരുകയാണ്. കേരളം അപൂര്‍വ്വമായി കണ്ട നിഷ്ഠുര സംഭവങ്ങളിലൊന്നായിരുന്നു കഞ്ചിക്കോട്ടേത്. മുഖ്യപ്രതി കഞ്ചിക്കോട് കിണര്‍ സ്റ്റോപ്പ് തോട്ടുമേടിലെ അജിയെന്ന അജിത്ത്കുമാറിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രി ഇയാളെ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു. അജിയോടൊപ്പം ആസൂത്രണത്തില്‍ പങ്കാളിയായിരുന്നവരെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ഇവരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ചോദ്യംചെയ്യല്‍ തുടരുകയാണെന്നാണ് പോലീസ് ഭാഷ്യം.
കണ്ണൂരില്‍ തുടങ്ങിയ അക്രമ പരമ്പര സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. കലാലയങ്ങള്‍ സംഘര്‍ഷമേഖലയാക്കാന്‍ എസ്എഫ്‌ഐ സംഘടിത നീക്കം നടത്തുമ്പോള്‍ സ്വാശ്രയമുതലാളിമാരുടെ അനുസരണയുള്ള അടിമയെപ്പോലെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പെരുമാറുന്നത്. കേരളാ ലോ അക്കാദമിയിലെ സമരത്തില്‍ സിപിഎം താല്‍പര്യം സംരക്ഷിക്കാന്‍ നാണംകെട്ട് തോറ്റുകൊടുത്തതിന്റെ ചമ്മല്‍ തീര്‍ക്കാനിപ്പോള്‍ മറ്റ് കലാലയങ്ങളിലവര്‍ കയ്യാങ്കളിക്ക് മുന്‍കൈ എടുക്കുകയാണ്. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐക്കാരുടെ സദാചാര ഗുണ്ടായിസത്തില്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെട്ടത് ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമാണ്.
സദാചാരപോലീസ് ചമഞ്ഞ എസ്എഫ്‌ഐയുടെ പത്തുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ് എടുത്തെങ്കിലും അറസ്റ്റൊന്നും നടന്നില്ല. നാടകം കാണാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സൂര്യഗായത്രി, ജാനകി എന്നിവര്‍ക്കൊപ്പം വന്ന തൃശൂര്‍ സ്വദേശി ജിജീഷിനാണ് സദാചാര ഗുണ്ടകളുടെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.
പെണ്‍കുട്ടികള്‍ക്കടുത്തിരുന്നതിനെ ചോദ്യം ചെയ്ത് ഏതാനും എസ്എഫ്‌ഐക്കാര്‍ എത്തുകയും ജിജീഷിനെ കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിനെ ചോദ്യം ചെയ്ത പെണ്‍കുട്ടികള്‍ക്കും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് ഇവരെ ബലമായി കോളേജില്‍ നിന്ന് പുറത്താക്കി ഗേറ്റ് അടച്ചു. എസ്എഫ്‌ഐ മാത്രം പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജ് സിപിഎമ്മിന്റെ മറ്റൊരു പാര്‍ട്ടി ഗ്രാമമാണ്. തല്ലിയതും തല്ലുകൊണ്ടതും
എസ്എഫ്‌ഐക്കാരാണെന്നതാണ് കൗതുകകരം.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ദളിതര്‍ക്കെതിരായ അക്രമങ്ങളും വര്‍ധിച്ചിരിക്കുകയാണ്. ദളിത് അക്രമത്തിന്റെ പേരില്‍ ഏകദേശം നാനൂറോളം കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. കോട്ടയം ജില്ലയിലെ നാട്ടകം പോളിടെക്‌നിക്കില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയെ ഒരു ക്ലാസ്സ് റൂമില്‍ പൂട്ടിയിട്ട് പുലയക്കുടില്‍ എന്നെഴുതിവച്ച് ക്രൂരമായി മര്‍ദിച്ചത് കേരളത്തെ ഞെട്ടിപ്പിച്ച സംഭവമാണ്.
വിദ്യാര്‍ത്ഥി ഇപ്പോഴും ആശുപത്രിയിലാണ്. എതിര്‍ ശബ്ദങ്ങളെയെല്ലാം അടിച്ചമര്‍ത്തുക എന്ന നയമാണ് സിപിഎം സ്വീകരിക്കുന്നത്. മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചത് അവര്‍ ദളിത് വിഭാഗത്തില്‍പ്പെട്ടതുകൊണ്ടു തന്നെയാണ്. തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചതും വീട്ട് ജോലി ചെയ്യിച്ചതും ന്യായീകരണമില്ലാത്ത പ്രവൃത്തികളാണ്. നിരന്തരമായ ദളിത് പീഡനങ്ങള്‍ നടന്നിട്ടും നടപടിയെടുക്കാന്‍ പോലീസ് മടിക്കുകയാണ്. ദളിത് ആക്ഷേപം നടത്തിയ ലക്ഷ്മി നായര്‍ക്കെതിരെ ദളിത് പീഡന നിരോധന നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാണെങ്കിലും മുഖ്യമന്ത്രിയും പോലീസും പ്രതിക്കൊപ്പമാണെന്നതാണ് അത്ഭുതകരം.
കണ്ണൂര്‍ അഴീക്കലിലെ സിപിഎം ഭരണത്തിലുള്ള ക്ഷേത്രത്തില്‍ അയിത്താചരണം നടക്കുന്നതും ഇവയോടൊപ്പം കൂട്ടിവായിക്കുമ്പോള്‍ കേരളം ഭ്രാന്താലയമെന്ന് തോന്നിപ്പോകുന്നു.പറഞ്ഞ വാക്കുകള്‍ പാലിക്കുന്നതിന്റെ ലക്ഷണമൊന്നും കാണുന്നില്ല. അഞ്ച് വര്‍ഷത്തേക്ക് വിലക്കയറ്റം എന്നൊന്നുണ്ടാകില്ലെന്നായിരുന്നു ഉറപ്പ്. സാധന വിലകള്‍ കുതിച്ചുയരുകയാണ്. വിലയിടുന്നത് സിപിഎമ്മിനും സര്‍ക്കാരിനും മാത്രമാണ്. അക്ഷരാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് ഭരണം കെട്ടുനാറിക്കൊണ്ടിരിക്കുകയാണ്.
മുഖപ്രസംഗം,Janmabhumi daily,February 13, 2017
No comments:
Post a Comment