ന്യൂദല്‍ഹി: നോട്ട് റദ്ദാക്കിയ കേന്ദ്രനടപടി മാവോയിസ്റ്റ് ഭീകരതയുടെ അടിത്തറയിളക്കി. ഒരു മാസത്തിനിടെ 564 മാവോയിസ്റ്റ് ഭീകരര്‍ കീഴടങ്ങി. ഇതില്‍ 469 പേരും കീഴടങ്ങിയത് നവംബര്‍ എട്ടിന് പ്രധാനമന്ത്രി നോട്ട് റദ്ദാക്കല്‍ തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം.
ആദ്യമായാണ് ഒരു മാസം ഇത്രയേറെ മാവോയിസ്റ്റുകള്‍ ആയുധം ഉപേക്ഷിക്കുന്നത്. കീഴടങ്ങിയവരില്‍ 70 ശതമാനവും ഒഡീഷയിലെ മാല്‍ക്കങ്കിരി ജില്ലയിലുള്ളവരാണ്. കഴിഞ്ഞ മാസം കേന്ദ്രനേതാക്കളുള്‍പ്പെടെ 23 മാവോയിസ്റ്റുകള്‍ ഇവിടെ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടിരുന്നു.
കീഴടങ്ങുന്ന കമ്യൂണിസ്റ്റ് ഭീകരരുടെ എണ്ണത്തില്‍ ഈ വര്‍ഷം വലിയ വര്‍ദ്ധനവുണ്ടായി. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം 1,399 മാവോയിസ്റ്റുകളാണ് 2016ല്‍ കീഴടങ്ങിയത്. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യ. 2011 മുതല്‍ ഈ വര്‍ഷം നവംബര്‍ 15 വരെ 3,766 മാവോയിസ്റ്റുകള്‍ കീഴടങ്ങി.
കേന്ദ്രനടപടികളും കീഴടങ്ങല്‍ വര്‍ദ്ധിച്ചതിന് പിന്നിലുണ്ടെന്ന് സിആര്‍പിഎഫ് ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഢ്, ഒഡീഷ, ബീഹാര്‍, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ വികസന പദ്ധതികള്‍ നടപ്പാക്കി. വനവാസി മേഖലകളില്‍ സ്വാധീനം നഷ്ടപ്പെട്ടിരിക്കുമ്പോഴുണ്ടായ നോട്ട് നിരോധനം ഇരുട്ടടിയായി.
ഭീഷണിപ്പെടുത്തിയും കൊള്ളയടിച്ചും സമ്പാദിച്ച പണം മാറ്റിയെടുക്കാന്‍ സാധിക്കാതെ പ്രതിസന്ധിയിലായി. മാവോയിസ്റ്റുകള്‍ നോട്ട് മാറ്റിയെടുക്കുന്നത് കണ്ടെത്താന്‍ പോലീസ് പ്രത്യേക ജാഗ്രത പുലര്‍ത്തിയിരുന്നു. ഝാര്‍ഖണ്ഡിലും തെലങ്കാനയിലും ബാങ്കുകളിലെത്തിയ മാവോയിസ്റ്റുകള്‍ അറസ്റ്റിലായി.
നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സഹായിക്കാത്തതിന് നഴ്‌സിംങ് ഹോം ഉടമയെ ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടര്‍ന്നാല്‍ കീഴടങ്ങലുകള്‍ ഇനിയും വര്‍ദ്ധിക്കുമെന്ന് സിആര്‍പിഎഫ് വ്യക്തമാക്കുന്നു.
News credits,കെ. സുജിത്ത് ,Janmabhumidaily
No comments:
Post a Comment