കോട്ടയം: സഹകരണ മേഖലയിലെ പ്രതിസന്ധിയുടെ മറവില്‍ കള്ളപ്പണക്കാരുടെ പണം വെളുപ്പിക്കാന്‍ സംസ്ഥാനത്ത് ഊര്‍ജ്ജിത ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.
വന്‍തോതില്‍ നിക്ഷേപമുള്ള അക്കൗണ്ടുകളിലെ പണം ചെറിയ ചെറിയ നിക്ഷേപങ്ങളാക്കി സഹകരണ സംഘങ്ങളിലെ മറ്റ് സഹകാരികളുടെ പേരിലാക്കുകയാണ്.
കോ-ഓപ്പറേറ്റീവ് ബാങ്കുകളിലെ സെര്‍വറുകള്‍ അതാത് ബാങ്കുകള്‍ക്കുതന്നെ മാറ്റം വരുത്താമെന്നിരിക്കെ ഈ അക്കൗണ്ട് മാറ്റം എളുപ്പം നടപ്പാക്കാം.
കമ്പ്യൂട്ടര്‍വല്‍ക്കരണം നടത്താത്ത സംഘങ്ങളില്‍ ലഡ്ജറുകള്‍ മാറ്റി എഴുതുന്നു. സഹകരണസംഘങ്ങളില്‍ ഈ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തേണ്ടത് എങ്ങനെയെന്ന് സഹകരണസംഘം അധികൃതരെ പഠിപ്പിക്കാന്‍ സിപിഎം നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും യോഗങ്ങള്‍ നടത്തി. കോട്ടയം ജില്ലയില്‍ ഇത്തരത്തില്‍ നടന്ന യോഗത്തില്‍ അഡ്വ.ജനറല്‍ നേരിട്ടെത്തി ക്ലാസ് എടുത്തു.
ഈ സാഹചര്യത്തില്‍ സഹകരണ ബാങ്കുകളുടെ ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപം മാറ്റി വാങ്ങുന്നതില്‍ റിസര്‍വ്വ് ബാങ്കും ആദായനികുതി വകുപ്പും ശക്തമായ പരിശോധന നടത്തണം.
സഹകരണ രംഗത്ത് നിലനില്‍ക്കുന്ന അനാശാസ്യ നടപടികളെപ്പറ്റി ബിജെപി ചൂണ്ടിക്കാണിച്ചതെല്ലാം അക്ഷരംപ്രതി ശരിയാണെന്ന് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരിക്കുന്നു. പ്രാഥമിക സഹകരണസംഘങ്ങളില്‍ മാര്‍ച്ച് അവസാനത്തോടെ കെവൈസി ഏര്‍പ്പെടുത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നു. ഈ കാര്യം നേരത്തെ ചെയ്തിരുന്നെങ്കില്‍ സഹകരണ മേഖലയില്‍ ഇപ്പോള്‍ ഉണ്ടായ പ്രതിസന്ധിക്ക് നേരത്തെ പരിഹാരമായേനെ.
കൃഷിക്കാര്‍ക്ക് നാമമാത്രമായ പലിശയ്ക്ക് സ്വര്‍ണ്ണപണയത്തിന്മേല്‍ നല്‍കേണ്ട കൃഷിവായ്പ അതേ പലിശനിരക്കില്‍ സ്വര്‍ണ്ണ വ്യാപാരികള്‍ക്ക് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ നിന്ന് വന്‍തുക നല്‍കുന്നു.
കണ്ണൂര്‍ ഇരിക്കൂര്‍ പട്ടന്നൂര്‍ സര്‍വ്വീസ് സഹരണ ബാങ്കിന്റെ രസീത് പത്രസമ്മേളനത്തില്‍ തെളിവായി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം അദ്ദേഹം വിശദീകരിച്ചത്.
സഹകരണ ബാങ്കുകളും ന്യൂജനറേഷന്‍ ബാങ്കുകളുമായുള്ള ഇടപാടുകള്‍ റിസര്‍വ്വ് ബാങ്കും ആദായനികുതി വകുപ്പും അന്വേഷിക്കണം.
റബ്‌കോ, സഹകരണ ആശുപത്രികള്‍ തുടങ്ങിയ സഹകരണ മേഖലയിലെ സ്ഥാപനങ്ങളില്‍ വ്യക്തികള്‍ നടത്തിയ വന്‍നിക്ഷേപങ്ങള്‍ അന്വേഷണ വിധേയമാക്കണം.
ഇത്തരം നിക്ഷേപങ്ങള്‍ക്ക് യാതൊരു നികുതിയുമില്ല. ഇത്തരം സ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ചവരെ കണ്ടെത്താനും അവരെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
News Credits,Janmabhumidaily
No comments:
Post a Comment