തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരേ തുറന്നടിച്ച് ബിജെപി. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്ന സംഭവത്തില്‍ ഇല്ലാത്ത പ്രതിസന്ധി ഉണ്ടാക്കാനാണ് തോമസ് ഐസക്ക് ശ്രമിക്കുന്നതെന്ന് ബിജെപി വക്താവ് ജെ.ആര്‍ പത്മകുമാര്‍ ആരോപിച്ചു. സംസ്ഥാനം ബുദ്ധിമുട്ട് നേരിടുമ്പോള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം അതില്‍ ആനന്ദം കണ്ടെത്തുന്ന ധനമന്ത്രി ഒരുപക്ഷെ കേരളത്തില്‍ മാത്രമേ കാണൂവെന്നും അദ്ദേഹം പരിഹസിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണവും സഹകരണ മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ജനംടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നാളെ 24,000 രൂപ കിട്ടുമോയെന്ന് സംശയമുണ്ടെന്ന് പറഞ്ഞ് ഇന്നലെ തന്നെ മാദ്ധ്യമങ്ങളിലൂടെ തോമസ് ഐസക് പ്രചാരണം നടത്തി. കൂടുതല്‍ പേരെ ട്രഷറിയിലും ബാങ്കുകളിലും എത്തിച്ച് സ്ഥിതി വഷളാക്കുകയെന്നതായിരുന്നു ഉദ്ദേശ്യം. ഇല്ലാത്ത പ്രതിസന്ധി ഉണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചായിരുന്നു ധനമന്ത്രിയുടെ പെരുമാറ്റമെന്ന് ജെ.ആര്‍ പത്മകുമാര്‍ കുറ്റപ്പെടുത്തി. ധനമന്ത്രിയുടെ ട്രഷറി സന്ദര്‍ശനവും പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനവും ഇതിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാം പരാജയപ്പെട്ടപ്പോള്‍ നാളെ ശമ്പളം മുടങ്ങാന്‍ സാദ്ധ്യതയുണ്ടെന്നും അല്ലെങ്കില്‍ മറ്റെന്നാളില്‍ മുടങ്ങിയേക്കുമെന്നുമാണ് ഇപ്പോള്‍ പറയുന്നത്.
ഇന്നലെ വിളിച്ച ആര്‍ബിഐ ഉദ്യോഗസ്ഥരുടെ യോഗം സംസ്ഥാന സര്‍ക്കാരിന് രണ്ട് ദിവസം മുന്‍പ് വിളിച്ചുകൂട്ടാമായിരുന്നു. പണമെത്തിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്താമായിരുന്നു. അങ്ങനെയെങ്കില്‍ കുറച്ചുകൂടി എളുപ്പമാകുമായിരുന്നു കാര്യങ്ങള്‍. എന്തുകൊണ്ടാണ് സര്‍ക്കാര്‍ യോഗം വിളിക്കാന്‍ അവസാന നിമിഷം വരെ കാത്തിരുന്നതെന്ന് ജെ.ആര്‍ പത്മകുമാര്‍ ചോദിച്ചു. എന്തൊക്കെയോ ചെയ്തുവെന്ന ധാരണ വരുത്തിതീര്‍ക്കുകയും എന്നാല്‍ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുകയുമാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്ന് പത്മകുമാര്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ ഈ നിലപാട് കേന്ദ്രവും സംസ്ഥാനവും തമ്മിലുളള ബന്ധത്തെ പോലും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് കെവൈസി ബാധകമാക്കാനുളള തീരുമാനം എന്തുകൊണ്ടാണ് പത്തോ പതിനഞ്ചോ ദിവസങ്ങള്‍ക്ക് മുന്‍പ് കൈക്കൊളളാഞ്ഞതെന്ന് ജെ.ആര്‍ പത്മകുമാര്‍ ചോദിച്ചു. അതിന്റെ പേരില്‍ ആര്‍ബിഐയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുകയും ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. ഈ വിഷയത്തില്‍ ഹര്‍ത്താല്‍ നടത്തിയ എല്‍ഡിഎഫ് ജനങ്ങളോട് മാപ്പു പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
News Credits,Janamtv.com
No comments:
Post a Comment