ന്യൂഡൽഹി: മുസ്ലീം ജനവിഭാഗത്തെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ ബന്ധനത്തിൽ കുടുക്കിയിരിക്കുകയാണ് കോൺഗ്രസ് പാർട്ടിയെന്ന് കേന്ദ്ര മന്ത്രി നജ്‍മ ഹെപ്തുളള. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്നത് മുന്തിയ പരിഗണനയാണ്. അസമിൽ മുസ്ലീം വോട്ടർമാർ വലിയ തോതിൽ ബിജെപിയെ പിന്തുണച്ചെന്നും നജ്മ ഹെപ്‍തുളള പറഞ്ഞു.
ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസിന്‍റെ മുസ്ലീം വിരുദ്ധ ചെയ്തികളെക്കുറിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി നജ്മ ഹെപ്തുള്ള തുറന്നടിച്ചത്. പ്രധാനമന്ത്രിയെ മുസ്ലീം വിരുദ്ധനെന്ന് പ്രചരിപ്പിച്ച പ്രതിപക്ഷ കക്ഷികളുടേത് പൊയ്മുഖമാണെന്ന് നജ്‍മ ഹെപ്‍തുളള പറഞ്ഞു.
മുസ്ലീം ജനവിഭാഗത്തെ ബന്ധനത്തിലുളള വോട്ടർമാരായാണ് കോൺഗ്രസ് കണക്കാക്കുന്നത്. എന്നാൽ എൻഡിഎ അധികാരത്തിലേറിയശേഷം ഈ അവസ്ഥ മാറി. അസം തെരഞ്ഞെടുപ്പിൽ ഈ മാറ്റം പ്രകടമായെന്നും ഹെപ്തുള്ള പറഞ്ഞു. അസമിലെ 34ശതമാനം വരുന്ന മുസ്ലീം വിഭാഗം ബിജെപിയുടെ വിജയത്തിന് തടസം നിന്നില്ലെന്ന് മാത്രമല്ല അവർ ബിജെപിക്കായി വോട്ട് ചെയ്യുകയും ചെയ്‍തു. ഇവർക്ക് കാലങ്ങളായി നിഷേധിക്കപ്പെട്ടിരുന്ന പൗരത്വം നേടിക്കൊടുക്കാൻ കേന്ദ്ര സർക്കാരിനായെന്നും നജ്മ ഹെപ്തുള്ള അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിന് മികച്ച പരിഗണനയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. മറ്റേതു സർക്കാരിനെക്കാളും ന്യൂനപക്ഷങ്ങളോട് നീതി പുലർത്താനായതിന്‍റെ ചാരിതാർത്ഥ്യത്തിലാണ് നരേന്ദ്ര മോദി സർക്കാർ ഭരണത്തിൽ രണ്ട് വർഷം പൂർത്തിയാക്കുന്നതെന്നും അവർ പറഞ്ഞു.
No comments:
Post a Comment