Wednesday, February 17, 2016

കേരളം കടമെടുത്ത്‌ മുടിയുന്നു : സാമ്പത്തികസ്‌ഥിതി ഗുരുതരമെന്ന്‌ സി.എ.ജി.

തിരുവനന്തപുരം : പ്രാഥമിക ചെലവുകള്‍ക്കു പോലും ആശ്രയം വായ്‌പ. കടമെടുക്കുന്ന പണത്തില്‍ പകുതിയിലധികവും വിനിയോഗിക്കുന്നത്‌ കമ്മി നികത്തലിന്‌. ചെലവ്‌ അതിവേഗം ഉയരുന്നു. വരുമാനമാകട്ടെ, പ്രതീക്ഷിച്ചതിലും ബഹുദൂരം താഴെ. അഞ്ചു വര്‍ഷം കൊണ്ട്‌ കേരളത്തിന്റെ സാമ്പത്തിക സ്‌ഥിതി ഗുരുതരമായെന്നു വ്യക്‌തമാക്കുന്ന കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്‌ നിയമസഭയില്‍.
അഞ്ചു വര്‍ഷം കൊണ്ട്‌ സര്‍ക്കാരിന്റെ ചെലവുകള്‍ ഇരട്ടിയായെന്നും പ്രാഥമിക ചെലവുകള്‍ക്കു പോലും കടത്തെ ആശ്രയിക്കേണ്ട സ്‌ഥിതിയിലാണെന്നും 2015-ലെ സി.എ.ജി. റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു. കടമെടുക്കുന്ന തുക പോലും കമ്മി നികത്താനായാണ്‌ ഉപയോഗിക്കുന്നത്‌. ചെലവുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതും വരുമാനം പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരാത്തതിനാല്‍ വീണ്ടും കടമെടുക്കേണ്ടിവരുന്നതും സംസ്‌ഥാനത്തിന്റെ സാമ്പത്തികസ്‌ഥിതിയെ അതീവ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ്‌ സി.എ.ജി. റിപ്പോര്‍ട്ട്‌ നല്‍കുന്ന സൂചന.
2014-15 ല്‍ കടമെടുത്ത 18,509 കോടി രൂപയില്‍ പലിശ, മുതല്‍ തിരിച്ചടവ്‌ എന്നിവയ്‌ക്കു ശേഷം ബാക്കിയായത്‌ വെറും 5365 കോടി! 2010-11ല്‍ 38,791 കോടിയായിരുന്ന ചെലവ്‌ 2014-15 ആയപ്പോഴേക്കും 76,744 കോടിയായി - വര്‍ധന 98 ശതമാനം. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 10,500 കോടിയുടെ വര്‍ധന. റവന്യു കമ്മി കുറയ്‌ക്കാനും കടം നിയന്ത്രിക്കാനുമായി 2003-ല്‍ കൊണ്ടുവന്ന സാമ്പത്തിക ഉത്തരവാദിത്വ നിയമം ലക്ഷ്യം കണ്ടതുമില്ല.
ചെലവ്‌ കുതിച്ചുയര്‍ന്നിട്ടും കഴിഞ്ഞ നാലു വര്‍ഷവും ലക്ഷ്യമിട്ട വരുമാനം നേടാന്‍ കഴിഞ്ഞില്ല. അതോടെ റവന്യു, സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയാത്ത സ്‌ഥിതിയായി. നാലു വര്‍ഷവും റവന്യു കമ്മിയും ധനകമ്മിയും പ്രാഥമിക കമ്മിയും പ്രതീക്ഷയ്‌ക്കപ്പുറം വര്‍ധിച്ചു. ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വരുമാനത്തിന്റെ വളര്‍ച്ച വളരെ കുറവ്‌. കടം ഒഴികെയുള്ള വരവുകളുടെയുടെയും മൊത്തം ചെലവിന്റെയും വര്‍ധന തമ്മിലെ വ്യത്യാസം നെഗറ്റീവാണെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.
ചെലവും പലിശബാധ്യതയും കൂടുന്നതിനനുസരിച്ച്‌ വരുമാനം കൂടാത്തതാണ്‌ വായ്‌പ അനിവാര്യമായ സ്‌ഥിതിയുണ്ടാക്കുന്നത്‌. വായ്‌പയെ അമിതമായി ആശ്രയിക്കുന്ന സംസ്‌ഥാനത്തിന്‌ അടുത്ത ഏഴു വര്‍ഷത്തിനകം ഇതുവരെ എടുത്ത മൊത്തം കടത്തിന്റെ 41.1 ശതമാനമായ 42,362.01 കോടി രൂപ തിരിച്ചടയ്‌ക്കേണ്ടി വരും. ഈ ഗുരുതര സാഹചര്യം നേരിടാന്‍ തക്ക വരുമാനവര്‍ധന ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന്‌ ശ്രമിച്ചില്ലെങ്കില്‍ സ്‌ഥിതി വളരെ ദയനീയമാകും. മൊത്തം റവന്യു വരുമാനത്തില്‍ 18 ശതമാനം വളര്‍ച്ചയുണ്ടെങ്കിലും തനത്‌ നികുതികളിലെ വളര്‍ച്ച 10 ശതമാനം മാത്രം.
2014-15ല്‍ 64,842.34 കോടിയുടെ റവന്യു വരുമാനം ലക്ഷ്യമിട്ടെങ്കിലും അതില്‍ 5,637.85 കോടി കുറവാണ്‌ ലഭിച്ചത്‌. ലക്ഷ്യമിട്ട തുകയില്‍ എക്‌സൈസ്‌ വരുമാനം 90 ശതമാനവും വാഹനനികുതി 86 ശതമാനവും സ്‌റ്റാമ്പ്‌ ഡ്യൂട്ടി 70 ശതമാനവും കേന്ദ്ര വിഹിതം 79 ശതമാനവുമാണു ലഭിച്ചത്‌. ഭാഗ്യക്കുറിയില്‍ 5445 കോടി വരുമാനമുണ്ടായെങ്കിലും കമ്മിഷനും ചെലവും കൂടിയതു മൂലം അറ്റാദായം 960 കോടി മാത്രമായി. മൊത്തം ചെലവിന്റെ 93.5 ശതമാനവും റവന്യൂ ചെലവിനായി പോകുകയാണ്‌. അതുകൊണ്ടു തന്നെ മറ്റു മേഖലകളില്‍ കുറഞ്ഞ പരിഗണനയേ കിട്ടിയിട്ടുള്ളൂ.
അഞ്ചു വര്‍ഷവും റവന്യു ചെലവിന്റെ 60 ശതമാനത്തിലധികവും ശമ്പളം, വേതനം, പെന്‍ ഷന്‍, പലിശ എന്നിവയ്‌ക്കായാണു വിനിയോഗിച്ചത്‌. പൊതുവിപണിയില്‍ നിന്നുള്ള കടമെടുപ്പ്‌ വര്‍ധിക്കുന്നത്‌ പലിശ ബാധ്യത ഉയരുന്നതിനും വഴിവയ്‌ക്കുന്നു. സംസ്‌ഥാനത്തിന്റെ സാമ്പത്തിക ബാധ്യത 2014 ഏപ്രിലില്‍ 1,24, 081 കോടിയായിരുന്നത്‌ 2015 അ വസാനം 1,41,947 കോടിയായി.

No comments:

Post a Comment