Thursday, June 18, 2015

ആറന്മുളപ്രക്ഷോഭത്തിന്റെ വിജയം ഭുമാഫിയകള്‍ക്കുള്ള താക്കീത്‌ : കുമ്മനം രാജശേഖരന്‍

ആറന്മുളവിമാനത്താവളത്തിനുള്ള അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം പിന്‍വലിച്ചുകൊണ്ട് ഇന്ന് ഉത്തരവായതോടെ മണ്ണിനും വെള്ളത്തിനും അന്നത്തിനും വേണ്ടി ജനങ്ങള്‍ നടത്തിയ ത്യാഗോജ്ജ്വലമായ അതിജീവനസമരം പൂര്‍ണ്ണവിജയത്തിലെത്തിയെന്ന് ആറന്മുള പൈതൃക ഗ്രാമകര്‍മ്മ സമിതി മുഖ്യരക്ഷാധികാരിയും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു. അനുമതി റദ്ദാക്കി വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങിയ പശ്ചാത്തലത്തില്‍ കാഞ്ഞങ്ങാട്‌ വെച്ച്‌ നടന്ന പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരിസ്ഥിതിക – പ്രതിരോധ മന്ത്രാലയങ്ങളുടെ അനുമതികള്‍ മുന്‍പ് റദ്ദ് ചെയ്തിരുന്നു. വ്യോമയാനമന്ത്രാലയം കൂടി ഏറ്റവും അവസാനമായി അനുമതി റദ്ദാക്കിയതോടെ വിമാനത്താവളത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചുകഴിഞ്ഞു. കള്ളപ്രചരണവും അധികാരവും പണവും ഉപയോഗിച്ച് ജനകീയസമരങ്ങളെ അടിച്ചമര്‍ത്താനോ പരാജയപ്പെടുത്താനോ ആവില്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആറന്മുള പ്രക്ഷോഭം.
കേരളസര്‍ക്കാരും ഭൂമാഫിയകളും വന്‍കിട കോര്‍പ്പറേറ്റ് ശക്തികളും സ്ഥലം എം.എല്‍.എയും, എം.പിയും രാജ്യസഭാ ഉപാദ്ധ്യക്ഷനും കൈകോര്‍ത്തുപിടിച്ച് ജനങ്ങള്‍ക്കെതിരെ അതിശക്തമായ കടന്നാക്രമണം നടത്തിയിട്ടും സമാധാനപരമായി നിയമയുദ്ധങ്ങളും പ്രക്ഷോഭങ്ങളും വഴി ജനങ്ങള്‍ ഒട്ടേറേ ത്യാഗങ്ങള്‍ സഹിച്ചും നാടിന്റെ പൈതൃകത്തെയും പരിസ്ഥിതിയെയും പമ്പാനദിയെയും പള്ളിയോടങ്ങളെയും പരിരക്ഷിച്ചു. മത-ജാതി-രാഷ്ട്രീയ-പ്രാദേശിക ഭേദചിന്തകള്‍ മറന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നേറി. കള്ളക്കേസുകളില്‍ കുടുക്കി ഒട്ടേറെ പേരെ പീഡിപ്പിച്ചു. ആഴ്ച്ചകളോളം ജയിലില്‍ കിടവരും മര്‍ദ്ദനമേറ്റവരും ധാരാളമുണ്ട്. പ്രക്ഷോഭത്തിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും, ധീരമായ നിലപാട് സ്വീകരിച്ച് ഉറപ്പുകള്‍ പാലിച്ച കേന്ദ്രസര്‍ക്കാരിനും ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
ആറന്മുളപാടത്തും പുഴയിലും മണ്ണിട്ട് നികത്തി ആരംഭിച്ച വിമാനത്താവള കമ്പനിയുടെ അധിനിവേശം ഇപ്പോഴും അവസാനിച്ചിട്ടില്ല. എല്ലാ അനുമതിയും കിട്ടിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടുമെന്നും അടുത്ത വര്‍ഷം ആദ്യ വിമാനം പറക്കുമെന്നും മറ്റും പച്ചനുണ പ്രചരിപ്പിക്കുന്ന കെ.ജി.എസ് ഗ്രൂപ്പ് കമ്പനി ആറന്മുള വിട്ടു പോകണം. നാളിതുവരെ കമ്പനി നടത്തിയ അഴിമതിയും തട്ടിപ്പും ക്രമക്കേടും വിദഗ്ദ്ധ കുറ്റാന്വേഷണ സമിതി അന്വേഷിക്കണം. ആറന്മുളയെ വ്യവസായമേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കുമെന്ന ഉറപ്പ് കേരള മുഖ്യമന്ത്രി പാലിക്കണം. വിമാനത്താവളത്തിനു കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ റവന്യൂമന്ത്രി സ്ഥലം മാറ്റിയ 48 റവന്യൂ ഉദ്യോഗസ്ഥരെയും പൂര്‍വ്വസ്ഥാനങ്ങളില്‍ നിയമിക്കണം. 7 കളക്ടര്‍മാരെയും 5 ഡപ്പ്യൂട്ടി കളക്ടര്‍മാരെയും നാളിതുവരെ സ്ഥലം മാറ്റി. ഈ വക വിഷയങ്ങളെകുറിച്ചെല്ലാം വിശദവും വിദഗ്ദ്ധവുമായ അന്വേഷണം നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആറന്മുളയിലെ 232 ഏക്കര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇനിയും നടപ്പാക്കിയിട്ടില്ല. നിര്‍ധനരും ഭൂരഹിതരുമായവര്‍ക്ക് ഉടനെ ഭൂമി വിതരണം ചെയ്യണം.
കേരളത്തിലെ എല്ലാ നീര്‍ത്തടങ്ങളും നെല്‍വയലുകളും കുളങ്ങളും കുുന്നുകളും സംരക്ഷിക്കുന്നതിനുവേണ്ടി നടക്കുന്ന ജനമുന്നേറ്റത്തിനു ആറന്മുള പ്രക്ഷോഭം കരുത്തു പകര്‍ന്നിരിക്കുകയാണ്. നെല്ലറകളായ കുട്ടനാടും പാലക്കാടും ഉള്ള നെല്‍പ്പാടങ്ങള്‍ ലക്ഷ്യമിട്ട് ഭൂമാഫിയകള്‍ നടത്തുന്ന കരുനീക്കങ്ങള്‍ക്ക് ഇതോടെ കനത്ത പ്രഹരമേറ്റിരിക്കുകയാണ്. ആറന്മുള പ്രക്ഷോഭം വിമാനത്താവളം ഒരിടത്തും സ്ഥാപിക്കാതിരിക്കുന്നതിനു വേണ്ടിയായിരുന്നില്ല. മറിച്ചുള്ള പ്രചരണം വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനാണ് കെ.ജി.എസ് കമ്പനി ശ്രമിച്ചത്. ആറന്മുളയില്‍ തന്നെ വിമാനത്താവളം വേണമെന്ന നിര്‍ബന്ധബുദ്ധിക്കും പിടിവാശിക്കും പിന്നില്‍ ചില ആഗോളശക്തികളുടെ ഗൂഢാലോചനയും ഇടപെടലുകളും നടന്നിട്ടുണ്ട്. ആറന്മുളയെ സംരക്ഷിക്കുന്നതിനും പൈതൃകം നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള വിപുലമായ കര്‍മ്മപദ്ധതി ആവിഷ്‌കരിക്കുവാന്‍ ബന്ധപ്പെട്ടവരെല്ലാം ശ്രമിക്കണമെന്നും കുമ്മനം രാജശേഖരന്‍ അഭ്യര്‍ത്ഥിച്ചു.

No comments:

Post a Comment