തിരുവനന്തപുരം: ബാര്‍ വിഷയവുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എം. മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടതില്‍ ഒരു കോടി നല്‍കിയെന്നും ലൈസന്‍സ് ഫീസ് കുത്തനെ ഉയര്‍ത്താതിരിക്കാന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിന് 10 കോടി രൂപ നല്‍കിയെന്നും ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിനും പണം നല്‍കിയെന്നും ബാറുടമാ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് കോടതിക്കു നല്‍കിയ രഹസ്യമൊഴി പുറത്ത്.
കഴിഞ്ഞ മാര്‍ച്ച് 30ന് ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് മൂന്നു മന്ത്രിമാര്‍ പണം വാങ്ങിയെന്ന് ബിജു വെളളിപ്പെടുത്തിയത്.
ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റ് കെ. വിഷ്‌ണുവാണ് വിജിലന്‍സിന്റെ ആവശ്യപ്രകാരം ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തിയത്.
വിജിലന്‍സിന് ആദ്യം നല്‍കിയ മൊഴി മാറ്റിപ്പറഞ്ഞ് കെ.എം. മാണിയെ രക്ഷിക്കാന്‍ അസോസിയേഷന്‍ ഭാരവാഹികളെ ജോസ് കെ. മാണി എം.പിയും മന്ത്രി പി.ജെ. ജോസഫും നിര്‍ബന്ധിച്ചെന്നു വ്യക്‌തമാക്കുന്ന സി.ഡിയും മൊഴിയോടൊപ്പം ബിജു കോടതിയില്‍ നല്‍കി.
എറണാകുളത്ത് ചേര്‍ന്ന ബാറുടമകളുടെ യോഗത്തില്‍ മാണിയെ ബാര്‍ കോഴക്കേസില്‍ നിന്നു രക്ഷിച്ചാല്‍ കോടതിയില്‍ ബാറുടമകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാമെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു ഉറപ്പു നല്‍കിയതായും ബിജുവിന്റെ മൊഴിയില്‍ പറയുന്നു.
പൂട്ടിയ 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കുന്നതിനു മുമ്പ് കെ.പി.സി.സിയില്‍ ചര്‍ച്ച ചെയ്യണമെന്ന് വി.എം. സുധീരന്‍ ആവശ്യപ്പെട്ടതായി കെ. ബാബു ബാര്‍ ഹോട്ടല്‍ ഉടമാ അസോസിയേഷന്‍ ഭാരവാഹികളെ അറിയിച്ചു. ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ കെ.എം. മാണിയെയും കുഞ്ഞാലിക്കുട്ടിയെയും കാണാന്‍ നിര്‍ദേശിച്ചു. 418 ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാക്കാമെന്ന ഉറപ്പും മുഖ്യമന്ത്രി അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നല്‍കി.
പ്രസിഡന്റ് ഡി. രാജ്‌കുമാര്‍, സെക്രട്ടറി എം.ഡി. ധനേഷ്, വൈസ് പ്രസിഡന്റ് കൃഷ്‌ണദാസ്, ഉപദേശക സമിതിയംഗം ഇടശേരി ജോസ്, ജോണ്‍ കല്ലാട്ട് തുടങ്ങിയവരാണ് മാര്‍ച്ച് 22 ന് ക്ലിഫ്‌ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇവര്‍ മന്ത്രി മാണിയുടെ പാലായിലെ വസതിയിലേക്കു പോയി. പോകുമ്പോള്‍ സംസ്‌ഥാന ട്രഷറര്‍ തങ്കച്ചനോടും കോട്ടയം ജില്ലാ സെക്രട്ടറി സാജു ഡൊമിനിക്കിനോടും കുറച്ച് പണം സംഘടിപ്പിച്ച് എത്താന്‍ ഉണ്ണി നിര്‍ദേശിച്ചു. ഇതനുസരിച്ച് അവര്‍ 15 ലക്ഷം രൂപ എത്തിച്ചു. ഈ തുക കൈമാറിയപ്പോള്‍ കെ.എം. മാണി അഞ്ചു കോടി ആവശ്യപ്പെട്ടതായി ഭാരവാഹികള്‍ പറഞ്ഞറിയാമെന്നും ബിജുവിന്റെ മൊഴിയില്‍ പറയുന്നു.തുടര്‍ന്ന് മാര്‍ച്ച് 26-ലെ മന്ത്രിസഭായോഗത്തില്‍ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കുന്ന ഫയല്‍ പഠിക്കാന്‍ കെ.എം. മാണി കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഈ വിവരം കെ. ബാബു ഭാരവാഹികളെ അറിയിച്ചു. വീണ്ടും എറണാകുളം, തൃശൂര്‍ ഭാഗത്തു നിന്ന് 50 ലക്ഷം പിരിച്ചുനല്‍കി. ബാക്കി ഉടന്‍ എത്തിക്കണമെന്ന് മാണി പറഞ്ഞപ്പോള്‍ കൂടുതല്‍ സമയം വേണമെന്ന് ഭാരവാഹികളും ആവശ്യപ്പെട്ടു. ഏപ്രില്‍ 20-ലെ മന്ത്രിസഭായോഗത്തിനു മുമ്പ് പണം നല്‍കണമെന്നാണ് മാണി ആവശ്യപ്പെട്ടത്. തിരുവനന്തപുരത്ത് തന്റെ ഹോട്ടലില്‍ താമസിച്ച രാജ്‌കുമാര്‍ (ഉണ്ണി), തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുനില്‍, യമഹ സുരേന്ദ്രന്‍, ഇന്ദ്രപാലന്‍ എന്നിവരെ ബന്ധപ്പെട്ട് 25 ലക്ഷം രൂപ സംഘടിപ്പിച്ചു. താന്‍ 10 ലക്ഷം രൂപ നല്‍കിയതും ചേര്‍ത്ത് 35 ലക്ഷവുമായി മാണിയെ കാണാന്‍ പോയി. രാജ്‌കുമാറിനെ മാണിയുടെ ഔദ്യോഗിക വസതിയില്‍ എത്തിച്ചത് തന്റെ ഡ്രൈവറായ വിജയകുമാറെന്ന അമ്പിളിയാണെന്നും ബിജു മൊഴി നല്‍കി. നിലവാരമുള്ള ബാറുകള്‍ക്കു ലൈസന്‍സ് നല്‍കാന്‍ തുടര്‍ന്നു നടന്ന മന്ത്രിസഭാ യോഗത്തില്‍ മാണി ശക്‌തമായി ആവശ്യപ്പെട്ടു. എന്നാല്‍ സുധീരന്‍ പഴയ നിലപാടില്‍ ഉറച്ചുനിന്നു.
കെ.എം. മാണിക്കു പണം നല്‍കിയതും അദ്ദേഹം ബാക്കി നാലു കോടി രൂപ ആവശ്യപ്പെട്ടതും കൃഷ്‌ണദാസ് വഴി കെ. ബാബുവിനെ അറിയിച്ചു. ഈ വിവരം ബാബു മുഖ്യമന്ത്രിയെ അറിയിച്ചു. ബാക്കി പണം നല്‍കേണ്ടെന്നും മാണിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതായി ബാബു കൃഷ്‌ണദാസിനോടു പറഞ്ഞെന്നും ബിജുവിന്റെ മൊഴിയിലുണ്ട്.
ബിജു രമേശിനെതിരേ അടുത്തയാഴ്‌ച കേസ് ഫയല്‍ ചെയ്യും: മന്ത്രി ബാബു
തിരുവനന്തപുരം: ബാര്‍ ഉടമ ബിജു രമേശിനെ ചട്ടുകമാക്കി സി.പി.എം. നടത്തുന്ന രാഷ്‌ട്രീയഗൂഢാലോചനയുടെ ഭാഗമാണു തനിക്കെതിരായ ആരോപണങ്ങളെന്നു മന്ത്രി കെ. ബാബു. ബിജുവിനെതിരേ അടുത്തയാഴ്‌ച കേസ് ഫയല്‍ ചെയ്യുമെന്നും മന്ത്രി വ്യക്‌തമാക്കി.
ഫീസ് കുറച്ചതുവഴി ബാര്‍ ഉടമകള്‍ക്കുണ്ടായ 12 കോടി രൂപയുടെ ലാഭത്തില്‍ 10 കോടി തനിക്കു നല്‍കിയെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. മന്ത്രി കെ.എം. മാണിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ ബിജു രമേശിനു കഴിഞ്ഞിട്ടില്ല. ബാറുകള്‍ പൂട്ടിയപ്പോള്‍ നഷ്‌ടമുണ്ടായ ഒരു മദ്യരാജാവിന്റെ പ്രതികരണം മാത്രമാണിത്. വിജിലന്‍സിനു നല്‍കിയ മൊഴിയില്‍ ബിജു തന്റെ പേരു പറഞ്ഞിട്ടില്ല. അദ്ദേഹവുമായി തനിക്കു യാതൊരു ബന്ധവുമില്ല. ബിജുവാണു നടത്തിപ്പുകാരനെന്ന് അറിഞ്ഞതോടെ വെണ്‍പാലവട്ടം ക്ഷേത്രത്തിന്റെ പരിപാടിയില്‍നിന്നു പിന്മാറിയതും മന്ത്രി ചൂണ്ടിക്കാട്ടി.
News Credits -Mangalam Daily,Thursday, April 23, 2015
No comments:
Post a Comment