കൊച്ചി: രാജ്യത്തെ നോട്ടുരഹിത സമ്പദ്‌വ്യവസ്ഥ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഇതിനായി നെടുമ്പാശേരിയില്‍ കേന്ദ്രമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചടങ്ങില്‍ സംസ്ഥാന മന്ത്രിമാര്‍ പങ്കെടുത്തില്ല.
പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഐടി സെക്രട്ടറി യഥാസമയം എത്തിയില്ല. സ്ഥലം സന്ദര്‍ശിച്ച മന്ത്രി സി. രവീന്ദ്രനാഥ് പരിപാടിക്കെതിരായി അഭിപ്രായം പറഞ്ഞു. സ്ഥലം എംഎല്‍എ വിട്ടുനിന്നു. സ്ഥലം എംപി ഇന്നസെന്റ് പരാതി ഒഴിവാക്കാനെന്നപോലെ ഇടയ്ക്ക് വന്നുപോയി. നോട്ട് മരവിപ്പിക്കല്‍ പ്രഖ്യാപിച്ച് മിനുട്ടുകള്‍ക്കകം ‘ഇത് പരാജയം’ എന്ന് പ്രസ്താവിച്ച് എതിര്‍ പ്രചരണത്തിന് തുടക്കമിട്ടതാണ് കേരളം. സാമ്പത്തിക പരിഷ്‌ക്കരണത്തിന്റെ ഓരോ ഘട്ടത്തിലും ജനങ്ങളെ പരിഭ്രാന്തരാക്കാനാണ് കേരളം ശ്രമിച്ചത്. അത് തുടരുകയാണെന്നാണ് ‘ഡിജിധന്‍’ പദ്ധതിയോടുള്ള നിസ്സഹകരണവും തെളിയിച്ചത്.
ജനങ്ങളെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്കു മാറ്റുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയോടാണ് സംസ്ഥാനം നിസ്സഹകരണം കാട്ടിയത്. കമ്പ്യൂട്ടറിനെ എതിര്‍ത്ത പണ്ടത്തെ രാഷ്ട്രീയ വാശിയോടെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ഡിജി ധന്‍ പരിപാടിയേയും സമീപിച്ചത്. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളില്‍ ഒന്നായി ഈ പദ്ധതിയില്‍ എറണാകുളത്തെ മോദി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. കേന്ദ്ര ഊര്‍ജ്ജവകുപ്പു മന്ത്രി പീയൂഷ് ഗോയലാണ് സമാപന പരിപാടിക്കെത്തിയത്.
ഉച്ചയ്ക്ക് ഹ്രസ്വ സന്ദര്‍ശനം നടത്തിയപ്പോഴാണ് മന്ത്രി സി. രവീന്ദ്രനാഥ് പരിപാടിക്കെതിരായി അഭിപ്രായം പറഞ്ഞത്. ”എത്ര ഡിജിറ്റലായാലും മണ്ണിനെയും മനുഷ്യനേയും മറക്കരുതെന്നും ഇത്തരം ഇടപാടുകളിലെ ചതിക്കുഴികളോട് കരുതിയിരിക്കണമെന്നും”മന്ത്രി പറഞ്ഞു.
കേരളത്തിന് വലിയ നേട്ടങ്ങള്‍ നല്‍കുന്നതാണ് പദ്ധതിയെന്ന് മന്ത്രി പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി. ഇതുവരെ കണക്കില്‍ പെടാതെ കിടന്ന പലയിനത്തിലുള്ള പണം രേഖകളിലായി. നികുതി വരുമാനം കൂടി. ബാങ്കുകളില്‍ നിക്ഷേപം വര്‍ദ്ധിച്ചു. പലിശ കുറഞ്ഞു. ഇതിന്റെയെല്ലാം നേട്ടം സാധാരണക്കാര്‍ക്കാണ്.
നോട്ടിനുപകരമുള്ള സാങ്കേതിക സംവിധാനം മൊബൈല്‍ ഫോണ്‍ പോലും വേണ്ടാതെ വിരലടയാളംകൊണ്ട് നടപ്പിലാകാന്‍ പോകുകയാണ്. കച്ചവടക്കാര്‍ക്കും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും നേട്ടമുണ്ടാക്കുന്നതാണ് പദ്ധതി.
ഏപ്രില്‍ ഒന്നു മുതല്‍ കേരളത്തിലെ എല്ലാ റേഷന്‍ കടകളും നോട്ടുവേണ്ടാത്ത ഇടപാടിലേക്കു മാറും. ഡിജിറ്റല്‍ സാമ്പത്തിക ഇടപാട് കള്ളപ്പണം കുറയ്ക്കും, അഴിമതി ഇല്ലാതാക്കും. എല്ലാവര്‍ക്കും തുല്യ അവസരം ഉണ്ടാകണമെന്ന ഡോ. അംബേദ്കറുടെ സ്വപ്‌നമാണ് ബാങ്കിങ് മേഖലയില്‍ നടപ്പാകുന്നത്, പീയൂഷ് ഗോയല്‍ പറഞ്ഞു.
രാജ്യത്ത് ആദ്യത്തെ ഡിജിറ്റല്‍ വനവാസി കോളനിയായി. നിലമ്പൂരിലെ നെടുങ്കയം കോളനി ഈ നേട്ടം കൈവരിച്ചതില്‍ മന്ത്രി പീയൂഷ് അഭിനന്ദിച്ചു.
പരിപാടിയില്‍ അതിഥിയായിരുന്ന ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ പി. ആര്‍. ശ്രീജേഷ്, നാളെ കേരളവും ഡിജിറ്റലായേ പറ്റൂ എന്ന് പറഞ്ഞു. ഇന്ന് കുറച്ച് കഷ്ടപ്പെട്ടാലും നാളെ അത് ഗുണകരമാണെന്നത് ആശ്വാസമാണ്. നാടോടുമ്പോള്‍ നടുവേ ഓടി ശീലമുള്ള മലയാളിക്ക്, ഇപ്പോഴത്തെ ചെറു വിഷമങ്ങള്‍ അത്ര പ്രശ്‌നമാകില്ല, എന്നാണ് പറഞ്ഞത്.
ജനപങ്കാളിത്തംവേണ്ട പരിപാടി നഗരപരിധിക്കു പുറത്ത് വിമാനത്താവളത്തിനടുത്ത് ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു. എങ്കിലും വലിയ ജനപങ്കാളിത്തമുണ്ടായത് ശ്രദ്ധേയമായി. വിവിധ ബാങ്കുകളും സര്‍ക്കാര്‍ ഐടി സ്ഥാപനങ്ങളും എണ്ണക്കമ്പനികളും നടത്തിയ സ്റ്റാളുകളില്‍ വന്‍ ജനത്തിരക്കുണ്ടായി.
News Credits,കാവാലം ശശികുമാര്‍,Janmabhumi Daily
No comments:
Post a Comment