ആറന്മുള: അവിശ്വാസികള്‍ക്ക് പിക്‌നിക്ക് നടത്താനുള്ള സ്ഥലമല്ല ശബരിമല എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമല അയ്യപ്പസേവാസമാജം ആറന്മുളയില്‍ സംഘടിപ്പിച്ച അയ്യപ്പമഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മണ്ഡലമകരവിളക്കുത്സവക്കാലത്തും ശബരിമലയെ സംബന്ധിച്ച് വിവാദങ്ങളുണ്ടാകുന്നു. ഇക്കുറി സഹോദരിമാര്‍ക്ക് ശബരിമല കയറണം എന്നതിന്റെ പേരിലാണ് വിവാദം. ശബരിമലയില്‍ സ്ത്രീകള്‍ക്ക് നിരോധനം അല്ല, നിയന്ത്രണമാണുള്ളത്. നിയന്ത്രണം വിവേചനമല്ല. ക്ഷേത്രത്തിന്റെ പ്രതിഷ്ഠാനിഷ്ഠയാണ്. ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മൂന്നംഗബഞ്ചിന്റെ വിധി ഭക്തര്‍ക്ക് അനുകൂലമാകുമെന്നാണ് കരുതുന്നത്. മറിച്ചാണെങ്കില്‍ തീരുമാനം ഭരണഘടനാ ബഞ്ചിന് വിടണമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്.
മതേതര രാഷ്ട്രത്തില്‍ ഏതൊരു മതത്തില്‍ വിശ്വസിക്കാന്‍ അവകാശമുള്ളതുപോലെ തന്നെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനും ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ട്.
കേരളത്തില്‍ ഒരു പുതിയ ഹൈന്ദവീയതയ്ക്ക് തുടക്കംകുറിച്ചിരിക്കുന്നു. ആര്‍എസ്എസ് ഹിന്ദുസംഘടനയാണെന്ന് പറഞ്ഞാല്‍ അത് അപവാദമാണെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാല്‍ ആ വ്യാഖ്യാനം അംഗീകരിക്കാന്‍ മനസ്സില്ല. മണ്ഡല, മകരവിളക്ക് ഉത്സവക്കാലം വരെ വിവാദങ്ങള്‍പെടാതെ രക്ഷിക്കണേ എന്ന പ്രാര്‍ത്ഥനയാണുള്ളത്.
കഴിഞ്ഞ മണ്ഡലമകരവിളക്ക് ഉത്സവക്കാലം അപവാദങ്ങളും അപഖ്യാതികളുമില്ലാതെ ആചരിച്ചു. ഇക്കുറിയും അതിനുള്ള അവസരം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. അതിനാല്‍ ‘മൗനം വിദ്വാന് ഭൂഷണം’ എന്നതുപ്രകാരം മകരവിളക്ക് ഉത്സവം വരെ ‘വിദ്വാനാകാന്‍’ തയ്യാറാകുന്നു എന്നും ദേവസ്വം ബോര്‍ഡ്പ്രസിഡന്റ് പറഞ്ഞു.
News credits,Janamtv News
No comments:
Post a Comment