ഒടുവില്‍ പിണറായി വിജയനും ശബരിമലയിലെത്തി. സന്നിധാനത്തെത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. അയ്യപ്പനും മഴയും ഒത്തുപിടിച്ചതുകൊണ്ട് പിണറായി സഖാവിന്റെ കന്നിമലകയറ്റം നടന്നില്ല. എന്നാലും പമ്പയില്‍ വട്ടമിരുന്ന് അവലോകനം നടത്തി. വെറും അവലോകനമല്ല, ശബരിമലയെ ഒന്നാകെ ഉടച്ചുവാര്‍ക്കാനാണ് പിണറായി സര്‍ക്കാരിന്റെ പദ്ധതി. മണ്ഡലകാലം മുന്നൂറ്ററുപത്തഞ്ച് ദിവസവുമാക്കണം, ഉദയാസ്തമന പൂജ നട്ടുച്ചയ്ക്കും നടത്തണം.
ഇരുപത്തിനാല് മണിക്കൂറും ദര്‍ശനത്തിന് അവസരമൊരുക്കണം. ഡെവലപ്പ്‌മെന്റ് ഫണ്ടിലേക്ക് ഭക്തരില്‍ നിന്ന് പണമീടാക്കണം. ദര്‍ശനം ടിക്കറ്റ് വെച്ച് പൊലിപ്പിക്കണം. വിഐപികള്‍ക്കും വിവിഐപികള്‍ക്കും സെലിബ്രിറ്റീസിനുമൊക്കെ അയ്യപ്പനെ വന്നുകണ്ടുപോകാന്‍ ഫാസ്റ്റ് ട്രാക്ക്, സൂപ്പര്‍ഫാസ്റ്റ് ട്രാക്ക് ടിക്കറ്റുകള്‍ ഈടാക്കണം. അഞ്ഞൂറും ആയിരവും പതിനായിരവുമൊക്കെ ആ ഇനത്തില്‍ വരുമാനമുണ്ടാക്കണം. അയ്യപ്പന്മാരുടെ ഊരും പേരും തിരിയാന്‍ പോലീസ് നിരീക്ഷണമൊരുക്കണം, സ്ത്രീകളെയാകെ ശബരിമലയിലെത്തിക്കാന്‍ വഴി വല്ലതുമുണ്ടോ എന്ന് ആരായണം… തുടങ്ങി ശബരിമലയെ തുടച്ച് വെടിപ്പാക്കാനുള്ള ഒരുപിടി പുതിയ പദ്ധതികളുമായാണ് പിണറായിയുടെ മലകയറ്റം.
അവലോകനത്തിലെ പിണറായി മൊഴികള്‍ മൊത്തത്തില്‍ പരിശോധിച്ചാല്‍ സംഭവം വിസ്മയ വാട്ടര്‍ തീം പാര്‍ക്ക് പോലെയെന്തോ ആണെന്നാണ് അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നതെന്ന് വ്യക്തം. ശബരിമലയിലെത്തുന്ന കോടാനുകോടി ഭക്തരില്‍ നിന്ന് എങ്ങനെ പണമൂറ്റാം എന്ന കുടിലബുദ്ധിയില്‍ നിന്നാണ് സഖാവ് പിണറായിക്ക് തിരുപ്പതി വെങ്കിടേശ്വരനോട് മതിപ്പ് തോന്നിയത്. ടിക്കറ്റ് വെച്ച് ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ട്രാക്കുകള്‍ എന്ന ട്രിക്കില്‍ മാത്രമേ എന്നിട്ടും പിണറായിയുടെ കണ്ണുടക്കിയുള്ളൂ… തിരുപ്പതിമലനിരകളിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സര്‍ക്കാരല്ല എന്ന മിനിമം ബോധ്യമുണ്ടായിരുന്നുവെങ്കില്‍ പിണറായി ഈ അബദ്ധത്തില്‍ ചെന്നുചാടില്ലായിരുന്നു.
മേല്‍നോട്ടം പേരിന് സര്‍ക്കാരിനാണെങ്കിലും കാര്യങ്ങള്‍ അവിടെ നിയന്ത്രിക്കുന്നത് പുരോഹിതരടങ്ങിയ ഉപദേശക സമിതിയും കര്‍ഷകപ്രതിനിധികളടങ്ങിയ സമിതിയുമാണ്. പണം, പൂജ, പ്രസാദം, ലഡ്ഡു, വനം, അണക്കെട്ട്, റോഡ്, ഗതാഗതം, കൃഷി, അടിസ്ഥാനസൗകര്യങ്ങള്‍ അടക്കം എല്ലാറ്റിന്റെയും നിയന്ത്രണം ഭക്തിയും വിശ്വാസവും മാത്രം കൈമുതലായ ആ സമിതിയാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടാണ് പിണറായി സഖാവിന് ഇനിയും മനസ്സിലാക്കാത്ത വിധത്തില്‍ തിരുപ്പതി വെങ്കിടേശ്വരന്റെ പണവും പ്രതാപവും വൈഭവവും സ്വാധീനവും കോളേജുകളായും ആശുപത്രികളായും അനാഥാലയങ്ങളായും എണ്ണമറ്റ സേവാസംരംഭങ്ങളായും ഭാരതമെമ്പാടും പടര്‍ന്നുകിടക്കുന്നത്.
ശ്രീ വെങ്കിടേശ്വര വേദിക് സര്‍വകലാശാല, ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചര്‍, ശ്രീ വെങ്കിടേശ്വര കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ്, ശ്രീ വെങ്കിടേശ്വര ആയുര്‍വേദ കോളേജ്, ശ്രീ വെങ്കിടേശ്വര യോഗ ഇന്‍സ്റ്റിറ്റ്യൂട്ട്, ശ്രീ വെങ്കിടേശ്വര പോളിടെക്‌നിക് ഫോര്‍ ഫിസിക്കലി ചലഞ്ച്ഡ്, ശ്രീപത്മാവതി വിമന്‍സ് പോളിടെക്‌നിക്, ശ്രീ വെങ്കിടേശ്വര കോളേജ്, ന്യൂദല്‍ഹി, ശ്രീ വെങ്കിടേശ്വര ഗോസംരക്ഷണ ശാല, ശ്രീ വെങ്കിടേശ്വര ധര്‍മരഥം സൗജന്യ ബസ് സര്‍വീസ്, ശ്രീ വെങ്കിടേശ്വര കല്യാണമണ്ഡപം, ശ്രീ വെങ്കിടേശ്വര സ്‌കൂളുകള്‍, ശ്രീ വെങ്കിടേശ്വര സെന്‍ട്രല്‍ ലൈബ്രറി, ശ്രീ വെങ്കിടേശ്വര റിസര്‍ച്ച് സെന്റര്‍, ശ്രീ വെങ്കിടേശ്വര ആശുപത്രി, ശ്രീ വെങ്കിടേശ്വര അന്നദാനകേന്ദ്രം അന്നപ്രസാദം, തിരുപ്പതി തിരുമല ദേവസ്ഥാനം ടെലിവിഷന്‍ ചാനല്‍, പിന്നെയും അനേകം അനുബന്ധ സ്ഥാപനങ്ങള്‍… ശബരിമലയില്‍ ഇത്രകാലം വീണ കാണിക്കപ്പണത്തിന്റെ ചെറിയ ഓഹരിയില്‍ പോലും ധര്‍മ്മശാസ്താവിന്റെ പേരുകൊത്തിയ ഒരു ജനസേവനകേന്ദ്രം കണികാണാനില്ലാതെപോയതെന്തുകൊണ്ടാണെന്ന് ഭരിക്കാന്‍ കുപ്പായമിട്ട് കേറിയിരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ചിന്തിക്കണം.
തൊട്ടിപ്പിരിവിനോട് പൊതുജനം പഴയതുപോലെ സഹകരിക്കാത്തതുകൊണ്ട് ഇനി പിരിവ് അമ്പലനടയിലായിക്കോട്ടെ എന്ന പിണറായിയന്‍ ആര്‍ത്തിയുടെ പ്രായോഗികനടപടിക്രമങ്ങളിലൊന്നുമാത്രമാണ് ഇപ്പോള്‍ കേട്ട അവലോകന നിര്‍ദ്ദേശങ്ങള്‍. മുടിഞ്ഞ സൗകര്യങ്ങളാണ് ഭക്തപരവശനായ സഖാവ് പിണറായി അയ്യപ്പന്മാര്‍ക്കായി മുന്നോട്ടുവെക്കുന്നത്. ഒരു മണ്ഡലകാലം മുഴുവന്‍ വ്രതം നോറ്റ് കല്ലും മുള്ളും ചവിട്ടി അയ്യപ്പനെകാണാനെത്തുന്ന ഭക്തര്‍ക്ക് പിണറായി എയര്‍പോര്‍ട്ട് നിര്‍മ്മിച്ചുകൊടുക്കും. പട്ടിണിക്കാരോടും പാവങ്ങളോടുമൊപ്പം മലകയറാനാവാത്ത സമ്പന്നസഖാക്കള്‍ക്ക് അയ്യപ്പനെകാണാന്‍ പ്രത്യേകം കൂപ്പണുകള്‍ ഏര്‍പ്പാടാക്കും. പിന്നാലെ ഹോംസ്റ്റേ, വിവിഐപികള്‍ക്കായി പഞ്ചനക്ഷത്ര സൗകര്യങ്ങള്‍…. ശബരിമലയിലെ സകല വഴിപാടുകളുടെയും തുക കുത്തനെക്കൂട്ടിയതിന്റെ പിറ്റേന്നാളാണ് പമ്പാതീരത്ത് എയര്‍പോര്‍ട്ടുണ്ടാക്കി മുഖ്യമന്ത്രി അയ്യപ്പന്മാരെ സഹായിക്കാന്‍ ഒരുമ്പെട്ടിറങ്ങിയതെന്നോര്‍ക്കണം.
കഴിഞ്ഞ മണ്ഡലകാലത്താണ് പി. ജയരാജന്‍ അയ്യപ്പന്മാര്‍ക്കായി കഞ്ഞിസദ്യയും വിശ്രമകേന്ദ്രവും ഒരുക്കി സംഘപരിവാറാകാന്‍ ശ്രമിച്ചത്.
അഷ്ടമിരോഹിണിക്ക് കാവിക്കൊടി പിടിച്ച് ഘോഷയാത്ര നടത്താനുള്ള മോഹം ഇനിയും അടങ്ങാത്തതിനാല്‍ അന്നേദിവസം ഓണാഘോഷവും ചട്ടമ്പിസ്വാമിജയന്തിയുമൊക്കെ നടത്തി പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ് പാര്‍ട്ടിയും സഖാക്കളുമൊക്കെ. കേരളത്തില്‍ മാത്രമായി ഒതുങ്ങുന്ന സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഒരു വഴി വേണമല്ലോ. ചൈനയിലെ പാര്‍ട്ടി ചുവന്ന കൊടിയും പിടിച്ച് മുതലാളിത്തം പ്രസംഗിക്കുന്നതുപോലെ ഒരിടപാടിനാണ് കുറേക്കാലമായി ശ്രമിക്കുന്നത്. ശബരിമലയിലാണെങ്കില്‍ കറുപ്പും വെളുപ്പും നീലയും കഴിഞ്ഞാല്‍ പിന്നെ നല്ല ചോപ്പന്‍ ഇരുമുടിക്കെട്ടിനാണ് ഡിമാന്റ്. എന്നാല്‍ പിന്നെ ആവഴിക്ക് നടക്കാമെന്ന ചിന്തയില്‍നിന്നാണ് അയ്യപ്പഭക്തര്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് പിണറായി തന്നെ എത്തിയത്.
പിണറായിയും കടകംപള്ളിയും ഇപ്പോള്‍ പറയുന്നത് ആകെ തടസ്സം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണെന്നാണ്. പാവം ആര്‍എസ്എസാണ് എന്നാണ് ആരോപണം. പാര്‍ട്ടി കോണ്‍ഗ്രസാണെങ്കിലും ഓച്ചിറ അമ്പലത്തില്‍ നാല് പതിറ്റാണ്ടായി ഭജനംപാര്‍ക്കുന്ന ഒരു ഭക്തശിരോമണിയാണ് പ്രയാര്‍. കോണ്‍ഗ്രസുകാരുടെ ആര്‍ത്തി തീണ്ടിയിട്ടില്ലാത്ത ഒരു നേതാവ്. താന്‍ ആര്‍എസ്എസ് അല്ലെന്ന് തെളിയിക്കാന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പുംകൊണ്ട് നടക്കേണ്ട അവസ്ഥയിലാണ് പ്രയാര്‍. പുരികം വളച്ച് കണ്ണുരുട്ടി ആളെ ഭയപ്പെടുത്തി വര്‍ത്തമാനം പറഞ്ഞുശീലിച്ച പിണറായിയുടെ മുഖത്തുനോക്കി ടിക്കറ്റ് വച്ച് അയ്യപ്പനെ കാണാമെന്ന സമ്പ്രദായം ശബരിമലയില്‍ നടക്കില്ല എന്ന് വെട്ടിത്തുറന്ന് പറഞ്ഞപ്പോഴാണ് പ്രയാര്‍ ആര്‍എസ്എസുകാരനായത്. പാര്‍ട്ടി കമ്മറ്റിയില്‍ പങ്കെടുക്കുന്നതുപോലെ ശബരിമല അവലോകനയോഗത്തില്‍ വന്ന് തനിക്ക് തോന്നിയത് പറഞ്ഞിട്ടുപോകാമെന്ന സഖാവിന്റെ ധാര്‍ഷ്ട്യത്തിനാണ് അന്ന് തിരിച്ചടിയേറ്റത്.
മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ പള്ളികളെയും മോസ്‌കുകളെയും വിട്ട് അമ്പലങ്ങളെ മാത്രം പരിഷ്‌കരിച്ച് വെടക്കാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതിന്റെ ഒടുവിലത്തെ സൂചനയാണ് പിണറായിയുടെ അയ്യപ്പവേഷം. കേരളത്തിലെ ഒരു മുസ്ലിം പള്ളിയിലും സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പ്രവേശിക്കാന്‍ സാധ്യമല്ല. സുന്നിവിഭാഗത്തിന്റെ പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാറേയില്ല. മുജാഹിദ് വിഭാഗത്തിന്റെ പള്ളികളില്‍ പ്രവേശിപ്പിക്കുമെങ്കിലും ഒരുമിച്ച് ആരാധന നടത്താന്‍ സ്വാതന്ത്ര്യമില്ല. സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പ്രത്യേക വഴിയും ആരാധനയ്ക്ക് പ്രത്യേക മറ കെട്ടിയുമാണ് അനുവാദം നല്‍കുന്നത്. ഇതൊന്നും സ്ത്രീവിവേചനമായി സര്‍ക്കാരിന്റെ അജണ്ടയിലില്ല. മുത്തലാക്ക്, പിന്തുടര്‍ച്ചാവകാശം, ജീവനാംശം എന്നീ വിഷയങ്ങളില്‍ മുസ്ലിം സ്ത്രീസമൂഹം അനുഭവിക്കുന്ന കൊടിയ പീഡനത്തെക്കുറിച്ചും അയ്യപ്പപിണറായിക്ക് വേവലാതിയില്ല. ശബരിമലയില്‍ സ്ത്രീകള്‍ കയറണം അത്ര മാത്രം. പാര്‍ട്ടി സെക്രട്ടറി കോടിയേരി ചോദിക്കുന്നത് സ്ത്രീകള്‍ അയ്യപ്പനെ കണ്ടാല്‍ മല ഇടിഞ്ഞുവീഴുമോ എന്നാണ്. ലക്ഷക്കണക്കിന് സ്ത്രീകള്‍ വര്‍ഷാവര്‍ഷം മല ചവിട്ടി അയ്യപ്പനെ കണ്ട് മടങ്ങുന്ന കാനനക്ഷേത്രത്തിന്റെ പവിത്രതയെക്കുറിച്ച് മാര്‍ക്‌സിസ്റ്റുകള്‍ക്ക് എന്തറിയാനാണ്? കാട്ടുകോഴിക്കെന്ത് വാവും സംക്രാന്തിയും!
News Credits janmabhumi daily
No comments:
Post a Comment