ന്യൂഡല്‍ഹി: തൊഴില്‍ പ്രശ്‌നം മൂലം സൗദി അറേബ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ വിജയത്തിലേക്ക്. ഇന്ത്യക്കാരായ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൗദി രാജാവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ വ്യക്തമാക്കി.
ശമ്പളം ലഭിക്കാതെ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ എത്തിക്കാമെന്ന് സൗദി അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സുഷമ സ്വരാജ് അറിയിച്ചു. ക്യാമ്പുകള്‍ വൃത്തിയാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സൗദി തൊഴില്‍ മന്ത്രിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എക്‌സിറ്റ് വീസകള്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി സൗദി തൊഴില്‍ മന്ത്രി അറിയിച്ചിട്ടുണ്ടെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
ശമ്പള കുടിശികയുടെ കാര്യത്തിലും തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സുഷമ സ്വരാജ് പറഞ്ഞു. കിട്ടാനുളള ശമ്പളത്തെക്കുറിച്ച് തൊഴില്‍ വകുപ്പ് ഓഫീസുകളില്‍ തൊഴിലാളികള്‍ക്ക് രേഖാമൂലം വിവരം നല്‍കാം. നാട്ടിലെത്തിയതിന് ശേഷവും ശമ്പളക്കുടിശിക ലഭ്യമാക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീക്കുന്നതെന്നും സുഷമ സ്വരാജ് പറഞ്ഞു. തൊഴിലാളികളെ കൂടുതല്‍ ബുദ്ധിമുട്ടിക്കാത്ത തരത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി ഭരണകൂടം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സുഷമ വ്യക്തമാക്കി.
വിഷയത്തില്‍ സഹായം വാഗ്ദാനം ചെയ്ത സൗദി രാജാവിന് സുഷമ സ്വരാജ് നന്ദി അറിയിച്ചു. സര്‍ക്കാര്‍ നടപടിയെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും സ്വാഗതം ചെയ്തു. ഇന്ത്യയിലെ ജനങ്ങളുടെ പേരില്‍ സൗദി ഭരണകൂടത്തിന് നന്ദി പറയുകയാണ് വേണ്ടതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
News Credits-Janamtv.com
No comments:
Post a Comment