എല്ലാം കേന്ദ്ര സര്‍ക്കാരിന്റെ കുറ്റമെന്നു പറഞ്ഞ് രക്ഷപ്പെടാനാവില്ല. യഥാര്‍ത്ഥത്തില്‍ കേന്ദ്രത്തിന്റേത് ഉദാര സമീപനമാണ്. കോപ്പറേറ്റീവ് ഫെഡറലിസമാണ് മോദി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രി മോദിയെ കാണാന്‍ ചെന്നപ്പോള്‍, ഇത് നിങ്ങളുടെ വീടെന്നപോലെ കാണണമെന്നാണ് നിലപാടു പറഞ്ഞത്. പക്ഷേ പിണറായി സര്‍ക്കാര്‍ അതിനു തയ്യാറല്ല, സാധിക്കില്ല.
കേരളത്തില്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒരു വര്‍ഷമാകുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണം തുടങ്ങിയിട്ട് മൂന്നു വര്‍ഷം തികഞ്ഞു. എല്ലാം ശരിയാക്കും എന്ന വാഗ്ദാനവുമായാണ് പിണറായി സര്‍ക്കാര്‍ വന്നത്. പക്ഷേ തൊട്ടതെല്ലാം തകരാറിലായി. ഇത് സ്വയം ഉണ്ടാക്കിയ സ്ഥിതിവിശേഷമാണ്. അനുകൂലമായിരുന്നു അന്തരീക്ഷം, 91 സീറ്റു നേടിയാണ് വിജയിച്ചത്.
ആശങ്കയില്ലാതെ ഭരിക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെല്ലാം തകര്‍ത്തുകൊണ്ടാണ് പിണറായി ഭരണം. സ്വജനപക്ഷപാതം കാണിച്ചതിന്റെ പേരില്‍ മന്ത്രിക്ക് രാജിവെക്കേണ്ടിവന്നു. എല്ലാവരേയും തുല്യരായിക്കാണേണ്ട സര്‍ക്കാരിന്റെ ഭരണം സ്വന്തം പാര്‍ട്ടിക്കാര്‍ക്കു വേണ്ടിയുള്ളതായി എന്നതു പകല്‍പോലെ വ്യക്തം. മുഖ്യമന്ത്രിതന്നെ നിയമസഭയില്‍ പറഞ്ഞു, ”ഞങ്ങള്‍ക്ക് വോട്ടുചെയ്ത ആളുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കലാണ് പ്രധാന കടമ. അതില്‍നിന്ന് ഒഴിഞ്ഞുമാറില്ല,” എന്ന്. എല്ലാവരുടെയും താല്‍പര്യം സംരക്ഷിക്കേണ്ടയാളാണ് ഈ സത്യപ്രതിജ്ഞാ ലംഘനം പ്രസ്താവിച്ചത്. അതായത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനം.
സ്റ്റാറ്റിയൂട്ടറി റേഷനിംഗ് സംവിധാനം ഇവിടെ ഏറെക്കാലമായി നിലനില്‍ക്കുന്നു. അത് ഇപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നു. ആരാണുത്തരവാദി? 2013-ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമമുണ്ട്, റേഷന്‍ അര്‍ഹപ്പെട്ടവര്‍ക്ക് ആവശ്യത്തിനുറപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ നിയമം. ഈ നിയമം രാജ്യമെമ്പാടും നടപ്പാകുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. ഇപ്പോള്‍ ഭരിക്കുന്ന പിണറായി സര്‍ക്കാറും മുന്‍കാലത്തെ യുഡിഎഫിന്റെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും ഈ നിയമം സംസ്ഥാനത്ത് നടപ്പാക്കിയില്ല. എന്നിട്ട്, കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെ കുറ്റം പറയുകയാണ്. മോദിക്കെതരേ പ്രചാരണം നടത്തുകയാണ്. റേഷന്‍ കടകളില്‍ വിതരണത്തിന് അരിയും ധാന്യവുമില്ല. സംസ്ഥാനത്തു പോയിട്ട് ഒരു ജില്ലയില്‍ പോലും കേരളത്തില്‍ റേഷന്‍ വിതരണം നടപ്പാക്കാനായിട്ടില്ല. റേഷന്‍ കാര്‍ഡ് അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കിയിട്ടില്ല. അര്‍ഹരുടെ കൃത്യമായ പട്ടിക തയ്യാറാക്കാനായിട്ടില്ല.
കേരളത്തിന് യഥാര്‍ത്ഥ കണക്കു പ്രകാരം 12 ലക്ഷം ടണ്‍ അരിയാണ് വിതരണത്തിനു വേണ്ടത്. 14 ലക്ഷം ടണ്‍ അരി കേന്ദ്ര സര്‍ക്കാര്‍ കൊടുക്കുന്നു. റേഷനരി കടകളില്‍ എത്താതെ എഫ്‌സിഐ ഗോഡൗണുകളില്‍ നിന്ന് കരിഞ്ചന്തയിലേക്ക് പോകുന്നു.
ഒരു മന്ത്രിക്ക് അധികാരമേറ്റ് 41 ാം ദിവസം രാജിവെക്കേണ്ടിവന്നു. 200 ദിവസമായപ്പോള്‍ ഒരാള്‍കൂടി രാജിവെച്ചു. സ്ത്രീയോട് അപമര്യാദയായി പെരുമാറിയതാണ് കാരണം. മൂന്നാമതൊരാള്‍ ക്രിമിനല്‍ നടപടി ചട്ട പ്രകാരം രാജിവെക്കേണ്ടതായിരുന്നു. ചെയ്തില്ല. രണ്ടു മന്ത്രിമാര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നു. ഏറ്റവും കുറച്ചുകാലംകൊണ്ട് ദുഷ്‌കര്‍മ്മങ്ങളുടെ പേരില്‍ ഇത്രമാത്രം ഗുരുതരമായ ആരോപണങ്ങള്‍ നേരിടേണ്ടിവന്ന അവസ്ഥ ഒരു സര്‍ക്കാരിനും മുമ്പുണ്ടായിട്ടില്ല.
പോലീസും സാധാരണക്കാരും തമ്മിലുള്ള തര്‍ക്കവും പ്രശ്‌നങ്ങളും ഒരു വഴിക്ക്. പോലീസ് തലപ്പത്തെ തമ്മിലടി മറ്റൊരു ഗൗരവ വിഷയം. പോലീസ് ആസ്ഥാനത്ത് പോലീസ് തലവനും എഡിജിപിയും തമ്മില്‍ തല്ല്. പോലീസില്‍ ഗ്രൂപ്പിസം. പോലീസ് വകുപ്പു ഭരിക്കുന്നത് മുഖ്യമന്ത്രിയാണ്. സിപിഎമ്മിന് പ്രിയപ്പെട്ടയാളായ, ജനങ്ങള്‍ക്ക് വിയോജിപ്പുള്ള വിവാദനായകനായ മുന്‍ ഡിജിപിയെ പോലീസിനെ ഉപദേശിക്കാന്‍ നിയോഗിച്ചിരിക്കുന്നു.
ക്രമസമാധാനം ഒരു സംസ്ഥാനത്തിന്റെയും ഭരണത്തിന്റെയും ഭരണത്തലവന്റെയും വിജയ പരാജയങ്ങളുടെ അളവുകോലാണ്. കേരളത്തില്‍ ക്രമസമാധാനം പരിതാപകരമായ സ്ഥിതിയിലാണ്. അതെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. സംസ്ഥാനത്ത് മുന്നൂറിലേറെ കൊലപാതകം.
കണ്ണൂര്‍ ജില്ലയില്‍ 14 ബിജെപി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നാലു കൊലപാതകം മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്തായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു. അവര്‍ക്ക് വീടുകളില്‍ പോലും സുരക്ഷ ഇല്ലെന്നുവന്നു. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് നൂറുകണക്കിന് ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയാത്തതിന്റെ പേരില്‍ സ്പീക്കറുടെ ശാസന കേള്‍ക്കേണ്ടിവന്നു.
പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരേ ആക്രമണം ഏറ്റവും കൂടി. അവര്‍ സിപിഎം വഞ്ചനകള്‍ തിരിച്ചറിഞ്ഞ് ആര്‍എസ്എസ്-ബിജെപി പ്രസ്ഥാനങ്ങളിലേക്കു വരുന്നതാണ് കാരണം.
വിദ്യാഭ്യാസരംഗമാണ് മറ്റൊന്ന്. പൂര്‍ണ്ണമായും കുത്തഴിഞ്ഞ്, പരാജയപ്പെട്ടു നില്‍ക്കുകയാണ് ആ വകുപ്പും മന്ത്രിയും. പത്താം ക്ലാസിലെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവം മാത്രം മതി ആ വകുപ്പിന് പൂജ്യം മാര്‍ക്ക്, അല്ല നെഗറ്റീവ് മാര്‍ക്ക് കൊടുക്കാന്‍. എല്ലാം കേന്ദ്ര സര്‍ക്കാരിന്റെ കുറ്റമെന്നു പറഞ്ഞ് രക്ഷപ്പെടാനാവില്ല. യഥാര്‍ത്ഥത്തില്‍ കേന്ദ്രത്തിന്റേത് ഉദാര സമീപനമാണ്. കോപ്പറേറ്റീവ് ഫെഡറലിസമാണ് മോദി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രി മോദിയെ കാണാന്‍ ചെന്നപ്പോള്‍, ഇത് നിങ്ങളുടെ വീടെന്നപോലെ കാണണമെന്നാണ് പറഞ്ഞത്. പക്ഷേ പിണറായി സര്‍ക്കാര്‍ അതിനു തയ്യാറല്ല, സാധിക്കില്ല.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ പലതും പിണറായി സര്‍ക്കാര്‍ പേരുമാറ്റി സംസ്ഥാനത്ത് അവതരിപ്പിക്കുകയാണ്. അതില്‍ കേന്ദ്രത്തിന്റെ പങ്ക് വെളിപ്പെടുത്തുന്നുമില്ല. സ്വാതന്ത്ര്യം കിട്ട 75 വഷം തികയുന്ന 2020 ആകുമ്പോള്‍ എല്ലാവര്‍ക്കും വീടെന്ന സങ്കല്‍പ്പത്തില്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി കേന്ദ്രം നടപ്പാക്കുന്നു, സംസ്ഥാനങ്ങള്‍ വഴി ധനസഹായം ചെയ്യുന്നു. അത് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയെന്ന പേരില്‍ പിണറായി സര്‍ക്കാര്‍ പേരുമാറ്റി സ്വന്തമെന്ന് വ്യാജപ്രചാരണം നടത്തുന്നു. അടല്‍ പെന്‍ഷന്‍ പദ്ധതി, എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതി, വിലകുറച്ച് മരുന്നു നല്‍കുന്ന പദ്ധതി, വിദ്യാഭ്യാസ സൗജന്യ പദ്ധതി, തുടങ്ങി ഇത്തരത്തില്‍ ഒട്ടേറെ.
വര്‍ഗ്ഗീയതയ്‌ക്കെതിരേ ശബ്ദ കോലാഹലമുണ്ടാക്കി, മതേതരത്വം പ്രസംഗിക്കുന്ന പിണറായി സര്‍ക്കാരും പാര്‍ട്ടിയുമാണ് ഏറ്റവും വര്‍ഗ്ഗീയത വളര്‍ത്തുന്നത്. അനധികൃത ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ ഔദ്യോഗിക കൃത്യ നിര്‍വഹണം നടത്തിയവരെ ”കുരിശെന്തു പിഴച്ചു”വെന്ന് വാദിച്ച് പിന്തിരിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്ത് തടഞ്ഞത് വര്‍ഗ്ഗീയ പ്രീണനമാണ്. പിണറായി സര്‍ക്കാര്‍ ഹിന്ദു സംഘടനകളില്‍ മാത്രമാണ് വര്‍ഗ്ഗീയത കാണുന്നത്. എല്ലാവരേയും തുല്യരായിക്കണ്ട് നീതി ഉറപ്പാക്കുമെന്ന സത്യപ്രതിജ്ഞാ വാചകം അര്‍ത്ഥമില്ലാതാക്കുന്നതാണ് ഈ നടപടികള്‍.
ഭരണമുന്നണിയിലെ തമ്മിലടി, സിപിഎമ്മിനെതിരേയുള്ള സിപിഐ വിമര്‍ശനം, പ്രതിഷേധം, പരസ്യ വിമര്‍ശനം, സമസ്ത രംഗത്തും ഭരണ പരാജയം… പിണറായി ഭരണം ജനങ്ങള്‍ക്ക് ഭാരമായിത്തീര്‍ന്നിരിക്കുകയാണ്. ഇരുണ്ട ഒരു വര്‍ഷമാണ് പിണറായി ഭരണത്തില്‍ കടന്നു പോകുന്നത്. ഈ സാഹചര്യത്തിലാണ് മെയ് 24 ന് ഒരു കൊല്ലം പൂര്‍ത്തിയാക്കുന്ന പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെയിരേ 24, 25 തീയതികളില്‍ ബിജെപി സംസ്ഥാനത്ത് സമര പരിപാടികള്‍ ആവിഷ്‌കരിക്കുന്നത്.
പിണറായിയുടെ അഴിമതിയുടെയും ദുര്‍ഭരണത്തിന്റെയും ഇരുണ്ട ഒരുവര്‍ഷം വിലയിരുത്തുന്ന വേളയില്‍ത്തന്നെ, മൂന്നു വര്‍ഷമായി, പ്രകാശം പരത്തുന്ന കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തേയും വിലയിരുത്തുമ്പോഴാണ് ‘ശരിയാവുന്നത്’ എവിടെയാണ്, ശരിയാക്കുന്നത് ആരാണ് എന്ന് വ്യക്തമാകുന്നത്. മെയ് 26 ന് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന മോദി സര്‍ക്കാര്‍ ഇതിനകം ഭാരതത്തിന്റെ യശസ്സ് ലോകത്തിന്റെ നിറുകയില്‍ എത്തിച്ചു. വിദേശ ഭാരതീയര്‍ വിവിധ വേദികളില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു.
വിദ്യാഭ്യാസരംഗത്ത് കേരളത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ ഐഐടി മോദി സര്‍ക്കാര്‍ സ്ഥാപിച്ചുകഴിഞ്ഞു. റെയില്‍വേയില്‍ അസാധ്യമെന്നു പറഞ്ഞൊഴിഞ്ഞിരുന്നതു പലതും സാധ്യമാക്കുന്നു. യുപിഎ സര്‍ക്കാര്‍ പത്തുവര്‍ഷത്തെ ഭരണത്തില്‍ കേരളത്തിനനുവദിച്ചതിനേക്കാള്‍ വിഹിതമാണ് മോദി സര്‍ക്കാരിന്റെ ബജറ്റില്‍. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത നടപ്പില്ലെന്നു പറഞ്ഞൊഴിഞ്ഞതാണ് മുന്‍ സര്‍ക്കാര്‍. എന്നാല്‍ ചെലവു കുറച്ച്, പുതിയ വഴിയിലൂടെ പാതി സാര്‍ത്ഥകമാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. പക്ഷേ പദ്ധതി കേരളവും കേന്ദ്രവും തുല്യപങ്കു ചെലവാണ് വ്യവസ്ഥ. ഇക്കാര്യത്തില്‍ തുടക്കത്തില്‍ കേരളം മുടക്കേണ്ട രണ്ടുകോടി രൂപയുടെ മേലുള്ള തര്‍ക്കത്തില്‍ പദ്ധതി തടഞ്ഞു നില്‍ക്കുകയാണ്. ശബരി റെയില്‍ പാതയ്ക്ക് 215 കോടി രൂപയാണ് കേന്ദ്ര ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു കൊടുക്കാന്‍ തയ്യാറല്ല.
കള്ളപ്പണക്കാരെ പിടികൂടാന്‍ കൊണ്ടുവന്ന നോട്ടു പിന്‍വലിക്കല്‍ പരിപാടി, ജിഎസ്ടി ബില്‍, എന്നിവയെ കേരളം എതിര്‍ത്തു. ഇപ്പോള്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്തന്നെ പറയുന്നു ഗുണമാണെന്ന്. പിന്നെന്തിനാണ് ജിഎസ്ടി ബില്‍ ഇത്ര വൈകിപ്പിച്ചത്. മോദി സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പരിപാടികള്‍ ഏറെയാണ്. യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ സ്‌കില്‍ ഡവലപ്മന്റ് മന്ത്രാലയംതന്നെ തുറന്നു. സ്റ്റാര്‍ട്ട്അപ് വില്ലേജുകള്‍, മുദ്രാ ബാങ്ക് സഹായം, സര്‍വര്‍ക്കും പെന്‍ഷന്‍, ആരോഗ്യ പരിരക്ഷ… ഇവയൊക്കെ മൂന്നു വര്‍ഷത്തെ ഭരണ നേട്ടങ്ങളുടെയും പദ്ധതികളുടെയും ചെറിയൊരംശം മാത്രം. മൂന്നുകൊല്ലം രാജ്യത്തിന്റെ വികസന പ്രവര്‍ത്തനത്തില്‍, നാട്ടുകാരുടെ ക്ഷേമൈശ്വര്യകാര്യങ്ങളില്‍ പ്രകാശം പരത്തിയ ദിനങ്ങളായിരുന്നു. ഇനിയും കൂടുതല്‍ കൂടുതല്‍ പ്രഭ വിതറുന്നതാകും മോദി ഭരണമെന്ന ശുഭപ്രതീക്ഷയ്ക്കുതന്നെയാണ് സാഹചര്യങ്ങള്‍.
Article credits .ജന്മഭൂമി
No comments:
Post a Comment