തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒരു മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു സംശയകരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഇന്റലിജന്‍സ് വിഭാഗത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.
എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ ഓഫീസിലെ ഒരു പ്രധാനിയെ ചുറ്റിപ്പറ്റിയാണ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. സോളാര്‍ വിവാദത്തെത്തുടര്‍ന്നു മന്ത്രിമാരുടെ ഓഫീസുകളില്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ ഓപ്പറേഷനിലാണ് ഉന്നതന്റെ ദുരൂഹബന്ധങ്ങളെക്കുറിച്ചു സൂചന ലഭിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ഉന്നതാധികാരികള്‍ അറിയാതെയായിരുന്നു ഇന്റലിജന്‍സിന്റെ ഈ ഓപ്പറേഷന്‍.
മന്ത്രി കെ. ബാബുവിന്റെ പി.എ. സുജേഷ് ആണ് ഈ വ്യക്‌തിയെന്ന് ഇന്റലിജന്‍സ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാര്‍ നല്‍കിയ അതീവരഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇദ്ദേഹത്തിനു വഴിവിട്ട പ്രവര്‍ത്തനത്തിന്, മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു നീക്കം ചെയ്‌ത ജേക്കബ് എന്നയാളുമായി ഉറ്റ ബന്ധമുണ്ടെന്നും രഹസ്യറിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍, സുജേഷ് എന്ന പേരില്‍ ആരും മന്ത്രിയുടെ ഓഫീസിലോ ഔദ്യോഗികവസതിയിലോ പ്രവര്‍ത്തിക്കുന്നില്ലെന്നു മംഗളം നടത്തിയ അന്വേഷണത്തില്‍ വ്യക്‌തമായി. അതേസമയം, ആരോപണവിധേയനായ വ്യക്‌തിയുടെ പേരു മനഃപൂര്‍വം തെറ്റിച്ചുകൊടുക്കുന്നത് ഇന്റലിജന്‍സിന്റെ പതിവാണ്. ലക്ഷ്യംവയ്‌ക്കുന്നവരുടെ യഥാര്‍ഥ പേരുമാറ്റി അവരുമായി സാമ്യമുള്ള തെറ്റായ പേരുകളോ കോഡുകളോ ഉപയോഗിച്ചാണ് ഇന്റലിജന്‍സ് രഹസ്യ റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നത്. ഇവിടെ സുജേഷിന്റെ പേരുമായി സാമ്യമുള്ള മറ്റൊരാളാണ് ഇന്റലിജന്‍സിന്റെ കണ്ണില്‍പ്പെട്ടത്. ഈ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും എ.ഡി.ജി.പിയുടെ പ്രത്യേകകുറിപ്പും 2013 ജൂണ്‍ 20-നു സര്‍ക്കാരിനു കൈമാറിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല. മന്ത്രിമാരുടെ ഓഫീസുകള്‍ ലക്ഷ്യമിട്ടു താനറിയാതെ ഇത്തരം നീക്കങ്ങള്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയതു ശരിയല്ലെന്ന നിലപാടാണു മുഖ്യമന്ത്രിക്ക്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പൂര്‍ണ വിവരം ചുവടെ
വിഷയം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു കീഴ്‌ജീവനക്കാരനായ ജേക്കബിന്റെ ആശാസ്യമല്ലാത്ത പ്രവര്‍ത്തനങ്ങള്‍.
വെട്ടുകാട് സ്വദേശിയായ ജേക്കബ്, മുഖ്യമന്ത്രിയുടെ ഓഫീസിലെ ലാസ്‌റ്റ് ഗ്രേഡ് ജീവനക്കാരനാണ്. വിവിധ വകുപ്പുകളുടെ ജീവനക്കാരുടെ സ്‌ഥലംമാറ്റം, നിയമനങ്ങള്‍, പ്രത്യേകിച്ചു പോലീസ്, എക്‌സൈസ് വകുപ്പുകളിലെ അച്ചടക്കനടപടി അവസാനിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ജേക്കബ് ഇടപെടുന്നുണ്ടെന്നു വിശ്വസനീയമായ കേന്ദ്രങ്ങളില്‍ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി ഉപയോഗിച്ചു സാമ്പത്തികനേട്ടം ഉണ്ടാക്കാന്‍ വേണ്ടിയാണ് ഇതു ചെയ്‌തത്. എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ പി.എ സുജേഷിന്റെ അടുത്ത സുഹൃത്താണു ജേക്കബ്. ബിവറേജസ് കോര്‍പ്പറേഷനില്‍നിന്നു ഡെപ്യൂട്ടേഷനിലാണു ജേക്കബ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. ഇയാളെ തിരിച്ചയയ്‌ക്കേണ്ടത് അത്യാവശ്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇയാളുടെ സാന്നിധ്യം അസ്വീകാര്യമാണ്.
News Credits,
എസ്. നാരായണന്‍,Mangalam Daily,February 6, 2014
No comments:
Post a Comment