ന്യൂദല്‍ഹി: കോണ്‍ഗ്രസിനെ നിലംപരിശാക്കിയ രാഷ്ട്രീയ നീക്കങ്ങളിലൂടെ ഗോവയിലും മണിപ്പൂരിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം രാജിവച്ച മനോഹര്‍ പരീഖര്‍ ഗോവയില്‍ വീണ്ടും മുഖ്യമന്ത്രിയാകും. 22 എംഎല്‍എമാരുടെ പിന്തുണക്കത്തുമായി പരീഖര്‍ ഗവര്‍ണറെ കണ്ട് മന്ത്രിസഭയ്ക്കുള്ള അവകാശം ഉന്നയിച്ചു.
മണിപ്പൂരില്‍ 31 എംഎല്‍എമാരുടെ പിന്തുണക്കത്തുകള്‍ ബിജെപി ഗവര്‍ണര്‍ക്കു കൈമാറി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ബിജെപി സഖ്യം ഗവര്‍ണറോട് ആവശ്യപ്പെട്ടു. 31 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് അറിയിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് നേതൃത്വം നല്‍കുന്നത് രാം മാധവാണ്. ഗോവയില്‍ 40, മണിപ്പൂരില്‍ 60 സീറ്റുകളാണുള്ളത്.
ഒരുപാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ത്തന്നെ ബിജെപി ആരംഭിച്ചിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശനിയാഴ്ച തന്നെ പ്രഖ്യാപിച്ചു. മണിപ്പൂരില്‍ 21 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ നാല് എംഎല്‍എമാരും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നാല് എംഎല്‍എമാരും പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. എല്‍ജെപിയുടെ ഒരു അംഗവും ഒരു സ്വതന്ത്ര അംഗവും കൂടി പിന്തുണ പരസ്യമാക്കിയതോടെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള 31 എന്ന സംഖ്യ ബിജെപി സഖ്യത്തിന് നേടാന്‍ കഴിഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധമന്ത്രിയുമായ മനോഹര്‍ പരീഖരിനെ ഗോവയിലേക്ക് തിരികെ വിടണമെന്നും മുഖ്യമന്ത്രിയാക്കണമെന്നും ബിജെപി എംഎല്‍എമാരുടെ യോഗം ദേശീയ അധ്യക്ഷന്‍ അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വിനയ് തെണ്ടൂല്‍ക്കര്‍ അറിയിച്ചതിന് പിന്നാലെയാണ് ഗോവയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയുടെയും പരീഖറിന്റെയും നേതൃത്വത്തില്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണ അവകാശവാദം ഉന്നയിച്ചത്. മൂന്ന് അംഗങ്ങളുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും മഹാരാഷ്ട്രവാദി ഗോമാന്ത്രക് പാര്‍ട്ടിയും ബിജെപിയെ പിന്തുണയ്ക്കും. എന്‍സിപിയുടെ ഒരംഗവും രണ്ട് സ്വതന്ത്രരുമാണ് പരീഖറിന് പിന്തുണ അറിയിച്ചു.
ഇരു സംസ്ഥാനങ്ങളിലും വ്യക്തമായ ഭൂരിപക്ഷമുള്ള സഖ്യം രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പിന് ശേഷം സാധിച്ചത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിജയമാണ്. ഇരു സംസ്ഥാനങ്ങളുടേയും ചുമതലയുണ്ടായിരുന്ന മലയാളികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ തിരിച്ചടിയായി ബിജെപിയുടെ നീക്കം. മണിപ്പൂരില്‍ രമേശ് ചെന്നിത്തലയ്ക്കും ഗോവയില്‍ കെ.സി. വേണുഗോപാലിനുമായിരുന്നു ചുമതല. രണ്ടിടത്തും വിജയിച്ച എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ക്കാനുള്ള സമയം പോലും ഇരു നേതാക്കള്‍ക്കും ലഭിച്ചില്ല.
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വന്‍ ഭൂരിപക്ഷത്തോടെ അധികാരമുറപ്പിച്ച ബിജെപി മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം പതിനേഴായി. പതിനൊന്നില്‍ ബിജെപി ഒറ്റയ്ക്കും ആറില്‍ ബിജെപി മുന്നണിയും.
News Credits,Janmabhumidaily
No comments:
Post a Comment