Wednesday, August 12, 2015

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് :ഉതുപ്പ് വര്‍ഗീസിനെ ഇന്ത്യയിലെത്തിക്കാന്‍ നടപടി തുടങ്ങി

കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ ഇന്റര്‍പോളിന്റെ പിടിയിലായ ഉതുപ്പ് വര്‍ഗീസിനെ ഇന്ത്യയിലെത്തിക്കാന്‍ സി.ബി.ഐ നടപടി ആരംഭിച്ചു. ഇതിനായി സി.ബി.ഐ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. യു.എ.ഇയില്‍ തടഞ്ഞുവച്ചിരിക്കുന്ന പ്രതിയെ അവിടെ പ്രാഥമിക വിചാരണ നടത്തിയ ശേഷമായിരിക്കും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അനുമതി ലഭിക്കുക. ഉതുപ്പിനെതിരായ കുറ്റങ്ങള്‍ യു.എ.ഇ സര്‍ക്കാരിനെയും ഇന്റര്‍പോളിനെയും ബോധ്യപ്പെടുത്തണം. യു.എ.ഇയിലെ കോടതി നടപടികള്‍ക്കായി ഉതുപ്പിനെതിരായ തെളിവുകള്‍ അറബിയിലേക്ക് മാറ്റിയെഴുതുകയാണ്.
അതേസമയം, ഉതുപ്പ് ഇന്ത്യയില്‍ നിന്നും കടത്തിയ പണം സംബന്ധിച്ച് ആദായ നികുതി വകുപ്പ് കണക്കെടുപ്പ് പൂര്‍ത്തിയാക്കി. ഉതുപ്പ് 400 കോടി രൂപ പുറത്തേക്ക് കടത്തിയെന്നും അഞ്ചര കോടി രൂപ മാത്രമാണ് പിടിച്ചെടുക്കാന്‍ കഴിഞ്ഞതെന്നും കണക്കെടുപ്പില്‍ ബോധ്യപെട്ടു.
കുവൈത്തിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ടിംഗ് അധികാരത്തിന്റെ മറവില്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി കണ്ടെത്തിയതോടെയാണ് ഉതുപ്പിനെതിരെ സി.ബി.ഐ കേസെടുത്തത്. ഇതോടെ ഒളിവില്‍ കഴിഞ്ഞിരുന്ന ഉതുപ്പിനെ പിടികൂടാന്‍ സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇന്റപോളിന്റെ വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉതുപ്പിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് യു.എ.ഇയില്‍ തടഞ്ഞുവച്ചിരിക്കുന്നതായി ഇന്റര്‍പോള്‍ ആസ്ഥാനത്തുനിന്നും സി.ബി.ഐയ്ക്ക് അറിയിപ്പ് ലഭിച്ചത്.
News Credits Mangalam Daily,12/08/15

Tuesday, August 11, 2015

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ യു എ ഇ യിലെ ഭാരതീയ സമൂഹം ഒരുങ്ങി

മാഡിസണെ പിന്നിലാക്കാൻ ദുബായ് ഒരുങ്ങുന്നു

34 വർഷത്തിന് ശേഷമാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി യു എ ഇ സന്ദർശിക്കുന്നത്

ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ യു എ ഇ യിലെ ഭാരതീയ സമൂഹം ഒരുങ്ങി. സന്ദർശനത്തിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ ഡൽഹിയിൽ നിന്ന് ഉന്നതതല സംഘം യു എ ഇ യിൽ എത്തി.
34 വർഷത്തിന് ശേഷമാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി യു എ ഇ സന്ദർശിക്കുന്നത്. ഇതിന് മുന്നോടിയായി കേന്ദ്ര വിദേശ കാര്യ സെക്രട്ടറി എസ്. ജയശങ്കറിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം യു എ ഇ യിൽ എത്തി. ഈ മാസം 16ന് അബുദാബിയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി , യു എ ഇ ഭരണാധികാരികളുമായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തും.
17 ന് ദുബായിൽ, ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. തുടർന്ന് വൈകിട്ട് ആറിന് ദുബായ് ക്രിക്കറ്‍റ് സ്റ്‍റേഡിയത്തിൽ സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ അദ്ദേഹം ഭാരതീയ സമൂഹത്തെ അഭിസംബോധന ചെയ്യും. 40,000 പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്.
പൊതുപരിപാടിയിൽ പങ്കെടുക്കാൻ www.namoindubai.ae എന്ന വെബ്സൈറ്‍റ് വഴിയാണ് രജിസ്റ്‍റർ ചെയ്യേണ്ടത്. ഓൺലൈൻ രജിസ്ട്രേഷൻ വഴി ലഭിക്കുന്ന എൻട്രി പാസ്സും, കൂടാതെ എമിരേറ്റ്സ് ഐ ഡി , പാസ് പോർട്ട്, എന്നീ തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് കൈവശം ഉള്ളവർക്ക് മാത്രമേ പൊതുപരിപാടിയിലേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ. ഇതിനോടകംതന്നെ 23000 ത്തോളം പേർ വെബ്സൈറ്‍റിൽ പേര് രജിസ്റ്‍റർ ചെയ്തതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
സമ്മേളനവേദിക്കു സമീപമുള്ള മെട്രോ സ്റ്‍റേഷനുകളിൽ നിന്ന് ഗതാഗതസൗകര്യം ഉണ്ടായിരിക്കും. മാഡിസൺ സ്ക്വയറിലേയും സിഡ്നി, ഷാങ്ഹായ് , ടോറന്റോ എന്നിവിടങ്ങളിലേയും സമ്മേളാനങ്ങൾ ചരിത്ര സംഭവങ്ങളായപ്പോൾ ദുബായും അക്കാര്യത്തിൽ പിന്നാക്കമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത് . പ്രധാനമന്ത്രിയെ വരവേൽക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് യു എ ഇ യിലെ പ്രവാസി ഭാരതീയർ.
News Credits Janamtv

Thursday, August 6, 2015

പിന്‍വലിച്ച ഭൂമിപതിവ്‌ ചട്ടം: തകര്‍ന്നത്‌ വമ്പന്മാരുടെ സ്വപ്‌നം

ഇടുക്കി : മലയോര മേഖലയില്‍ 2005 ജൂണ്‍ ഒന്നു വരെയുള്ള കൈവശഭൂമിക്കു പട്ടയം നല്‍കാനുള്ള നീക്കം വിവാദത്തെത്തുടര്‍ന്നു പിന്‍വലിച്ചതിനു പിന്നാലെ ഉള്ളുകളികള്‍ പുറത്ത്‌. ഭൂമി പതിച്ചുനല്‍കല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയ ഉത്തരവ്‌ വഴി സാധൂകരിക്കപ്പെടുമായിരുന്നത്‌ മന്ത്രിബന്ധുവിന്റേതും ഇടത്‌-വലത്‌ രാഷ്‌ട്രീയക്കാരുടേതും പ്രമുഖ ചലച്ചിത്ര നടന്റെ ബന്ധുവിന്റേതും ഉള്‍െപ്പടെയുള്ള കൈയേറ്റങ്ങള്‍. മൂന്നാര്‍, നെല്ലിയാമ്പതി പ്രദേശങ്ങളില്‍ വന്‍കിട കൈയേറ്റങ്ങള്‍ക്കു പിന്നില്‍ വിവിധ രാഷ്‌ട്രീയ കക്ഷികളുടെ ഒത്താശ വ്യക്‌തമായതിനു പിന്നാലെയാണ്‌ ചട്ടം ഭേദഗതി ഉണ്ടായത്‌. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ മിക്കവാറും എല്ലാ കൈയേറ്റങ്ങള്‍ക്കും പിന്നില്‍ രാഷ്‌ട്രീയ ഇടപെടലുകള്‍ ഉണ്ടായിരുന്നു. കെ.ഡി.എച്ച്‌. വില്ലേജിലാണ്‌ ഏറ്റവും കൂടുതല്‍ ഭൂമി കൈയേറിയത്‌.
മന്ത്രിസഭയിലെ പ്രമുഖന്റെ ബന്ധുവും സി.പി.എം. നേതാവിന്റെ അനുജനും സി.പി.എം. ഏരിയാനേതാവും ഏറെ വിവാദങ്ങളില്‍ ഉള്‍പ്പെട്ട ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്റെ ബന്ധുക്കളും ഇവിടെ ഭൂമി സ്വന്തമാക്കിയിരുന്നു. ഒരു പ്രമുഖ ചലച്ചിത്ര നടന്റെ സഹോദരങ്ങളും പ്രമുഖ അഭിഭാഷകനും ഭൂമി കൈയേറിയവരില്‍ ഉള്‍പ്പെടുന്നു.
ഈ കൈയേറ്റങ്ങളില്‍ ഭൂരിപക്ഷവും നടന്നത്‌ 2003 ലാണ്‌. റവന്യു വകുപ്പ്‌ കൊണ്ടുവന്ന ഭേദഗതി നടപ്പായിരുന്നെങ്കില്‍ ഇവര്‍ക്ക്‌ കോടിക്കണക്കിന്‌ രൂപയുടെ ഭൂമി സ്വന്തമാകുമായിരുന്നു. കൈയേറ്റഭൂമിയില്‍ സര്‍ക്കാര്‍ പൊളിച്ചുമാറ്റിയ കെട്ടിടങ്ങള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കേണ്ട സാഹചര്യവും ഉണ്ടാകുമായിരുന്നു. മന്ത്രിയുടെ ബന്ധു ചിന്നക്കനാലില്‍ ഭൂമി കൈയേറി കോടികള്‍ വിലമതിക്കുന്ന റിസോര്‍ട്ടാണു നിര്‍മിച്ചത്‌. ആനയിറങ്കല്‍ അണക്കെട്ടിനു സമീപത്ത്‌ ഏക്കറുകളോളം ഭൂമിയും ഇദ്ദേഹം കൈവശം വച്ചിരുന്നു. അണക്കെട്ട്‌ നിര്‍മിക്കാന്‍ എത്തിയ തമിഴ്‌ തൊഴിലാളികള്‍ക്കു നല്‍കിയ പട്ടയം സ്വന്തമാക്കിയാണ്‌ ഇവര്‍ ഭൂമി കൈയേറിയത്‌. പ്രമുഖ സി.പി.എം. നേതാവിന്റെ ബന്ധു ചിന്നക്കനാല്‍ ഗ്യാപ്പ്‌ റോഡിനു സമീപം ഏക്കറുകള്‍ കൈയേറിയത്‌ മുന്‍പേയുണ്ടായിരുന്ന സര്‍വേ നമ്പരിന്റെ മറവിലാണ്‌.
ഈ ഭൂമി ഇയാള്‍ മറിച്ചുവില്‍ക്കുകയും ചെയ്‌തു. സ്‌ഥലത്തെ പ്രമുഖനേതാവ വിവാദനായകനായ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥനുമായി ചേര്‍ന്ന്‌ മൂന്നാറിനു സമീപം ഏക്കറുകളാണു സ്വന്തമാക്കിയത്‌. ഇവിടെ ഇപ്പോള്‍ ഒരു പ്രമുഖ സ്‌ഥാപനം പ്രവര്‍ത്തിക്കുന്നു. ചിന്നക്കനാലിനു സമീപമാണ്‌ സി.പി.എം. ഏരിയാനേതാവ്‌ ഏക്കറുകളോളം ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത്‌. യു.ഡി.എഫില്‍ പ്രമുഖ സ്‌ഥാനം വഹിക്കുന്ന നേതാവിന്റെ ബന്ധുവും പ്രമുഖ ഐസ്‌ക്രീം കമ്പനിയുടെ ഉടമസ്‌ഥരും കൈയേറ്റങ്ങള്‍ക്കെതിരേ വാദിക്കുന്ന ഒരു പ്രമുഖ അഭിഭാഷകനും ഭൂമി കൈയേറിയവരില്‍ ഉള്‍പ്പെടുന്നു. ഈ അഭിഭാഷകന്റെ ഉടമസ്‌ഥതയില്‍ മൂന്നാറില്‍ ഒരു റിസോര്‍ട്ടും ഉണ്ടായിരുന്നു. ചലച്ചിത്ര നടന്റെ ബന്ധുക്കള്‍ 1993 ലെ പട്ടയം ദുരുപയോഗം ചെയ്‌താണ്‌ ഭൂമി സ്വന്തമാക്കിയത്‌. ചില പാര്‍ട്ടി ഓഫീസുകളുടെ കെട്ടിടങ്ങളും കൈയേറ്റ ഭൂമിയിലുണ്ടായിരുന്നു.
വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ കൈയേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ്‌ ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്‌. ചില കൈയേറ്റഭൂമിയിലെ കെട്ടിടങ്ങള്‍ പൊളിക്കുകയും ചെയ്‌തിരുന്നു. കൈയേറ്റമൊഴിപ്പിക്കല്‍ നിലച്ചതിനു പിന്നാലെ ഭൂമി കൈവശമുള്ളവര്‍ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്യുകയായിരുന്നു. ഇതില്‍ പല കേസുകളും കോടതി പരിഗണനയിലാണ്‌. ചില കേസുകള്‍ മൂന്നാര്‍ ട്രിബ്യൂണലിന്റെ പരിഗണനയിലാണെങ്കിലും ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ റവന്യൂവകുപ്പ്‌ വിട്ടു നല്‍കുന്നില്ലെന്ന്‌ ആക്ഷേപമുയര്‍ന്നിരുന്നു.
മൂന്നാറിനു സമാനമായി കൈയേറ്റമൊഴിപ്പിക്കല്‍ നടന്ന വാഗമണിലെ സ്‌ഥിതിയും വ്യത്യസ്‌തമല്ല. സര്‍ക്കാര്‍ തിരികെപ്പിടിച്ച ഭൂമിയില്‍ ഏറിയ പങ്കും കൈയേറ്റക്കാര്‍ വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ്‌.
News Credits:എം.എസ്‌. സന്ദീപ്‌,Mangalam Daily,8/08/15

ബീഹാറും കേരളവും തമ്മില്‍ എന്തുവ്യത്യാസം; പോലീസിന്‌ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി : പൗരാവകാശം സംരക്ഷിക്കുന്നതില്‍ വീഴ്‌ച പറ്റുന്നവെന്ന്‌ ചൂണ്ടിക്കാട്ടി പോലീസിന്‌ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പോലീസിന്റെ നിഷ്‌ക്രിയത്വത്തെ തുടര്‍ന്ന്‌ പൗരന്മാര്‍ കോടതിയെ സമീപിക്കേണ്ട അവസ്‌ഥയാണ്‌ നിലനില്‍ക്കുന്നത്‌. ഇതാണ്‌ അവസ്‌ഥയെങ്കില്‍ ബീഹാറും കേരളവും തമ്മില്‍ എന്താണ്‌ വ്യത്യാസമെന്നും കോടതി വിമര്‍ശിച്ചു. കൊല്ലം കുണ്ടറയില്‍ ബന്ധുക്കളുടെ മര്‍ദനമേറ്റ വീട്ടമ്മയുടെ പരാതി പരിഗണിക്കവേ ജസ്‌റ്റിസ്‌ അലക്‌സാണ്ടര്‍ തോമസാണ്‌ ഇത്തരമൊരു വിമര്‍ശനം നടത്തിയത്‌.
പൗരാവകാശം സംരക്ഷിക്കപ്പെടുന്നതില്‍ പോലീസിന്‌ വീഴ്‌ച പറ്റുന്നതിനെ തുടര്‍ന്നാണ്‌ വ്യക്‌തികള്‍ക്ക്‌ കോടതിയെ സമീപിക്കേണ്ട സാഹചര്യം ഉണ്ടാകുന്നത്‌. കൊല്ലം സ്വദേശിയായ വീട്ടമ്മയില്‍ നിന്നും പ്രതികളുടെ ചിത്രം ഉള്‍പ്പെടെയുള്ള പരാതി ലഭിച്ചിട്ടും ആദ്യ ഘട്ടത്തില്‍ കേസെടുക്കാന്‍ പോലും പോലീസ്‌ തയ്യാറായിരുന്നില്ല. തുടര്‍ന്ന്‌ മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥരെ സമീപിച്ചതിന്റെ അടിസ്‌ഥാനത്തില്‍ കേസെടുത്തുവെങ്കിലും ആരെയും അറസ്‌റ്റുചെയ്‌തില്ല. പോലീസിന്റെ ഇടപെടലില്‍ ഫലം കാണാഞ്ഞതിനെ തുടര്‍ന്നാണ്‌ വീട്ടമ്മയ്‌ക്ക് കോടതിയെ സമീപിക്കേണ്ടിവന്നതെന്നും ജസ്‌റ്റിസ്‌ അലക്‌സാണ്ടര്‍ തോമസ്‌ കുറ്റപ്പെടുത്തി.
News Credits Mangalam Daily,06/08/15

നേഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ്; ഉതുപ്പ് വര്‍ഗീസ്‌ പിടിയില്‍.

അബുദാബി: ഇന്റര്‍പോള്‍ തേടുന്ന കുവൈറ്റ് നേഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ് പിടിയിലായി. അബുദാബിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇന്റര്‍പോള്‍ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയത്. കുവൈറ്റിലേക്ക് 1200 നേഴ്സുമാരെ റിക്രൂട്ട് ചെയ്തതിലൂടെ 230 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നതാണ് കൊച്ചി അല്‍ സറഫ ഉടമ ഉതുപ്പ്ര്‍ വര്‍ഗീസിനെതിരെയുള്ള കേസ്. തട്ടിപ്പിന് സഹായികളായി നിരവധി ഏജന്റുമാരും ഇയാള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു.
കുവൈത്തില്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കരാര്‍ ലഭിച്ച അല്‍ സറഫ ഏജന്‍സിക്ക് ഓരോ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും 19,500 രൂപ മാത്രമാണ് ഫീസ് ഈടാക്കാന്‍ അധികാരമുണ്ടായിരുന്നത്. എന്നാല്‍ ഓരോ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 19,5 ലക്ഷം രൂപ വാങ്ങിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.
ഇതിനിടെ ഉതുപ്പ് വര്‍ഗീസ്‌ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും അപേക്ഷ കോടതി തള്ളിയിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്നും ഇന്ത്യയിലേക്ക് തിരികെ എത്താന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. സിബിഐയുടെ ആവശ്യപ്രകാരം അന്താരാഷ്ട്ര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ ഉതുപ്പ് വര്‍ഗീസിനെ പിടികിട്ടാപ്പുള്ളിയിയായി പ്രഖ്യാപിച്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിനു പിറകെയാണ് സുപ്രീം കോടതിയില്‍ ഇയാള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

More on the scam

ഗോരക്ഷാ പ്രചാരണവുമായി സമാജ് വാദി പാർട്ടി എം എൽ എ ആയ സമീറുള്ള ഖാൻ

ലഖ്നൗ : ഗോസംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി മുസ്ലിം സമൂഹത്തെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യവുമായി നാട് ചുറ്റുകയാണ് സമാജ് വാദി പാർട്ടി എം എൽ എ ആയ സമീറുള്ള ഖാൻ . എല്ലാ മുസ്ലിം പള്ളികളും സന്ദർശിച്ച് ഗോരക്ഷാ പ്രചാരണം നടത്തുകയാണ് അദ്ദേഹം.
ഹിന്ദുക്കൾ തങ്ങളുടെ മൂത്ത സഹോദരന്മാരാണെന്നും അവരുടെ വിശ്വാസം സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ഇമാമുകളേയും മൗലവിമാരേയും അറിയിക്കുകയാണ് സമീറുള്ളയുടെ ലക്ഷ്യം . തന്റെ വിചാരങ്ങളുമായി യോജിക്കുന്ന മുസ്ലിങ്ങളോടൊത്ത് ഗോസംരക്ഷണ പ്രതിജ്ഞയെടുക്കാൻ തയ്യാറാണെന്നും സമീറുള്ള ഖാൻ പറയുന്നു.
പശുവിനെ കൊല്ലുന്നതും ഭക്ഷിക്കുന്നതും നിർബന്ധമാണെന്ന് ഖുറാനിൽ പറയുന്നില്ല . ഹിന്ദു സഹോദരന്മാരുടെ വിശ്വാസത്തെ ബഹുമാനിച്ചു കൊണ്ട് ഗോഹത്യയിൽ നിന്ന് മുസ്ലിങ്ങൾ പിന്മാറണമെന്നാണ് സമീറുള്ള അഭിപ്രായപ്പെടുന്നത്.
ഈ പ്രചാരണം സംസ്ഥാനം മുഴുവൻ വ്യാപിപിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി അഖിലേഷിനെ സമീപിക്കാനൊരുങ്ങുകയാണ് സമീറുള്ള ഖാൻ.
Janamtv News

Tuesday, August 4, 2015

മുംബൈ ആക്രമണത്തിന് പിന്നിൽ ലഷ്കർ തന്നെയെന്ന് മുൻ പാക് രഹസ്യാന്വേഷണ മേധാവി

ന്യൂഡൽഹി : മുംബൈ ആക്രമണം അസൂത്രണം ചെയ്തത് പാകിസ്ഥാനിൽ നിന്നു തന്നെയെന്ന് മുൻ പാക് രഹസ്യാന്വേഷണ മേധാവി താരിഖ് ഖോസ . ഇത് സംബന്ധിച്ചുള്ള ഭാരതത്തിന്റെ അന്വേഷണങ്ങളും കണ്ടെത്തലുകളും ശരിയാണെന്നും ഖോസ . ആക്രമണം നടത്തിയതിന് പിന്നിൽ ലഷ്കർ ഇ തോയ്ബയാണെന്ന കാര്യം സംശയലേശമെന്യേ തെളിഞ്ഞെന്നും ഖോസ വ്യക്തമാക്കി . പ്രമുഖ പാക് പത്രമായ ഡോണിന്റെ എഡിറ്റോറിയൽ പേജിൽ വന്ന ലേഖനത്തിലാണ് തന്ത്രപ്രധാനമായ വെളിപ്പെടുത്തലുകൾ വന്നത് .
അക്രമണത്തിന്റെ ആസൂത്രണം പാകിസ്ഥാനിലാണെന്ന് തങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞതാണ് . ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ ഇരു രാഷ്ട്രങ്ങളും തീരുമാനിച്ച സ്ഥിതിക്ക് ഇക്കാര്യം സമ്മതിക്കാൻ പാകിസ്ഥാൻ മടിക്കുന്നതെന്തിനെന്ന് ഖോസ ചോദിക്കുന്നു . കേസിൽ വാദം കേൾക്കുന്ന ജഡ്ജിമാരെ ഇടയ്ക്കിടയ്ക്ക് മാറ്റുന്നതും പബ്ലിക് പ്രോസിക്യൂട്ടറെ അജ്ഞാതർ വധിച്ചതും കേസ് വേഗത്തിൽ തീർപ്പാക്കുന്നതിനെ തടയുന്നുണ്ടെന്നും ഖോസ വ്യക്തമാക്കുന്നു .
അജ്മൽ കസബ് പാകിസ്ഥാൻ പൗരനാണെന്നും അയാൾക്ക് പരിശീലനം നൽകിയത് ലഷ്കർ ഇ തോയ്ബയാണെന്നും ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണത്തിൽ തെളിഞ്ഞതാണ് . സിന്ധിലെ തറ്റയിലാണ് പരിശീലനം കൊടുത്തത് . പരിശീലന ക്യാമ്പുകൾ അന്വേഷണ ഏജൻസികൾ കണ്ടുപിടിക്കുകയും സീൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. മുംബൈയിൽ പ്രയോഗിച്ച അതേ സ്ഫോടക വസ്തുക്കൾ ഈ ക്യാമ്പിൽ നിന്ന് കണ്ടെടുക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടുണ്ട് .
തീവ്രവാദികൾ ഇന്ത്യയുടെ സമുദ്രാതിർത്തി വരെ വന്ന ബോട്ട് തിരിച്ചെത്തിച്ച് നിറം മാറ്റി ഒളിപ്പിച്ചതും കണ്ടെടുക്കാനായി . തീവ്രവാദികൾ മുംബൈ തീരത്ത് ഉപേക്ഷിച്ച റബ്ബർ ബോട്ടിന്റെ എഞ്ചിൻ ജപ്പാനിൽ നിന്ന് ലാഹോറിലേക്ക് ഇറക്കുമതി ചെയ്തതാണ് . കറാച്ചിയിലെ ഒരു സ്പോർട്ട്സ് കടയിൽ നിന്ന് ഇത് വാങ്ങിയത് ലഷ്കറുമായി ബന്ധമുള്ള ആളാണെന്നതും കണ്ടുപിടിച്ചു. ആക്രമണത്തിനുള്ള പണം എത്തിച്ചതിന്റെ കൃത്യമായ വിവരങ്ങളും അന്വേഷണ ഏജൻസിക്ക് ലഭിച്ചു. ആക്രമണം നിയന്ത്രിച്ച കറാച്ചിയിലെ കെട്ടിടം കണ്ടെത്തി സീൽ ചെയ്തിട്ടുണ്ടെന്നും ഖോസ വ്യക്തമാക്കുന്നു.
ആക്രമണത്തിന്റെ ആസൂത്രകരേയും സാമ്പത്തിക സഹായം നൽകിയവരേയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു. അതോടൊപ്പം വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ വഴിയുള്ള വാർത്താവിനിമയ വിവരങ്ങളും പിടിച്ചെടുത്തുവെന്നും താരിഖ് ഖോസ വിശദമാക്കി. ശബ്ദസാമ്പിളുകൾ പ്രതികളുടെ സമ്മതത്തോടെ ശേഖരിക്കണമെന്ന കോടതിയുടെ നിർദ്ദേശം തത്വത്തിൽ തീവ്രവാദികൾക്ക് ഗുണകരമായെന്നും അദ്ദേഹം പറയുന്നു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുടെ അന്വേഷണത്തിൽ ഭാരതത്തിന്റെ മദ്ധ്യസ്ഥർ പൂർണ തൃപ്തി അറിയിച്ചിരുന്നെന്നും ഖോസ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട് .
അറസ്റ്റ് ചെയ്തവർ ജാമ്യത്തിലിറങ്ങിയതോടെ ഈ കേസ് അനന്തമായി നീളാനുള്ള സാദ്ധ്യതയാണ് കാണുന്നതെന്ന് അദ്ദേഹം പറയുന്നു . മുംബൈ ആക്രമണം നടത്തിയത് പാകിസ്ഥാൻ മണ്ണിൽ നിന്നു തന്നെയുള്ളവരാണെന്ന അപ്രിയ സത്യം ലോകത്തോട് പറയാനുള്ള ധൈര്യം പാകിസ്ഥാനുണ്ടാവുമോ എന്ന ചോദ്യത്തോടെയാണ് ഖോസ ലേഖനം അവസാനിപ്പിക്കുന്നത് .
പാകിസ്ഥാനിലെ നിക്ഷ്പക്ഷനായ അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളായാണ് താരിഖ് ഖോസ വിലയിരുത്തപ്പെടുന്നത്. പാക് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ഡയറക്ടർ ജനറലായി സേവനമനുഷ്ടിച്ചിട്ടുള്ള ഖോസ പാക് നാഷണൽ പോലീസ് ബ്യൂറോയുടെ തലവനുമായിരുന്നു .
News Credit,Janamtv

കോണ്‍ഗ്രസിന്റെ ജനാധിപത്യ പ്രസ്‌താവന സാത്താന്റെ ബൈബിള്‍ വായന പോലെ: ബിജെപി

യൂഡല്‍ഹി: ലോക്‌സഭയില്‍ മോശം പെരുമാറ്റത്തിന്‌ 25 എംപിമാരെ സസ്‌പെന്‍ഡ്‌ ചെയ്‌ത സ്‌പീക്കറുടെ നടപടിയെ ജനാധിപത്യത്തിന്റെ കൊലപാതകം എന്നു വിശേഷിപ്പിച്ച സോണിയാ ഗാന്ധിയുടെ പ്രസ്‌താവനയ്‌ക്ക് ബി.ജെ.പിയുടെ മറുപടി. അമ്മ-മകന്‍ അധികാരം കയ്യാളുന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ ഡി.എന്‍.എയില്‍ പോലും ജനാധിപത്യത്തിന്റെ അംശമില്ലെന്നും സാത്താന്‍ ബൈബില്‍ വായിക്കുന്നതുപോലെയാണ്‌ കോണ്‍ഗ്രസിന്റെ പ്രസ്‌താവനകളെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
പാര്‍ലമെന്റ്‌ സമ്മേളനം തടസപ്പെടുത്തുന്നതിന്‌ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ്‌ കേന്ദ്ര മന്ത്രി പ്രകാശ്‌ ജാവദേക്കര്‍ നടത്തിയത്‌. ബാലിശമാണ്‌ പ്രതിപക്ഷ പാര്‍ട്ടിയെ നയിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിജയങ്ങളിലുള്ള അസൂയയാണ്‌ സഭാ നടപടികള്‍ തടസപ്പെടുത്തുന്നതിന്‌ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നതെന്നും ജാവദേക്കര്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ്‌ ജനാധിപത്യത്തെക്കുറിച്ച്‌ പറയുന്നത്‌ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന്‌ ജാവദേക്കര്‍ പറയുന്നു. കോണ്‍ഗ്രസ്‌ ഒരു ജനാധിപത്യ വിരുദ്ധ പാര്‍ട്ടിയാണ്‌. ജനാധിപത്യത്തെക്കുറിച്ച്‌ പറയുന്നതിന്‌ കോണ്‍ഗ്രസ്‌ ഉപയോഗിക്കുന്ന ഭാഷ സാത്താന്‍ ബൈബിള്‍ വായിക്കുന്നതിന്‌ തുല്യമാണ്‌. കോണ്‍ഗ്രസിന്റെ ഡി.എന്‍.എയില്‍ പോലും ജനാധിപത്യമില്ല. പാര്‍ട്ടി അധ്യക്ഷയായി അമ്മയും ഉപാധ്യക്ഷനായി മകനും അധികാരം കയ്യാളുന്നത്‌ ഇതിന്‌ ഉദാഹരണമാണ്‌. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കോണ്‍ഗ്രസ്‌ വിശ്വസിക്കുന്നുവെങ്കില്‍ പാര്‍ലമെന്റില്‍ വിഷയങ്ങളില്‍ സംവദിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
News Credits Mangaam Daily

Saturday, August 1, 2015

കടപ്പുറത്ത് പോയി കാളകുത്തിയതിന് അമ്മയെ തല്ലരുത് ,സിപിഎമ്മിന് വെള്ളാപ്പള്ളിയുടെ മറുപടി

ആലപ്പുഴ : കടപ്പുറത്ത് പോയി കാളകുത്തിയതിന് അമ്മയെ തല്ലരുതെന്ന് സിപിഎമ്മിനോട് വെള്ളാപ്പള്ളി . ബി ജെ പിയുമായുള്ള വെള്ളാപ്പള്ളിയുടെ ബന്ധം ആത്മഹത്യാപരമാണെന്നുള്ള സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് വെള്ളാപ്പള്ളിയുടെ പരാമർശം .
സിപിഎമ്മിന്റെ മതേതരത്വം കാപട്യമാണെന്ന് അഭിപ്രായപ്പെട്ട വെള്ളാപ്പള്ളി ഇടതു പക്ഷത്തിന്റെ ജനകീയ അടിത്തറ ഹിന്ദുക്കളാണെന്ന് മറന്നു പോകരുതെന്നും ഓർമ്മിപ്പിച്ചു. അതിന് തയ്യാറായില്ലെങ്കിൽ കാലത്തിന്റെ കുത്തൊഴുക്കിൽ പാർട്ടി നാമാവശേഷമാകുമെന്നും വെള്ളാപ്പള്ളി മുന്നറിയിപ്പ് നൽകി .
വെള്ളാപ്പള്ളി നടേശന്റെ ഫേസ്ബുക്ക് പേജിലാണ് സിപിഎമ്മിനുള്ള മറുപടി വന്നത് . എസ് എൻ ഡി പി മുഖപ്രസിദ്ധീകരണമായ യോഗനാദത്തിന്റെ മുഖപ്രസംഗമായി വന്ന ലേഖനമാണിത് .
യോഗത്തിനും യോഗനേതൃത്വത്തിനുമെതിരെ വിഷം ചീറ്റുന്ന നേതാക്കൻമാർ ഒന്നു ചിന്തിക്കുക. പശ്ചിമ ബംഗാളിൽ ഇടതുപക്ഷ അടിത്തറ തകർന്നു തരിപ്പണമായത് എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനമാണോ? ദിവസവും ഇപ്പോൾ നൂറ്റിയൊന്നാവർത്തിച്ച് മൊഴിഞ്ഞുകൊണ്ടിരിക്കുന്ന മതേതരത്വം എന്ന വാക്കിനോട് നീതി പുലർത്തി പ്രവർത്തിച്ചിട്ടുണ്ട് എന്ന് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ പറയുവാൻ കഴിയുമോ?
അടിച്ചമർത്തലുകൾ ഒരു പരിധിക്കപ്പുറം നിലനിൽക്കില്ല...... "

ലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ
" സംഘടിത മതന്യൂനപക്ഷ മേഖലയിൽ വരുമ്പോൾ ഇത്തരം നിലപാടുകളെ സാധൂകരിക്കുവാൻ മതേതരജനാധിപത്യത്തിന് ശക്തി പകരുവാനുള്ള അടവുനയം എന്ന് പേരിട്ടു. എന്നാൽ അടിസ്ഥാന ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന മറ്റിടങ്ങളിൽ മതേതരത്വമെന്നും, ജനാധിപത്യമെന്നും പേരിട്ടു.
ഇന്നല്ലെങ്കിൽ നാളെ നാം കണ്ട സ്വപ്നം പൂവണിയുവാൻ ഇത്തരം അടവുനയങ്ങൾ ചിലപ്പോഴൊക്കെപ്രായോഗികമാക്കേണ്ടിവരും എന്ന് താത്വികാചാര്യടാർ പാർട്ടിക്ലാസുകൾ എടുത്തപ്പോൾപാടത്തും, പറമ്പിലും, വെയിലത്തും, മഴയത്തും എല്ലുമുറുകെ പണിയെടുത്ത് മതേതരത്വത്തെ നെഞ്ചോടു ചേർത്തുവച്ച സാധാരണക്കാരൻ അതെല്ലാം വിശ്വസിച്ചു. കാരണം ഈ കഷ്ടപ്പാടും ചൂഷണവും ഇന്നല്ലെങ്കിൽ നാളെ മാറും എന്ന വിശ്വാസത്തിൽ. പിന്നോക്ക/ദളിത് വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനാൽ ഇത്തരം കപടമതേതരത്വം തിരിച്ചറിയുവാനുള്ള അറിവ് അവർക്കില്ലായിരുന്നു. ഈ ചൂഷണമാണ് കഴിഞ്ഞ നാലു പതിറ്റാണ്ടായി കേരളത്തിൽ നിലനിൽക്കുന്നത്.
എന്നാൽ വിദ്യകൊണ്ടു സ്വതന്ത്രരാവുക എന്ന ഗുരുവിന്റെ സന്ദേശത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടു ഒരു നൂറ്റാണ്ടിനു ശേഷം മഹാഗുരുവിന്റെ ദർശനങ്ങളും സന്ദേശങ്ങളും പിന്നോക്ക ജനവിഭാഗങ്ങളിൽ തിരിച്ചറിവ് സൃഷ്ടിച്ചപ്പോൾ കപടമതേതരത്വവും അതിന്റെ ഫലമായി സമൂഹത്തിൽ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലയിൽ മതനിരപേക്ഷത നെഞ്ചോടു ചേർത്തുവച്ച വിഭാഗങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞതിന്റെ ഫലമായി കുമാരനാശാന്റെ വാക്കുകൾക്ക് ഏറെ പ്രാധാന്യം നൽകി മാറ്റുവിൻ ചട്ടങ്ങളെ സ്വയം അല്ലെങ്കിൽ മാറ്റും അതുകളിനിങ്ങളെത്താൻ ഈ തിരിച്ചറിവിനെയാണ് ഇന്ന് കമ്മ്യൂണിസ്റ്റ് നേതാക്കൻമാരായ പിണറായി വിജയനും, വി.എസ്.അച്ചുതാനന്ദനുമൊക്കെ അതിരൂഷമായ ഭാഷയിൽ വിമർശിക്കുന്നത്."
കത്തോലിക്കാ കോൺഗ്രസിന്റെ യുവജനവിഭാഗം നേതാവായിരുന്ന മനോജ് കുരിശിങ്കലിനെ ആലപ്പുഴ പാർലമെന്റ് സീറ്റിൽ നിറുത്തി മത്സരിച്ചപ്പോൾ തീരദേശങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ തൊപ്പിയും വച്ച് വള്ളത്തിന്റെ അമരത്ത് നിൽക്കുന്ന മനോജിനെ മനോജ് കുരിശിങ്കലെന്നും അവിടെ നിന്നും കയർഫാക്ടറി മേഖലയിൽ വന്നപ്പോൾ ഉടുത്തിരുന്ന ഡബിൾമുണ്ടിന്റെ ഒരു തല കയ്യിൽപ്പിടിച്ചുകൊണ്ടു നടക്കുന്ന മനോജിനെ ഡോ.കെ.എസ്.മനോജ് എന്നും പോസ്റ്റർ അടിച്ചു വോട്ടുവാങ്ങിയത് മതേതരത്വമോ? ന്യൂനപക്ഷ പ്രീണനമോ? എന്നിട്ട് ഇപ്പോൾ ആ മനോജ് എവിടെയാണ് പാർട്ടിയിൽ ഉണ്ടോ? അതുപോലെ മുസ്ലീമിനെ സ്വാധീ നിക്കാൻ കൊണ്ടുവന്ന എ.പി. അബ്ദുള്ളക്കുട്ടി എന്ന കമ്മ്യൂണിസ്റ്റുകാരൻ ഇപ്പോൾ എവിടെയാണ്. എറണാകുളത്തെ ക്രിസ്ത്യൻ വോട്ടുകൾക്കു വേണ്ടി മത്സരിപ്പിച്ച സിന്ധു ജോയിയെ കണ്ടുപിടിച്ച് മതേതരത്വം പറയിക്കാമോ?
വിദ്യകൊണ്ടു സ്വതന്ത്രരാകുവാൻ ഉദ്‌ബോധിപ്പിച്ച ശ്രീനാരായണഗുരുവിന്റെ നാമധേയത്തിലുള്ള കണ്ണൂർ എസ്.എൻ കോളേജിൽ നാക്കിന്റ ഇൻസ്‌പെക്ഷൻ ടീം വന്നപ്പോൾ എസ്.എഫ്.ഐ ക്കാരെ കൊണ്ട് അവരെ തടഞ്ഞ് ആ കോളേജിന് സ്വയംഭരണ സർവ്വകലാശാല പദവി തടഞ്ഞത് തൊട്ടടുത്തുള്ള കോഴിക്കോട് ഫറൂക്ക് കോളേജിന് ആ പദവി ലഭിക്കാൻ വേണ്ടിയായിരുന്നില്ലേ? ശ്രീനാരായണ കോളേജുകളിൽ മാത്രം വിദ്യാർത്ഥികളെക്കൊണ്ടു കലാപമുണ്ടാക്കി അവിടെ സംഘർഷാവസ്ഥ സൃഷ്ടിച്ചു ഈ സമുദായത്തിന് നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിന് തടസം സൃഷ്ടിക്കുമ്പോൾ ഏതൊക്കെ ന്യൂനപക്ഷ കോളേജുകളിലുണ്ട് ഇത്തരം സമരാഭാസങ്ങൾ.
എസ്.എൻ.ഡി.പി യോഗമാണ് പരമ്പരാഗത ഇടതുപക്ഷ വിശ്വാസികളിലെ നയവ്യതിയാനത്തിനു കാരണം എന്നു പറഞ്ഞു കൊണ്ട് യോഗത്തിനും യോഗനേതൃത്വത്തിനുമെതിരെ വിഷം ചീറ്റുന്ന നേതാക്കൻമാർ ഒന്നു ചിന്തിക്കുക. പശ്ചിമ ബംഗാളിൽ ഇടതുപക്ഷ അടിത്തറ തകർന്നു തരിപ്പണമായത് എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനമാണോ? ദിവസവും ഇപ്പോൾ നൂറ്റിയൊന്നാവർത്തിച്ച് മൊഴിഞ്ഞുകൊണ്ടിരിക്കുന്ന മതേതരത്വം എന്ന വാക്കിനോട് നീതി പുലർത്തി പ്രവർത്തിച്ചിട്ടുണ്ട് എന്ന് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ പറയുവാൻ കഴിയുമോ? സ്വകാര്യലാഭത്തിനു വേണ്ടി ഗുരുദേവദർശനങ്ങളെ യോഗനേതാക്കൻമാർ വക്രീകരിക്കുന്നു എന്ന് ആക്ഷേപിക്കുന്ന നിങ്ങൾ, എന്തിനു വേണ്ടിയായിരുന്നു 17 കേസുകളിൽ പെട്ട് ജയിലിൽ നിന്ന് പരോളനുവദിച്ചു വന്ന അബ്ദുൾനാ ർ മദനിയുടെ വരവും കാത്ത് രണ്ടര മണിക്കൂർ സമയം കരുനാഗപ്പള്ളിയിൽ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റി വച്ച് കാത്തിരുന്നത് ?
അരുവിക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ അടിയൊഴുക്കിന്റെ യഥാർത്ഥ ചിത്രം മനസിലാക്കിയ കാനം രാജേന്ദ്രൻ ഉള്ളതു പറഞ്ഞപ്പോൾ അതിനെ പ്രതിക്രിയവാദമെന്നും, അന്തർധാരയെന്നും, വലതുപക്ഷ പിന്തിരിപ്പൻശക്തികളുമെന്നുള്ള വാചക കസർത്തിനുമപ്പുറം കാലത്തിന്റെ ചുവരെഴുത്ത് വായിക്കുവാനുള്ള തിരിച്ചറിവ്ഉണ്ടായിരിക്കണം നേതാക്കൻമാർക്ക്. നിരവധി തവണ എസ്.എൻ.ഡി.പി യോഗം പറഞ്ഞിരുന്നന്യൂനപക്ഷപ്രീണനം ഇന്ന് രാഷ്ട്രീയ കേരളവും പൊതുസമൂഹവും ശരിവച്ചിരിക്കുന്നു. ഇതിന് പരിഹാരം ഉണ്ടാക്കേണ്ടത് ബന്ധപ്പെട്ടവരുടെ കടമയാണ് അതു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ്.
ഞങ്ങൾ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് എതിരല്ല. ന്യൂനപക്ഷ പ്രീണനമാണ് ഭൂരിപക്ഷത്തിന്റെ കൊഴിഞ്ഞുപോക്കിനു കാരണം. ഇത് തടഞ്ഞു നിർത്തുവാനുള്ള കർമ്മപദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്നാണ് ഞങ്ങൾ ഇതിലൂടെ ആഗ്രഹിക്കുന്നത്. ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ ഹിന്ദുക്കളാണെന്ന തിരിച്ചറിവ് പാർട്ടിക്കുണ്ടാവണം. അതിന് തയ്യാറായില്ലെങ്കിൽ കാലത്തിന്റെ കുത്തൊഴുക്കിൽ പലതും നാമാവശേഷമാവും......
അടിച്ചമർത്തലുകൾ ഒരു പരിധിക്കപ്പുറം നിലനിൽക്കില്ല...... " Article Credits JanamTV